കാന്‍ബറ: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള അവസാന ഏകദിനം നാളെ കാന്‍ബറയില്‍ നടക്കും. ആശ്വാസജയം തേടിയാണ് ഇന്ത്യ മത്സരത്തിന് ഇറങ്ങുക. പരിക്കേറ്റ ഡേവിഡ് വാര്‍ണര്‍ ഓസീസ് ടീമില്‍ ഉണ്ടായിരിക്കില്ല. എല്ലാ മേഖലയിലും ഓസ്ട്രേലിയക്ക് പിന്നിലായെന്ന് സമ്മതിച്ച വിരാട് കോലി കാന്‍ബറയില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ട്. പേസര്‍ നവ്ദീപ് സൈനിയെ ഒഴിവാക്കാനും സാധ്യതയുണ്ട്. ടീമിലെ മറ്റു പേസര്‍മാര്‍ ടി നടരാജന് , ഷാര്‍ദുല്‍ താക്കൂര്‍ എന്നിവരാണ്.
ഹാര്‍ദിക് പണ്ഡ്യ പന്തെറിഞ്ഞു തുടങ്ങിയത് കോലിക്ക് ആശ്വാസമാണെങ്കിലും മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ രവീന്ദ്ര ജഡേജയ്ക്കും യൂസ്വേന്ദ്ര ചാഹലിനും കഴിയാത്തത് ഇന്ത്യയെ പിന്നോട്ടടിക്കും. സിഡ്നിയില്‍ വലിയ സ്കോര്‍ നേടാതിരുന്ന ശ്രേയസ് അയ്യറും മായങ്ക് അഗര്‍വാളിനും വിശ്രമം നല്‍കുമോയെന്ന് കാത്തിരുന്നറിയാം.
സിഡ്നിയില്‍ തകര്‍പ്പന്‍ തുടക്കത്തിന് പ്രധാന കാരണക്കാരന്‍ ഡേവിഡ് വാര്‍ണര്‍ ഇല്ലാത്തത് ഇന്ത്യക്ക് ആശ്വാസമായേക്കാൻ സാധ്യതയുണ്ട്. വാര്‍ണറിന് മര്‍നസ് ലബുഷാനെ ഓപ്പണ്‍ ചെയ്തേക്കും. ഓപ്പണറായ കളിക്കാന്‍ താല്പര്യമുണ്ടെന്ന് ലബുഷാനെ നേരത്തെ വ്യക്തമാക്കിയിരുന്നു. ഓസ്ട്രേലിയ ആദ്യ രണ്ട് വിജയങ്ങളും സ്വന്തമാക്കിയത് ഒരേ രീതിയിലാണ്. ടോസ് നേടിയ ടീം ബാറ്റിങ്ങ് തിരഞ്ഞെടുത്തു. പിന്നാലെ കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തി. സമ്മര്‍ദ്ദം താങ്ങാനാകാതെ പിഴവ് വരുത്തുന്ന ഇന്ത്യന്‍ ബാറ്റിംഗ് നിര. ഇതിനു മാറ്റം വരണമെങ്കില്‍ ടോസ് മുതലേ ഭാഗ്യം ഒപ്പം വേണ്ടിവരും.