സിഡ്നി: കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഏകദിന ക്രിക്കറ്റില്‍ സെഞ്ചുറി അടിച്ചെടുത്തത്. ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ കോലി മികച്ച പ്രകടനം നടത്തിയെങ്കിലും സെഞ്ചുറി നേടാന്‍ കഴിഞ്ഞില്ല. 87 പന്തില്‍ 89 റണ്‍സ് നേടിയ കോലി പുറത്തായതോടെയാണ് സെഞ്ചുറി നഷ്ടമായത്. എന്നാല്‍ കോലിയുടെ ഫോമിനെ കുറിച്ചോര്‍ത് ആരും ആശങ്കപ്പെടേണ്ടതില്ലെന്നാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും ഇപ്പോള്‍ കമന്റേറ്ററുമായ മൈക്കല്‍ വോണ്‍ പറയുന്നത്.
”കോലി ലോകത്തോര താരമാണ്. അവന്റെ ഫോമിനെ കുറിച്ചോര്‍ത്ത് ആരും ആശങ്കപ്പെടേണ്ടതില്ല. ഇന്ന് ക്രിക്കറ്റിലെ ഏത് ഫോര്‍മാറ്റെടുത്താലും മികച്ച താരം കോലിയാണെന്നുള്ളതില് സംശയമൊന്നുമില്ല. കോലിയില്ലാതെ ഇന്ത്യക്ക് ജയിക്കാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. ക്യാപ്റ്റനില്ലാതെ ഇറങ്ങുന്ന മൂന്ന് ടെസ്റ്റുകളെ കുറിച്ചാണ് എന്റെ ചിന്ത. കോലിയുടെ അഭാവം ഇന്ത്യയെ പ്രശ്നത്തിലാക്കും. എനിക്ക് തോന്നുന്നില്ല ആ ടെസ്റ്റുകളില്‍ ഇന്ത്യക്ക് ജയിക്കാന്‍ സാധിക്കുമെന്ന്. കോലിയുടെ സാന്നിധ്യം ടീമിന് അത്രത്തോളം പ്രധാനപ്പെട്ടതാണ്. ഒരു സെഞ്ചുറി നേടിയാല്‍ തുടര്‍ച്ചയായി മൂന്നോ നാലോ സെഞ്ചുറികള്‍ കോലി നേടും. അത്തരത്തിലുള്ള ബാറ്റ്സ്മാനാണ് കോലി.” വോണ്‍ പറഞ്ഞ വാക്കുകൾ’.
ഡിസംബര്‍ 17ന് അഡ്ലെയ്ഡിലാണ് നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര തുടങ്ങുന്നത്. ശേഷം കോലി നാട്ടിലേക്ക് തിരിക്കും. പിന്നീട് അജിന്‍ക്യ രഹാനെയാണ് ടീമിനെ നയിക്കുന്നത്. 12 മത്സരങ്ങളില്‍ നിന്നും 55.39 ശരാശരിയില്‍ ആറ് സെഞ്ചുറിയടക്കം 1274 റണ്‍സ് കോലി അടിച്ചെടുത്തിട്ടുണ്ട്.