ഹൈ സ്പീഡ് റെയിൽവെ ലൈനില്‍ ഇരിപ്പുറപ്പിച്ച് മണിക്കൂറുകളോളം ഗതാഗത തടസം സൃഷ്ടിച്ച് ഒരു അരയന്നം. ജീവനക്കാരും അധികൃതരും ഏറെ പണിപ്പെട്ടിട്ടും അരയന്നത്തെ ട്രാക്കിൽ നിന്നും ഓടിക്കാൻ കഴിഞ്ഞില്ല. അൻപത് മിനിറ്റോളം പക്ഷി ഈ ഇരുപ്പ് തുടർന്നു. 23 ട്രെയിനുകളാണ് ഇത് മൂലം വൈകി ഓടിയതെന്നും റിപ്പോർട്ടുകൾ പറയുന്നു.
ജർമ്മനിയിലെ കസെലിൽ ഇക്കഴിഞ്ഞ ഡിസംബർ 23നായിരുന്നു ഇത്തരമൊരു വിചിത്ര സംഭവം അരങ്ങേറിയത്. അധികൃതർ ഈയടുത്താണ് ഇക്കാര്യം പുറത്തുവിട്ടത്. അരയന്നത്തിന്റെ ഈ ‘പ്രതിഷേധ’ത്തിന് കാരണം വിരഹദുഃഖമാണെന്നാണ് അധികൃതരുടെ വിശദീകരണം. ഇണയ്ക്കൊപ്പം റെയില്‍വെ ട്രാക്കിന് സമീപത്തു കൂടെ പറക്കവെ വൈദ്യുത കമ്പിയിൽ തട്ടി ഷോക്കേറ്റ് ഇതിന്റെ ഇണ ചത്തിരുന്നു. ഈ വേദനയിലാണ് അത് മരിച്ച സ്ഥലത്തിന് സമീപത്തായി തന്നെ അരയന്നം ഇരിപ്പുറപ്പിച്ചതെന്നാണ് അധികൃതർ പറയുന്നത്.