മുംബൈ: ആഭ്യന്തര ക്രിക്കറ്റ് സീസണിനുള്ള തയ്യാറെടുപ്പിലാണ് ബിസിസിഐ. മുഷ്താഖ് അലി ട്വന്ര്റി 20ക്കും രഞ്ജി ട്രോഫിക്കും പ്രധാന്യം നല്കുന്ന ക്രമീകരണങ്ങള്‍ ഉൾപ്പെടുന്ന കത്ത് സംസ്ഥാന അസോസിയേഷനുകള്‍ക്ക് ബിസിസിഐ അയച്ചിട്ടുണ്ട്. സെപ്റ്റംബറില്‍ ആരംഭിക്കേണ്ടിയിരുന്ന ആഭ്യന്തര ക്രിക്കറ്റ് സീസണ് , കൊവിഡ് കാരണമാണ് നീണ്ടത്.
മത്സരങ്ങള്‍ എപ്പോള്‍ തുടങ്ങിയാലും ട്വന്റി 20 ടൂര്‍ണമെന്റിനാകും പ്രഥമ പരിഗണനയെന്ന് ബിസിസിഐ സെക്രട്ടറി ജെയ് ഷാ , സംസ്ഥാന അസോസിയേഷനുകള്‍ക്ക് അയച്ച ഈ മെയിലില്‍ വ്യക്തമാക്കുന്നുണ്ട്. ഡിസംബര്‍ 20നും ജനുവരി പത്തിനും ഇടയില്‍ മുഷ്താഖ് അലി ട്രോഫി ട്വന്റി 20 മത്സരങ്ങള്‍ നടത്താനാണ് ആലോചന. അഹമ്മദാബാദ് ആസ്ഥാനമായി പുതിയ ടീമിനെ ഐപിഎല്ലില്‍ ഉള്‍പ്പെടുത്തുന്നതിന് മുന്നോടിയായി മെഗാ താരലേലം നടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ട്വന്റി 20 ടൂര്‍ണമെന്റ് ആദ്യം നടത്തുക.
നിലവിൽ ജനുവരി 11നും മാര്‍ച്ച് 18നും ഇടയിലെ 67 ദിവസങ്ങളിലായി രഞ്ജി ട്രോഫി സംഘടിപ്പിക്കാനാണ് ബിസിസിഐയിലെ ധാരണ. 38 ടീമുകളെ 5 എലീറ്റ് ഗ്രൂപ്പും ഒരു പ്ലേറ്റ് ഗ്രൂപ്പുമായി തിരിക്കും, വിജയ് ഹസാരേ ട്രോഫി ഏകദിന ടൂര്‍ണമെന്റ് നടത്താനും കഴിയുമെങ്കിലും രഞ്ജി ട്രോഫിയും മുഷ്താഖ് അലിയും മാത്രം സംഘടിപ്പിക്കാനാണ് സാധ്യത. സംസ്ഥാനങ്ങളുടെ അഭിപ്രായം ഡിസംബര്‍ രണ്ടിനകം അറിയിക്കാനാണ് ബിസിസിഐ പുറപ്പെടുവിച്ചിരിക്കുന്ന നിര്‍ദേശം.