കേരളത്തിലേക്കുളള വാക്‌സിന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പുറപ്പെട്ടു; ഉച്ചയോടെ എത്തും

കേരളത്തിലേക്കുളള വാക്‌സിന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പുറപ്പെട്ടു; ഉച്ചയോടെ എത്തും

തിരുവനന്തപുരം: കേരളത്തിലേക്കുളള കൊവിഷീല്‍ഡ് വാക്‌സിന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പുറപ്പെട്ടു. ഉച്ചയോടെ ആദ്യ ബാച്ച് നെടുമ്പാശേരിയിലെത്തും. എറണാകുളം- 1,80,000, തിരുവനന്തപുരം– 1,34000, കോഴിക്കോട്– 1, 19, 500 ഡോസുകള്‍ വീതമെത്തും. ശീതീകരണ സംവിധാനമുള്ള പ്രത്യേക വാഹനത്തിൽ ഇത് കൊച്ചി റീജണൽ സ്റ്റോറിൽ സൂക്ഷിക്കും. മലബാർ മേഖലയിലേക്കടക്കം വിതരണംചെയ്യാനാണിത്. 4,35,500 ഡോസ് മരുന്നാണ് കേരളത്തിന് അനുവദിച്ചിട്ടുള്ളത്.

ആദ്യ ഘട്ടത്തിൽ  കോവിഷീൽഡ് വാക്സീന്റെ 4.33 ലക്ഷം ഡോസാണ് വിതരണത്തിനെത്തുന്നത്. കോവിഡ് മഹാമാരി രാജ്യത്ത് ആദ്യമായി സ്ഥിരീകരിച്ച കേരളത്തിൽ ഇനി വാക്സീൻ പ്രതിരോധത്തിന്റെ നാളുകളാണ് . ആദ്യ ബാച്ച് വാക്സീൻ നെടുമ്പാശേരിയിലെത്തുമ്പോൾ കലക്ടറും ആരോഗ്യ വകുപ്പ് ഉന്നതോദ്യോഗസ്ഥരും ചേർന്ന് സ്വീകരിക്കും. തുടർന്ന് ശീതീകരണ സംവിധാനമുള്ള പ്രത്യേക വാഹനത്തിൽ  കൊച്ചി റീജിയണൽ സ്‌റ്റോറിൽ എത്തിച്ച് സൂക്ഷിക്കും . വൈകിട്ട് ആറിന് രണ്ടാമത്തെ ബാച്ച് വാക്സീനുമായി  വിമാനം തിരുവനന്തപുരത്തെത്തും.

തിരുവനന്തപുരത്തെ റീജണൽസ്റ്റോറിലേക്ക് മാറ്റുന്ന ഇത് 14-ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്ക് നൽകും. തിരുവനന്തപുരം ജില്ലയ്ക്കാവശ്യമായവ 15-ന് വിതരണകേന്ദ്രങ്ങളിലെത്തിക്കാനുമാണ് തീരുമാനിച്ചിട്ടുള്ളത്. സംസ്ഥാനമെമ്പാടുമായി 113 കേന്ദ്രങ്ങളിലാണ് പ്രതിരോധമരുന്ന് നൽകുന്നത്. 3,59,549 ആരോഗ്യപ്രവർത്തകരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സര്‍ക്കാര്‍ മേഖലയിലെ 1,70,259 പേരും സ്വകാര്യ മേഖലയിലെ 1,92,611 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

മേഖലാ സ്‌റ്റോറുകളിൽ സൂക്ഷിക്കുന്ന വാക്സീൻ നാളെയും മറ്റന്നാളുമായി വിവിധ ജില്ലകളിലെ വിതരണ കേന്ദ്രങ്ങളിലെത്തിക്കും.  16 നാണ് കുത്തിവയ്പിനു തുടക്കം. ഏത് കേന്ദ്രത്തിൽ എപ്പോഴെത്തണമെന്ന് ആരോഗ്യ പ്രവർത്തകർക്ക് മൊബൈൽ സന്ദേശം ലഭിക്കും. ഇടതു തോളിലാണ് വാക്സീനെടുക്കുന്നത്. 28 ദിവസത്തെ ഇടവേളയ്ക്കുശേഷം രണ്ടാമത്തെ ഡോസ് കുത്തിവയ്പെടുക്കണം. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കോവി ഡ് ബാധിച്ച് നാലാഴ്ച കഴിയാത്തവർ, ലക്ഷണങ്ങളുള്ളവർ എന്നിവരെ ഒഴിവാക്കും.

Leave A Reply
error: Content is protected !!