ഹലാൽ എന്ന് കേൾക്കുമ്പോൾ എന്തിന് കുരുപൊട്ടുന്നു ഹലാലും ഹറാമും ഇസ്‌ലാമിയന് മാത്രമുള്ളതല്ല

ഹലാൽ എന്ന് കേൾക്കുമ്പോൾ എന്തിന് കുരുപൊട്ടുന്നു ഹലാലും ഹറാമും ഇസ്‌ലാമിയന് മാത്രമുള്ളതല്ല

ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഒരു വാക്കാണ് ഹലാൽ. ഹലാൽ എന്ന് കേൾക്കുമ്പോൾ പലർക്കും അസ്വസ്ഥതയുണ്ടാകുന്നു . പല്ല് തേക്കാനുള്ള നമ്പൂതിരീസ് പൊടിയിലും നെയ്ച്ചോറിന് ഉപയോഗിക്കുന്ന RKG നെയ്യിലും നായർ പുട്ടുപൊടിയിലും റാം രാജ് മുണ്ടുകളിലും ബ്രാഹ്മൺസ് അച്ചാറിലും ഒന്നും വർഗീയതയോ വിഭാഗീയതോ കാണാതെ ഉപയോഗിച്ചു വന്ന കേരളക്കാർക്ക് ഹലാൽ എന്ന് കേൾക്കുമ്പോൾ എന്തിനാണ് അസ്വസ്ഥതയുണ്ടാവേണ്ട കാര്യമെന്നാണ് പലരുടെയും ചോദ്യം .

അറുത്ത മാംസമേ കഴിക്കാവൂ എന്നാണ് ഇസ്‌ലാം പറഞ്ഞിരിക്കുന്നത് . മത്സ്യം, ജറാദ് അതായത് വെട്ടുകിളി ഇവ മാത്രമാണ് ചത്തതിനെ കഴിക്കാൻ പറ്റൂ. അറുക്കാത്ത ജീവിയുടെ മാംസം ശവമായിട്ടാണ് പരിഗണിക്കുക.
കഴുത്ത് ഞെരിച്ചു കൊന്നതിനെയും തലക്കടിച്ചു കൊന്നതിനേയും തിന്നരുത് എന്നാണ് വിശ്വാസികളോടുള്ള ആജ്ഞ.

ഒരു കോഴിയെ ഒരു മുസ്ലിം കഴുത്ത് ഞെരിച്ച് കൊന്നാലും അതിൻ്റെ മാംസം കഴിക്കുന്നത് ഹറാമാണ്.
ഹലാലായ ഭക്ഷണം കഴിക്കൽ ഒരു മുസ്ലിമിൻ്റെ ബാധ്യത മാത്രമല്ല വിശ്വാസം കൂടിയാണ് .

കട്ട മുതൽ, പിടിച്ചു പറിച്ച മുതൽ, പലിശ, ഹറാമായ മാർഗ്ഗത്തിൽ സമ്പാദിച്ച മുതൽ, വഞ്ചിച്ചു കൈപ്പറ്റിയ ധനം ഇതൊക്കെ ഇസ്‌ലാമിയന് നിഷിദ്ധമാണ്.

അതെ പോലെ ചത്ത മൃഗങ്ങളുടെ ഇറച്ചിയും കഴിക്കാൻ പാടില്ല. ഹോട്ടലുകളിൽ ചത്ത മൃഗങ്ങളുടെയും അറുത്ത മൃഗങ്ങളുടെയും മാംസം വിളമ്പാറുണ്ട്. അവിടെ വിളമ്പുന്നത് ചത്തതാണോ, അറുത്തതാണോ എന്ന് ഭക്ഷണം കഴിക്കാൻ ചെല്ലുന്ന ആൾക്കറിയില്ല.

അതു കൊണ്ടാണ് അറുത്ത മാംസമാണ് ഇവിടെ വിളമ്പുന്നത് എന്ന് വ്യക്തമാക്കുന്ന ബോർഡ് വെക്കുന്നത്.
അറുത്തതേ കഴിക്കൂ എന്ന് നിഷ്കർഷതയുള്ളവർക്ക് അതിനുള്ള സൗകര്യം എന്നതിൽ കവിഞ്ഞ് ഇതിലെന്താണിത്ര പ്രശനമാക്കാനുള്ളത് ?

സംഘികളായ പലരും ഗൾഫിലേക്ക് എക്സ്പോർട്ട് ചെയ്യുന്ന ബീഫ് പാക്കറ്റിൽ പോലും കാണാം ഹലാൽ മുദ്ര..
ഹലാൽ എന്നാൽ അനുവദനീയം എന്നേ അർഥമുള്ളൂ.. പിന്നെ അറുക്കുന്ന സമയത്ത് ബിസ്മി ചൊല്ലൽ സുന്നത്താണ്. ബിസ്മി ചൊല്ലിയില്ലെങ്കിലും കുഴപ്പമില്ല, അറുത്തതായിരിക്കണം എന്നേയുള്ളൂ..

ശാസ്ത്രീയമായി പോലും അറുത്ത് ചോര വാർന്ന് പോയ മാംസമാണ് ആരോഗ്യകരമെന്ന് തെളിയിക്കപ്പെട്ടതുമാണ്.

ലൗ ജിഹാദ് എന്ന ഇല്ലാക്കഥയുണ്ടാക്കി വർഗ്ഗീ യാഗ്നി കത്തിക്കാൻ സമർഥമായി ഉപയോഗിച്ച പോലെ ഇപ്പോൾ ഹലാലും ഉപയോഗിക്കുകയാണ് സംഘികളെന്നാണ് സമൂഹ മാധ്യമങ്ങളിൽ പറയുന്നത് . ഹലാല്‍ ഭക്ഷണത്തിന്റെ പേരില്‍ എറണാകുളം പാറക്കടവ് കുറുമശ്ശേരിയിലെ മോഡി ബേക്കറിക്കെതിരേ ഹിന്ദു ഐക്യവേദി രംഗത്തുവന്നതും തുടര്‍ന്നുള്ള പ്രസ്താവനകളും ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്.

കേരളത്തിലെ ഹിന്ദു മുസ്ലിം ക്രിസ്ത്യൻ മനസ്സുകളിൽ വിഷം കുത്തിവെക്കാൻ ഓരോ ഉഡായിപ്പുമായി പലരും ഇറങ്ങുന്നത് മത സൗഹാർദവും പരസ്പര മൈത്രിയും വിശ്വാസപരമായ ബഹുമാനവും കാത്തു സൂക്ഷിച്ചു പോന്ന പാരമ്പര്യമുള്ള കേരളത്തെ വർഗ്ഗീയമായി ധ്രുവീകരിക്കാൻ വേണ്ടി മാത്രമാണ്.

ഇത്തരം കുത്സിത നീക്കങ്ങൾ മതേതര വിശ്വാസികൾ തിരിച്ചറിയേണ്ടതുണ്ട്.
വർഗ്ഗീയത ഏശാതെ പോയ കേരളത്തിൽ അതിനുള്ള കിണഞ്ഞ പരിശ്രമമാണ് പല കോണുകളിൽ നിന്നും വ്യാപകമായി നടക്കുന്നത്.

കേരളത്തിലെ മതേതര പരമ്പര്യം തകർക്കുക എന്ന ഗൂഢലക്ഷ്യം മാത്രമാണ് ഇത്തരം വിചിത്രമായ വാദ പ്രതിവാദ ങ്ങൾക്ക് പിന്നിലെന്ന് സാക്ഷര കേരളം തിരിച്ചറിയണം..

അതുപോലെ കാഞ്ഞിരപ്പള്ളി മുക്കൂട്ടുതറ സ്വദേശിനി ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെടുത്തി വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കം നടക്കുന്നതായും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നു .

ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ ഇപ്പോഴും സജീവമായി തുടരുകയാണ്. സുപ്രധാനമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അന്വേഷണസംഘങ്ങള്‍ പല ഘട്ടങ്ങളിലായി പറഞ്ഞിട്ടുമുണ്ട്.

എന്നാല്‍, കേസില്‍ തുറന്നുപറയാന്‍ കഴിയാത്ത ചില നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി അടുത്തിടെ വിരമിച്ച അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കെ ജി സൈമണ്‍ വ്യക്തമായിരുന്നു. ഈ വാദത്തെ ഉയര്‍ത്തിക്കാട്ടിയാണ് ഇപ്പോള്‍ സംഘപരിവാരവും ചില ക്രൈസ്തവ പ്രസ്ഥാനങ്ങളും സഹായത്തോടെ അഭ്യൂഹങ്ങളും കെട്ടുകഥകളും നിരത്തി പ്രചരിപ്പിക്കുന്നത്.

പെണ്‍കുട്ടി ഇസ്‌ലാം മതപഠന കേന്ദ്രത്തിലാണെന്നും ഗര്‍ഭിണിയാണെന്നുമുള്ള നുണപ്രചാരണങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ നടക്കുന്നത്. ഈ സാഹചര്യത്തില്‍ ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നിലവിലെ അന്വേഷണ പുരോഗതി സമൂഹത്തിന് മുന്നില്‍ തുറന്നുപറയാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

2018 മാര്‍ച്ച് 22ന് രാവിലെ 9.30ന് വീട്ടില്‍ നിന്ന് മുണ്ടക്കയത്തേക്കുപോയ മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകളായ ജെസ്നയെയാണ് പിന്നീട് കാണാതായത്. ആദ്യം ലോക്കല്‍ പോലിസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല.

വസ്തുത ഇതായിരിക്കെ, ലൗജിഹാദ് പ്രയോഗം വീണ്ടും ഉയര്‍ത്തിക്കാട്ടിയാണ് ഈ കേസില്‍ ചിലർ വര്‍ഗീയ മുതലെടുപ്പിന് ശ്രമിക്കുന്നത്. മാത്രമല്ല, കേരളത്തിന്റെ ആഭ്യന്തര വകുപ്പിനെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയുള്ള സംഘപരിവാര്‍ നീക്കവും അത്യന്തം അപകടകരമാണ്.

സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന മൃദുഹിന്ദുത്വ സമീപനമാണ് സംഘപരിപാരത്തിന് വളക്കുറൂള്ള മണ്ണായി കേരളത്തെ മാറ്റിയത്. നുണബോംബുകള്‍ പൊട്ടിച്ച് ഉത്തരേന്ത്യന്‍ മോഡല്‍ വര്‍ഗീയത കേരളത്തിലും പയറ്റാനുള്ള ആര്‍എസ്എസ് സംഘപരിവാർ നീക്കത്തിനെതിരേ ഇനിയെങ്കിലും സര്‍ക്കാര്‍ മൗനം വെടിയണം .

 

 

Leave A Reply

error: Content is protected !!