കൊച്ചി: കൊച്ചി കോർപ്പറേഷനിലെ 69, 70 ഡിവിഷനുകളിൽ മത്സരിക്കുന്ന നാത്തൂൻമാരായ യു.ഡി.എഫ് സ്ഥാനാർത്ഥികളായ കാജൽ സലിമിനും സ്മൃതി ഹാരീസിനും വോട്ടഭ്യർത്ഥിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ. അപ്രതീക്ഷിതമായി പ്രചാരണരംഗത്ത് പ്രത്യക്ഷപ്പെട്ട യുവനേതാവിനെ കണ്ട് പ്രദേശവാസികളും ഒപ്പം ചേർന്നിരിക്കുകയാണ്. സ്ഥാനാർത്ഥികൾക്കൊപ്പം വീടുകളും വ്യാപാരസ്ഥാപനങ്ങളും സന്ദർശിച്ച് ചാണ്ടി ഉമ്മൻ വോട്ട് ചോദിക്കുകയുണ്ടായി.
എസ്.ആർ.എം റോഡ് ഭാഗത്താണ് സംഘം കൂടുതൽ സമയം ഉണ്ടായിരുന്നത്. സ്ഥാനാർത്ഥികൾ ബന്ധുക്കളായത് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപനത്തോടെ മുമ്പോട്ടു കൊണ്ടുപോകാൻ സഹായിക്കുന്നുണ്ടെന്ന് യു.ഡി.എഫ് നേതാക്കൾ പറയുകയുണ്ടായി. ഒരു മണിക്കൂറോളം വോട്ടർമാർക്കൊപ്പം ചെലവഴിച്ച ശേഷം ചാണ്ടി ഉമ്മൻ മടങ്ങി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ദീപക് ജോയി, നൗഫൽ കൈനറ്റിൻകര, കെ.എസ്.യു മുൻ സംസ്ഥാന സെക്രട്ടറി ജോൺസൺ മാത്യു എന്നിവരും കൂടെ ഉണ്ടായിരുന്നു.