കൊട്ടാരക്കര: കൊല്ലത്ത് മദ്യപാനത്തെ തുടര്‍ന്നുണ്ടായ വാക്കു തര്‍ക്കത്തിനൊടുവില്‍ അമ്മാവനെ അനന്തിരവന് കൊന്നു. വാക്കനാട് ഉളവ്കോട് ശിവ വിലാസത്തിൽ ശിവകുമാറാണ് (48) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ശിവകുമാറിന്റെ സഹോദരീപുത്രൻ ഉളവ്കോട് മതിലിൽ നിമിഷാലയത്തിൽ നിധീഷിനെ (28) എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി 10 മണിയോടെ ശിവകുമാറിന്റെ വീടിന് സമീപത്തെ വഴിയിലാണ് സംഭവം.
രാത്രി എട്ടരയോടെ ശിവകുമാറും നിധീഷും തമ്മിൽ വീടിനു സമീപത്തുള്ള മതിലിൽ ജംഗ്ഷനിൽ വച്ച് വഴക്കുണ്ടാവുകയും ഇരുവരും പിരിഞ്ഞു പോവുകയും ചെയ്തിരുന്നു. പിന്നീട് വീട്ടിലേക്ക് വരികയായിരുന്ന നിധീഷിനെ ശിവകുമാർ ഇടവഴിയിൽ കാത്തുനിന്ന് കല്ലെറിഞ്ഞ് മുഖത്ത് പരിക്കേൽപ്പിച്ചു. തുടർന്ന് ഇരുവരും തമ്മിൽ വീണ്ടും അടിപിടിയുണ്ടായി. ബഹളം കേട്ട് സംഭവ സ്ഥലത്തെത്തിയ നിധീഷിന്റെ അമ്മയുമായി ശിവകുമാർ പിടിവലി കൂടി. തുടർന്ന് കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കൈത്തണ്ടയിൽ കുത്തിപ്പരിക്കേൽപ്പിച്ചു. അമ്മയെ കുത്തിയതു കണ്ട നിധീഷ് ശിവകുമാറിനെ മർദ്ദിച്ച് നിലത്തെറിയുകയായിരുന്നു. തലയിടിച്ചു വീണ് അബോധാവസ്ഥയിൽ കിടന്ന ശിവകുമാറിനെ പൊലീസെത്തി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.