ജയസൂര്യയുടെ നൂറാമത്തെ ചിത്രമായ ‘സണ്ണിയുടെ’ ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജിലാണ് ടീസര്‍ പങ്കുവെക്കുകയുണ്ടായത്. രഞ്ജിത്ത് ശങ്കറാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും നിർമ്മിച്ചിരിക്കുന്നത്. പ്രേതം 2, മേരിക്കുട്ടി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് സംവിധാനം നിർവഹിക്കുന്ന ജയസൂര്യ ചിത്രമാണ് സണ്ണി. പുണ്യാളന് അഗര്‍ബത്തീസ് മുതല്‍ പ്രേതം 2 വരെയുള്ള ഇരുവരുടെയും കൂട്ടുകെട്ട് മലയാള സിനമയ്ക്ക് നിരവധി നല്ല ചിത്രങ്ങളാണ് കൊണ്ടുവന്നിട്ടുള്ളത്.
ഡാര്‍വിന്റെ പരിണാമമടക്കമുള്ള ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സംഗീത സംവിധായകന് ശങ്കര്‍ ശര്‍മയാണ് ‘സണ്ണി’ യുടെ സംഗീതസംവിധായകനാകുന്നതും. മധു നീലകണ്ഠന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ഷമീര്‍ മുഹമ്മദാണ്. കൊച്ചി പ്രധാന ലൊക്കേഷനായ സണ്ണിയുടെ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും ചിത്രീകരണം പൂര്‍ത്തിയാക്കുക. ചിത്രീകരണം അവസാനിക്കുന്നതുവരെ അണിയറപ്രവര്‍ത്തകരെ കൊച്ചിയിലെ ഒരു പ്രമുഖ ഹോട്ടലില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് താമസിപ്പിക്കുമെന്ന് സംവിധായകന് പറഞ്ഞിരുന്നു. കൊച്ചിക്ക് പുറമെ ദുബൈയിയിലും ചിത്രീകരണം നടക്കും.
‘സു സു സുധി വാത്മീകം’, ‘ഞാന്‍ മേരിക്കുട്ടി’ തുടങ്ങിയ രഞ്ജിത്ത് ചിത്രങ്ങള്‍ ജയസൂര്യയ്ക്ക് ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ നേടിക്കൊടുത്തതാണ്. 100ാമത്തെ ചിത്രമായ ‘സണ്ണിയിൽ’ ഒരു മ്യുസീഷനായാണ് ജയസൂര്യ എത്തുന്നത്. ഈ സിനിമയ്ക്ക് പുറമെ ‘വെള്ളം’ എന്ന പ്രജീഷ് സെന്‍ ചിത്രത്തിലും ജയസൂര്യയാണ് നായകന്.