റോഡ് നന്നാക്കണം : ഓരോ ദിവസവും നിരത്തിൽ പൊലിഞ്ഞു വീഴുന്നത് നൂറു കണക്കിന് ജീവനുകൾ

റോഡ് നന്നാക്കണം : ഓരോ ദിവസവും നിരത്തിൽ പൊലിഞ്ഞു വീഴുന്നത് നൂറു കണക്കിന് ജീവനുകൾ

നമ്മുടെ നിരത്തിൽ ഓരോ ദിവസവും പൊലിഞ്ഞു വീഴുന്നത് നൂറു കണക്കിന് ജീവനുകൾ .
ലോക്ക് ഡൗൺ കാലത്തെ ചെറിയ ഇടവേളയ്ക്കുശേഷം സംസ്ഥാനത്തു വാഹനാപകടങ്ങൾ ക്രമാധീതമായി വർധിച്ചുവരികയാണ്.

കൂടുതൽ ആളുകൾ മരിക്കുന്ന അപകടങ്ങൾ മാത്രമേ വാർത്തയാകാറുള്ളു എന്നതിനാൽ വാഹനാപകടങ്ങളുടെ കൃത്യമായ കണക്കുകൾ പൊതുജനങ്ങൾക്കു ലഭ്യമാകുന്നില്ല . കഴിഞ്ഞദിവസം കൊട്ടാരക്കര പനവേലിയിൽ ബസും കാറും കൂട്ടിയിടിച്ചു ദമ്പതികൾ മരിച്ചു .

കർണാടക അതിർത്തിയോടു ചേർന്ന് പാണത്തൂർ- സുള്ള്യ അന്തർസംസ്ഥാന പാതയിലെ പരിയാരത്ത് കർണാടകത്തിൽനിന്നുള്ള വിവാഹസംഘം സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് ഏഴുപേർ മരിക്കുകയും 46 പേർക്കു പരിക്കേൽക്കുകയുംചെയ്തു.

ഏതാനും ദിവസംമുന്പ് മണ്ണുത്തി- പാലക്കാട് ദേശീയ പാതയിലെ കുതിരാനിൽ നിയന്ത്രണംവിട്ട ലോറി വാഹനങ്ങളിൽ ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മൂന്നുപേർ മരിക്കുകയും നിരവധിപേർക്കു പരിക്കേൽക്കുകയും ചെയ്തു .

ഇത്തരം വലിയ അപകടങ്ങളുണ്ടാകുന്പോൾ അധികാരികൾ ചിലപ്പോൾ ശ്രദ്ധിക്കുകയും നടപടികൾ കൈക്കൊള്ളുമെന്നു പ്രഖ്യാപിക്കുകയും ചെയ്യാറുണ്ടെങ്കിലും അത് കഴിഞ്ഞു കാര്യങ്ങളൊക്കെ പഴയപടിതന്നെ മുന്നോട്ടുപോകു ന്നതാണു യാഥാർഥ്യം.

2020-ൽ കേരളത്തിലുണ്ടായ വാഹനാപകടങ്ങളുടെ കൃത്യമായ കണക്കുകൾ ലഭ്യമായി വരുന്നതേയുള്ളു. കേരള റോഡ് സേഫ്റ്റി അഥോറിറ്റിയുടെ കണക്കുപ്രകാരം 2019-ൽ സംസ്ഥാനത്തു 41,153 വാഹനാപകടങ്ങൾ ഉണ്ടാവുകയും അതിൽ 4,408 പേർ മരിക്കുകയും ചെയ്തു.

2018-ൽ 40,181 വാഹനാപകടങ്ങളും 4,303 മരണങ്ങളും ഉണ്ടായ സ്ഥാനത്താണിത്. 2001-ൽ 88,361 അപകടങ്ങളും 2674 മരണങ്ങളും ഉണ്ടായ നിലയിൽനിന്നാണ് മരണനിരക്കിലെ ഈ വൻവർധന. 2019-ൽ വാഹനാപകടങ്ങളുടെ എണ്ണത്തിൽ രാജ്യത്തു നാലാമതാണു കേരളത്തിന്‍റെ സ്ഥാനം.

കേന്ദ്ര ഗതാഗതമന്ത്രാലയത്തിന്‍റെ കണക്കുപ്രകാരം പല വർഷങ്ങളിലും രാജ്യത്തുണ്ടാകുന്ന വാഹനാപകടങ്ങളിൽ 9.2 ശതമാനവും കേരളത്തിലാണ്. തമിഴ്നാട്, മധ്യപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ വലിയ സംസ്ഥാനങ്ങളിലാണ് താരതമ്യേന ചെറിയ സംസ്ഥാനമായ കേരളത്തെക്കാൾ കൂടുതൽ വാഹനാപകടങ്ങൾ 2019-ൽ ഉണ്ടായത്.

വാഹനാപകടങ്ങൾ കുറയ്ക്കുന്ന കാര്യത്തിൽ സംസ്ഥാനത്തു കൂടുതൽ ബോധവത്കരണവും സത്വരനടപടികളും ആവശ്യമാണ് .

കേരളത്തിലെ റോഡുകളിൽ വാഹനപരിശോധനകളും വേഗനിയന്ത്രണ സംവിധാനങ്ങളുമെല്ലാം വർധിപ്പിച്ചു. ചിലയിടങ്ങളിൽ രാത്രികാലത്തെ പോലീസിന്‍റെ വാഹനപരിശോധനകൾ പൊതുജനങ്ങൾക്കു ശല്യമാകുന്നവിധത്തിൽ കൂടുതലാണെന്നും പരാതിയുയരുന്നുണ്ട് .

മോട്ടോർ വാഹന വകുപ്പുകാരുടെ പരിശോധനകൾ വേറെയും . ഇതെല്ലാമുണ്ടായിട്ടും വാഹനാപകടങ്ങളും മരണങ്ങളും വർധിക്കുന്നതു നമ്മുടെ നിരീക്ഷണരീതിയിൽ എന്തോ കുഴപ്പമുണ്ട് എന്നല്ലേ സൂചിപ്പിക്കുന്നത്? അങ്ങനെയാണെങ്കിൽ അതു പരിശോധിച്ചു തിരുത്തൽ വരുത്തണം.

സംസ്ഥാനത്തെ റോഡുകളിലുണ്ടായ വാഹനപ്പെരുപ്പത്തിന് ആനുപാതികമായ റോഡ് സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിട്ടില്ല. ദേശീയപാതകളും സംസ്ഥാനപാതകളും മിക്കതും വീതികൂട്ടിയിട്ടുണ്ടെങ്കിലും അതൊക്കെ അപര്യാപ്തമായ വിധത്തിലാണ് വാഹനങ്ങളുടെ എണ്ണപ്പെരുപ്പം.

നല്ല വേഗം ലഭിക്കുന്ന ആധുനിക വാഹനങ്ങളുമായി നിരത്തിലിറങ്ങുന്ന പലരും റോഡിന്‍റെ നിലവാരം നോക്കാതെ കുതിച്ചുപായുന്നത് അപകടത്തിലെത്തിക്കുന്നു. പ്രാഥമിക ട്രാഫിക് നിയമങ്ങൾപോലും പാലിക്കാതെയാണു പലരുടെയും യാത്ര .

ഇടതുവശത്തുകൂടെ ഓവർടേക്കിംഗ് അനുവദിച്ചിട്ടില്ലെങ്കിലും തിരക്കുള്ള റോഡുകളിലും നഗരങ്ങളിലും ഇടതുവശത്തുകൂടെ ഓവർടേക്കിംഗ് നടത്തുന്ന ഇരുചക്രവാഹനക്കാരും ഓട്ടോറിക്ഷക്കാരും ധാരാളമാണ് . പോലീസ് ഇതു കണ്ടാലും ഗൗനിക്കാറില്ല.

എന്നിട്ട് അപകടമുണ്ടായാൽ കുറ്റം വലിയ വാഹനത്തിന്‍റെ ഡ്രൈവറിൽ ചാർത്തും. രാത്രിയിൽ എതിരേ വാഹനം വരുന്പോൾ ലൈറ്റ് ഡിം ചെയ്യണമെന്ന ചട്ടവും പാലിക്കുന്നവർ കുറഞ്ഞുവരുന്നു. എതിരേ വരുന്ന വാഹനത്തിന്‍റെ തീവ്രപ്രകാശമേറ്റ് കാഴ്ച മങ്ങി അപകടങ്ങളുണ്ടാകുന്നതു ഏറെയാണ് .

റോഡുകളുടെ അറ്റകുറ്റപ്പണികൾ യഥാസമയം നടത്താത്ത അധികൃതരുടെ അനാസ്ഥയാണ് അപകടങ്ങൾക്കു മറ്റൊരു കാരണം. റോഡിലെ കുഴികളിൽ ചാടി അപകടത്തിൽപ്പെട്ടു മരിച്ച ഇരുചക്ര വാഹനക്കാരുടെ എണ്ണം ഒട്ടും കുറവല്ല.

പാതയോരങ്ങളിലെ കാടുകൾ വെട്ടിത്തെളിച്ചിരുന്നെങ്കിൽ എത്രയോ അപകടങ്ങൾ ഒഴിവാക്കാമായിരുന്നു. പൈപ്പിടാനും കേബിളിടാനും റോഡുകൾ വെട്ടിപ്പൊളിച്ചിടുന്ന മറ്റു വകുപ്പുകാരും നിരത്തുകളിൽ ഇല്ലാതാകുന്ന ജീവനുകൾക്ക് ഉത്തരം പറയാൻ ബാധ്യസ്ഥരാണ്.

കുതിരാനിൽ അപകടമുണ്ടായതു ലോറിയുടെ അമിതവേഗംകൊണ്ടോ ബ്രേക്ക് നഷ്ടപ്പെട്ടതുകൊണ്ടോ ആകാമെങ്കിലും റോഡിന്‍റെ നിർമാണം പൂർത്തിയാകാതിരുന്നതുമൂലമുള്ള വാഹനത്തിരക്കാണ് അപകടത്തിന്‍റെ വ്യാപ്തി വർധിപ്പിച്ചത്.

അനാസ്ഥകൾക്കും കൃത്യവിലോപങ്ങൾക്കുമൊക്കെ വിലകൊടുക്കേണ്ടിവരുന്നതു മനുഷ്യജീവനുകളാണ് . മഹാമാരി കവർന്നെടുത്തതിനെക്കാൾ കൂടുതൽ ജീവനുകൾ നിരത്തുകളിൽ പൊലിയുന്നു .

Leave A Reply

error: Content is protected !!