കൊച്ചി: മലയാളി ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് ക്രിക്കറ്റ് കളിയിലേക്ക് തിരിച്ചുവരുകയാണ്. ഏഴ് വർഷത്തിന് ശേഷമാണ് താരം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്. അടുത്ത മാസം 17 മുതൽ ആലപ്പുഴയിൽ നടക്കുന്ന പ്രസിഡന്റ്സ് കപ്പ് ടി20യിൽ താരം കളിക്കും. കെസിഎ ടൈഗേഴ്സ് ടീമിന് വേണ്ടിയാണ് ശ്രീശാന്ത് കളിക്കുന്നത്. ആകെ ആറ് ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുക.
2011ഏപ്രിൽ 2ന് ശ്രീലങ്കയ്ക്കെതിരെയായിരുന്നു ശ്രീശാന്തിന്റെ അവസാന അന്താരാഷ്ട്ര മത്സരം നടന്നത്. 2013ൽ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് താരമായി പങ്കെടുക്കവെ ഒത്തുകളി വിവാദത്തിൽ കുടുങ്ങുകയും ബിസിസിഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുകയും ചെയ്യുകയുണ്ടായി. പിന്നീട് കേസിൽ തെളിവില്ലെന്ന് കണ്ട് ശ്രീശാന്തിനെ കുറ്റവിമുക്തനാക്കപ്പെട്ടു. എന്നാൽ വിലക്ക് തുടരുകയായിരുന്നു. സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്ന് വിലക്ക് ഏഴ് വർഷമായി ചുരുക്കുകയുണ്ടായി. ഇതോടെ സെപ്തംബർ മാസത്തിൽ ശ്രീശാന്തിന്റെ വിലക്ക് കാലാവധി അവസാനിക്കുകയും ചെയ്തു. ശ്രീശാന്തിനെ കേരള രഞ്ജി ടീമിലേക്ക് കെ.സി.എ പരിഗണിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കു വേണ്ടി 27 ടെസ്റ്റുകളിൽ 82 വിക്കറ്റുകളും ഏകദിനങ്ങളിൽ 53 മത്സരങ്ങളിൽ 75 വിക്കറ്റുകളും ശ്രീശാന്ത് നേടിയെടുത്തിട്ടുണ്ട്.