കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം; എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ്) പ്രവര്‍ത്തകര്‍ ഏജീസ് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി

കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം; എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ്) പ്രവര്‍ത്തകര്‍ ഏജീസ് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി

തിരുവനന്തപുരം: കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയുള്ള കര്‍ഷകവിരുദ്ധ നയങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടും ഡല്‍ഹിയില്‍ നടക്കുന്ന വിറൂറ്റ കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടും എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) പ്രവര്‍ത്തകര്‍ ഏജീസ് ഓഫീസിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടറി ആര്‍.കുമാര്‍ ഉദ്ഘാടനം ചെയ്തു.

മോദി സര്‍ക്കാരിന്റെ എല്ലാ കോര്‍പ്പറേറ്റ് അനുകൂല കര്‍ഷക വിരുദ്ധ- ജനവിരുദ്ധ നയങ്ങള്‍ക്കുമെതിരായ പ്രക്ഷോഭമായി കര്‍ഷക പ്രക്ഷോഭത്തെ മാറ്റിത്തീര്‍ക്കണമെന്ന്  അദ്ദേഹം പറഞ്ഞു. സമരത്തെ നയിച്ചു കൊണ്ടിരിക്കുന്ന കര്‍ഷക സംഘടനകളില്‍ പ്രധാനപ്പെട്ട ഒന്നായ പാര്‍ട്ടിയുടെ ആഭിമുഖ്യത്തിലുള്ള കര്‍ഷക പ്രസ്ഥാനം ആള്‍ ഇന്ത്യാ കിസാന്‍ ഖേജ് മസ്ദൂര്‍ സംഘടന്‍ (എ.ഐ.കെ.കെ.എം.എസ്)  പ്രക്ഷോഭത്തോടൊപ്പം ശക്തമായി നിലകൊള്ളുകയാണെന്നും അദ്ദേഹം പറഞ്ഞു.

എസ്.യു.സി.ഐ(കമ്മ്യൂണിസ്റ്റ്) ജില്ലാ സെക്രട്ടേറിയറ്റംഗം ആര്‍.ബിജു, കര്‍ഷക പ്രസ്ഥാനത്തെ  പ്രതിനിധീകരിച്ച്  ജി.ആര്‍ സുഭാഷ്, എ.സബൂറ, എ.ഷൈജു, എമില്‍ ബി.എസ് എന്നവര്‍ സംസാരിച്ചു. പ്രതിഷേധ ധര്‍ണ്ണ പ്രകടനത്തോടെ സെക്രട്ടേറിയറ്റിനുമുന്നില്‍ അവസാനിച്ചു. ഡിസംബര്‍ 8 ന് കര്‍ഷകസംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഭാരത്ബന്ദിനെ വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.

Leave A Reply
error: Content is protected !!