ആദ്യ പകുതി പിന്നിടുമ്പോൾ രണ്ട് ഗോളുമായി ബ്ലാസ്റ്റേഴ്സ്

ആദ്യ പകുതി പിന്നിടുമ്പോൾ രണ്ട് ഗോളുമായി ബ്ലാസ്റ്റേഴ്സ്

നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ ഐഎസ്എൽ മത്സരത്തിൻ്റെ ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സ് രണ്ട് ഗോളുകൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. സിഡോ, ഗാരി ഹൂപ്പർ തുടങ്ങിയവരാണ് ബ്ലാസ്റ്റേഴ്സിനായി വല കുലുക്കുകയുണ്ടായത്. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും നിർഭാഗ്യം നോർത്ത് ഈസ്റ്റിനെ ചതിക്കുകയാണ് ഉണ്ടായത്. മധ്യനിരയിൽ വിക്കൂന നടത്തിയ പൊളിച്ചെഴുത്ത് കളത്തിൽ കാണുന്ന കാഴ്ചയാണ് ആദ്യ പകുതിയിൽ ഉണ്ടായത്. ഭാവനാസമ്പന്നമായ മധ്യനിര തുറന്നെടുത്ത ഏതാനും അവസരങ്ങൾക്കൊടുവിൽ ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ഫ്രീകിക്ക്. സെയ്ത്യസെൻ സിംഗിൻ്റെ ഇഞ്ച് പെർഫക്ട് ഫ്രീ കിക്കിൽ തലവെച്ച് കൊടുക്കുക എന്ന ജോലി സിഡോ അനായാസം നിർവഹിച്ചതോടെ അഞ്ചാം മിനിട്ടിൽ തന്നെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തുകയുണ്ടായി.

ഒരു ഗോൾ വീണതോടെ നോർത്ത് ഈസ്റ്റ് അനുസ്യൂതം ആക്രമണം അഴിച്ചുവിടുകയാണ്. നിർഭാഗ്യം പലപ്പോഴും വിലങ്ങുതടിയായപ്പോൾ കോസ്റ്റയും നിഷുവും അടങ്ങുന്ന ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിൻ്റെ പ്രകടനവും നോർത്ത് ഈസ്റ്റ് ആക്രമണങ്ങളുടെ മുനയൊടിക്കുകയും ചെയ്തു. ഇരുവരും നടത്തിയ ചില ക്ലിയറൻസുകൾക്ക് വലിയ വില ഉണ്ടായിരുന്നു. ഇതിനിടെ 23ആം മിനിട്ടിൽ ഗോളി മാത്രം മുന്നിൽ നിൽക്കെ ലഭിക്കുകയുണ്ടായ സുവർണാവസരം ഹൂപ്പർ പുറത്തേക്കടിച്ചു കളയുകയും ചെയ്തു. നോർത്ത് ഈസ്റ്റിൻ്റെ ഇടതടവില്ലാത്ത ആക്രമണങ്ങൾക്കിടെ ബ്ലാസ്റ്റേഴ്സിൻ്റെ തിരിച്ചടിയായി. ബോക്സിലെ കൂട്ടപ്പൊരിച്ചിൽ പെനാൽറ്റിയിലേക്ക്. ഹൂപ്പറുടെ കിക്ക് ഗോൾകീപ്പറെ മറികടന്നു. 45ആം മിനിട്ടിൽ നേടിയ ഈ ഗോളോടെ ബ്ലാസ്റ്റെഴ്സ് കളിയിൽ ആതിപഥ്യം ഉറപ്പിക്കുകയാണ്.

Leave A Reply
error: Content is protected !!