കോൺഗ്രസിൽ സീറ്റ് മോഹികളുടെ പരക്കം പാച്ചിൽ : തിരുവല്ലയിൽ പി ജെ കുര്യൻ ; മാത്യു ടി തോമസ് മാറി നിന്നേക്കും

കോൺഗ്രസിൽ സീറ്റ് മോഹികളുടെ പരക്കം പാച്ചിൽ : തിരുവല്ലയിൽ പി ജെ കുര്യൻ ; മാത്യു ടി തോമസ് മാറി നിന്നേക്കും

കോൺഗ്രസിൽ പഴയതുപോലെ സീറ്റ് മോഹികളുടെ പരക്കം പാച്ചിൽ തുടങ്ങി . ഡൽഹിയിലും തിരുവനന്തപുരത്തുമായി ഓടി നടക്കുകയാണ് ഇക്കൂട്ടർ . മണ്ഡലത്തിലെ ജാതി സമവാക്യങ്ങളും പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വോട്ട് നിലവാരവും എല്ലാം കൊണ്ടാണ് പരക്കം പാച്ചിൽ .

അതേസമയം നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടക്കുകയാണ് യു.ഡി.എഫ്.  11-ന് മുന്നണി നേതൃയോഗം ചേർന്ന് ഘടകകക്ഷികളുമായുള്ള സീറ്റുചർച്ചയുടെ തീയതി നിശ്ചയിക്കും. ജനുവരിയിൽത്തന്നെ സീറ്റും സ്ഥാനാർഥികളെയും സംബന്ധിച്ച ഏകദേശ ധാരണയുണ്ടാക്കാനാണ് ശ്രമം.

തിരഞ്ഞെടുപ്പിനായി മുന്നണിയെ ഒരുക്കുന്നതിന് പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തിൽ യു.ഡി.എഫ്. സംസ്ഥാന ജാഥ നടത്തും . ഫെബ്രുവരിയിൽ ജാഥ നടത്താനാണ് ഉദ്ദേശിക്കുന്നത്. എല്ലാ നിയമസഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന തരത്തിൽ ആസൂത്രണംചെയ്യുന്ന ജാഥാ പര്യടനത്തോടെ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും തുടക്കമാകും.

കൂട്ടായനേതൃത്വം വേണമെന്ന കോൺഗ്രസ്സ് ഹൈക്കമാൻഡ് നിർദേശം കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും ഒരുമിച്ച് നീങ്ങാനാണ് ധാരണ. ഉമ്മൻ ചാണ്ടി കോൺഗ്രസ് പ്രചാരണസമിതി അധ്യക്ഷനാകണമെന്ന നിർദേശം ഹൈക്കമാൻഡ് മുന്നോട്ടുവെച്ചിരുന്നു.

ഇക്കാര്യത്തിൽ ഉമ്മൻ ചാണ്ടിയുടെ മനസ്സറിയാൻ മുല്ലപ്പള്ളി അദ്ദേഹത്തെ സന്ദർശിച്ചെങ്കിലും ഒരുസ്ഥാനവും ഇല്ലാതെതന്നെ താൻ സജീവമാണല്ലോ എന്ന മറുപടിയിൽ ഉമ്മൻ ചാണ്ടി ഉറച്ചുനിൽക്കുകയാണ്.

അതുപോലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ രാജിവെച്ച്‌ മത്സരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിലക്കി . എംപിമാര്‍ക്ക് എംഎല്‍എ സ്ഥാനത്തേക്ക് മത്സരിക്കാന്‍ അനുമതി നല്‍കേണ്ടെന്ന് ഹൈക്കമാന്‍ഡില്‍ ധാരണയായി. പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് അംഗസംഖ്യ കുറയ്ക്കാനാവില്ല എന്നാണ് ഹൈക്കമാന്‍ഡിന്റെ നിലപാട്.

2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 52 സീറ്റ് മാത്രം നേടിയ കോണ്‍ഗ്രസിന് എംപിമാരെ തിരികെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് അയയ്ക്കാനാവാത്ത സ്ഥിതിയാണെന്നു ഹൈക്കമാന്‍ഡ് വ്യക്തമാക്കി. കേരളത്തിനൊപ്പം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാള്‍, അസം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലും ഇളവു വേണ്ടെന്നാണ് നിലവിലെ ധാരണ.

എംപിമാരില്‍ ചിലര്‍ കേരളത്തില്‍ മത്സരിക്കുമെന്ന സൂചനകള്‍ നേരത്തെയുണ്ടായിരുന്നു. പ്രധാനമായും കെ മുരളീധരന്റെയും കെ സുധാകരന്റെയും കൊടിക്കുന്നിൽ സുരേഷിന്റെയും പേരുകളാണ് ഉയര്‍ന്നുകേട്ടത്. ഒപ്പം അടൂര്‍ പ്രകാശും ബെന്നി ബെഹനാനും മത്സരിക്കും എന്നൊക്കെ സൂചനകളുണ്ടായിരുന്നു.

മുതിര്‍ന്ന നേതാക്കള്‍ മത്സരിച്ചാലേ ചില മണ്ഡലങ്ങളിലൊക്കെ വിജയസാദ്ധ്യതയുള്ളു എന്ന വിലയിരുത്തലുകളും വന്നിരുന്നു. അതു കൊണ്ടൊക്കെ എംപിമാര്‍ അവിടങ്ങളില്‍ മത്സരിക്കും എന്നായിരുന്നു ഉയര്‍ന്നുകേട്ട അഭ്യൂഹം.

അതേസമയം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവല്ലയില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും. ഇതു സംബന്ധിച്ച്‌ പാര്‍ട്ടി നേതൃത്വത്തില്‍ ധാരണയായതായാണ് സൂചന. മാര്‍ത്തോമാ സഭയുടെ ശക്തികേന്ദ്രമായ മണ്ഡലത്തില്‍ കുര്യനെ സ്ഥാനാര്‍ഥിയാക്കുന്നതിന് സഭാനേതൃത്വവും പച്ചക്കൊടി കാട്ടിയിട്ടുണ്ട്.

സ്ഥാനാര്‍ഥിത്വം സംബന്ധിച്ച്‌ കുര്യന്‍ സഭാനേതൃത്വവുമായി കൂടിയാലോചനകള്‍ നടത്തിയതായാണ് അറിയുന്നത്. നിലവില്‍ മാത്യു ടി തോമസ് ആണ് തിരുവല്ല എംഎല്‍എ. രണ്ടു മാര്‍ത്തോമാക്കാര്‍ തമ്മില്‍ മത്സരിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന നിര്‍ദേശം സഭാ നേതൃത്വം മുന്നോട്ടുവച്ചു.

ഇതേ നിര്‍ദേശം ഇടതു മുന്നണി നേതൃത്വത്തിനും സഭാനേതൃത്വം കൈമാറിയിട്ടുണ്ടെന്നാണ് സൂചനകള്‍. 2006 മുതല്‍ മാത്യു ടി തോമസാണ് തിരുവല്ലയില്‍ നിന്നുള്ള നിയമസഭാംഗം. ഇക്കുറി മാത്യു ടി തോമസ്  മത്സരിക്കില്ലന്നും യുവജനങ്ങൾക്കായി മാറികൊടുക്കുമെന്നാണ് അദ്ദേഹം തന്നെ നൽകുന്ന സൂചനകൾ .

യുഡിഎഫില്‍ ആയിരുന്ന കാലത്ത് കേരള കോണ്‍ഗ്രസ് മാണി വിഭാഗം സ്ഥിരമായി മത്സരിച്ചിരുന്ന സീറ്റാണ് തിരുവല്ല. 1991 മുതല്‍ കേരള കോണ്‍ഗ്രസിലെ ശക്തനായിരുന്ന മാമ്മന്‍ മത്തായിയും അദ്ദേഹത്തിന്റെ മരണത്തെത്തുടര്‍ന്നു നടന്ന ഉപതെരഞ്ഞെടുപ്പില്‍ 2003ല്‍ എലിസബത്ത് മാമ്മന്‍ മത്തായിയും തിരുവല്ലയുടെ പ്രതിനിധികളായി.

2006ല്‍ കേരള കോണ്‍ഗ്രസിലെ വിക്ടര്‍ ടി തോമസിനെ തോല്‍പ്പിച്ചാണ് മാത്യു ടി തോമസ് മണ്ഡലം തിരിച്ചു പിടിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജോസഫ് എം പുതുശ്ശേരിയായിരുന്നു എതിരാളി. മാണി ഗ്രൂപ്പ് എല്‍ഡിഎഫില്‍ എത്തിയ സാഹചര്യത്തില്‍ തിരുവല്ല അവര്‍ക്കു നല്‍കാന്‍ ഇടയുണ്ടെന്നാണ് സൂചനകള്‍.

ഇതോടെ രണ്ടു മാര്‍ത്തോമാ വിഭാഗക്കാര്‍ മത്സരിക്കുന്ന സാഹചര്യം ഒഴിവാകുമെന്നത് അനുകൂല ഘടകമായി കുര്യനോട് അടുപ്പമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.

രാജ്യസഭാ ഉപാധ്യക്ഷനായിരുന്ന പിജെ കുര്യന് കാലാവധി പൂര്‍ത്തായയതിനെത്തുടര്‍ന്ന് കഴിഞ്ഞ തവണ കോണ്‍ഗ്രസ് സീറ്റ് നിഷേധിക്കുകയായിരുന്നു. കേരള കോണ്‍ഗ്രസിനുള്ള അനുനയ പാക്കേജിന്റെ ഭാഗമായി രാജ്യസഭാ സീറ്റ് അവര്‍ക്കു നല്‍കിയപ്പോള്‍ കുര്യന്‍ പുറത്തായി.

ഇതിനെതിരെ കുര്യന്‍ പരസ്യ പ്രതിഷേധം പ്രകടിപ്പിച്ചെങ്കിലും കൂടുതല്‍ കലഹത്തിലേക്കു നീങ്ങിയില്ല. 1980 മുതല്‍ 1999 വരെ തുടര്‍ച്ചയായി ആറു ലോക്‌സഭകളില്‍ അംഗമായിരുന്ന കുര്യന്‍ 2005ലാണ് രാജ്യസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്.

Leave A Reply

error: Content is protected !!