സി പി എം സ്ഥാനാര്‍ത്ഥിനിര്‍ണയ ചര്‍ച്ചകളിലേക്ക് : സി പി ഐ മന്ത്രിമാർ മത്സരത്തിന് ഉണ്ടാകില്ല

സി പി എം സ്ഥാനാര്‍ത്ഥിനിര്‍ണയ ചര്‍ച്ചകളിലേക്ക് : സി പി ഐ മന്ത്രിമാർ മത്സരത്തിന് ഉണ്ടാകില്ല

നിയമസഭ തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥിനിര്‍ണയ ചര്‍ച്ചകളിലേക്ക് സി പി എം കടക്കുന്നു. ജില്ലാ കമ്മിറ്റി യോഗങ്ങള്‍ക്കൊപ്പം അനൗപചാരികമായി സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളും തുടങ്ങിക്കഴിഞ്ഞു. ചില ജില്ലകളില്‍ ഘടകകക്ഷികളുമായുളള സീറ്റ് വച്ചുമാറ്റല്‍ സംബന്ധിച്ചും പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

പാര്‍ട്ടിയിലെ നിരവധി സിറ്റിംഗ് എം എല്‍ എമാരോട് മണ്ഡലങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സി പി എം നിര്‍ദേശം നല്‍കി. ഇവര്‍ക്കെല്ലാം സീറ്റ് ഉറപ്പാണ്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ മാതൃകയില്‍ പുതുമുഖങ്ങളെയും യുവാക്കളെയും രംഗത്തിറക്കാനാണ് പാര്‍ട്ടി പ്രധാനമായും ആലോചിക്കുന്നത്.

ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ അതത് ജില്ലകളുടെ ചുമതലയുളള സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്ക് പുറമേ ഒന്നോ രണ്ടോ മുതിര്‍ന്ന നേതാക്കള്‍ കൂടി പങ്കെടുക്കുന്നുണ്ട്. ഇവര്‍ ജില്ലകളിലെ മുതിര്‍ന്ന നേതാക്കളുമായി സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ആശയവിനിമയം നടത്തും .

ജില്ലാ കമ്മിറ്റി യോഗങ്ങള്‍ കഴിഞ്ഞാലുടന്‍ നിയമസഭാമണ്ഡല അടിസ്ഥാനത്തില്‍ കമ്മിറ്റികള്‍ രൂപവ‌ത്കരിക്കും. താഴേത്തട്ടിലേക്കും തിരഞ്ഞെടുപ്പ് കമ്മിറ്റികള്‍ ഉടന്‍ നിലവില്‍വരും. കേരള കോണ്‍ഗ്രസ് മാണി ക്ക്  ഉൾപ്പെടെ നല്‍കുന്ന സീറ്റുകളുടെ കാര്യത്തില്‍ പ്രാഥമിക ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.

ജെ ഡി എസ് പിളര്‍ന്നതും എല്‍ ജെ ഡി വന്നതുമെല്ലാം എല്‍ ഡി എഫിന് തലവേദനയാണ്. വടകര ഉള്‍പ്പടെയുളള സീറ്റുകളില്‍ എല്‍ ജെ ഡി അവകാശവാദം ഉന്നയിച്ച്‌ കഴിഞ്ഞു.

കഴിഞ്ഞ തവണത്തേതിന് സമാനമായി പൊതുസമ്മതരായ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥികള്‍ ഇത്തവണയും സി പി എമ്മിന് വേണ്ടി മത്സരത്തിനിറങ്ങുമെന്നാണ് ലഭിക്കുന്ന വിവരം. മുകേഷ്, വീണ ജോര്‍ജ്, നികേഷ് കുമാര്‍ അടക്കമുളളവര്‍ കഴിഞ്ഞതവണ സി പി എം സ്ഥാനാര്‍ത്ഥികളായിരുന്നു.

അതുപോലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് പരിഗണന നല്‍കാന്‍ തയ്യാറെടുടുക്കുകയാണ് സി പി ഐയും . പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പരീക്ഷിച്ച്‌ വിജയിച്ച ഫോര്‍മുല നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനാണ് നീക്കം.

മൂന്ന് തവണ തുടര്‍ച്ചയായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പട്ടവരെ മാറ്റി നിര്‍ത്തുമെന്നാണ് സി.പി.ഐ നേതാക്കള്‍ നല്‍കുന്ന സൂചന. സി പി ഐയുടെ നിയമസഭയിലെ പ്രമുഖ നേതാക്കളായ സി ദിവാകരന്‍, മുല്ലക്കര രത്നാകരന്‍, വി എസ് സുനില്‍കുമാര്‍, ബിജിമോള്‍, തിലോത്തമന്‍, കെ രാജു തുടങ്ങിയവരൊക്കെ മൂന്ന് ടേം പൂര്‍ത്തിയാക്കുന്നവരാണ്.

ഇതോടെ ഭൂരിപക്ഷം സിറ്റിംഗ് സീറ്റുകളിലും പുതുമുഖങ്ങള്‍ വരുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.

അങ്ങനെയെങ്കിൽ നിലവിലെ മന്ത്രിസഭയിലെ ഇ ചന്ദ്രശേഖരന്‍ ഒഴിച്ച്‌ ബാക്കി മൂന്ന് സി പി ഐ മന്ത്രിമാര്‍‌ക്കും മത്സരിക്കാനാകില്ല. തൃശൂരില്‍ സുനില്‍കുമാറിനെ മാറ്റി പരീക്ഷിച്ചാല്‍ വിജയിക്കുമോയെന്ന സംശയം പാര്‍ട്ടിക്കുണ്ട്.

നെടുമങ്ങാട്ട് സി ദിവാകരനെ മാറ്റി പരീക്ഷിക്കുന്നതും തിരിച്ചടിയാകുമോയെന്നാണ് ഭയം. അതേസമയം, പൊതുനയം വന്നാല്‍ ഇവരുടെ കാര്യത്തിലും വേര്‍തിരിവുണ്ടാകില്ലെന്നാണ് സി പി ഐ വൃത്തങ്ങള്‍ പറയുന്നത്.

ഇ ചന്ദ്രശേഖരന്‍ അടക്കം രണ്ട് ടേം പൂര്‍ത്തിയാക്കുന്ന ഭൂരിപക്ഷം എം എല്‍ എമാരും ഇത്തവണ മത്സരിക്കുമോയെന്ന കാര്യത്തിലും ഉറപ്പ് പറയാന്‍ സി പി ഐ തയ്യാറായിട്ടില്ല. എ ഐ വൈ എഫ് , എ ഐ എസ് എഫ് എന്നീ സംഘടനകളിലെ വലിയൊരു പുതുനിര പാര്‍ട്ടിയെ നയിക്കാന്‍ സജ്ജമായി നില്‍ക്കുകയാണ്.

വനിതാനേതാക്കളുടെ പേരുകളും പ്രാരംഭ ച‍ര്‍‍ച്ചകളില്‍ സജീവമായി ഉയര്‍ന്നിട്ടുണ്ട്. ജില്ലാ കമ്മിറ്റികളുടെ നിര്‍ദ്ദേശങ്ങള്‍ തേടിയ ശേഷം ജനുവരി അവസാനത്തോടെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവമാക്കാനാണ് സി പി ഐ നേതൃത്വത്തിന്റെ തീരുമാനം.

Leave A Reply

error: Content is protected !!