സ്വതന്ത്ര സ്ഥാനാർഥികളുടെ ചിഹ്നം കണ്ട് തലയിൽ കൈവച്ച് ഉദ്യോഗസ്ഥർ

സ്വതന്ത്ര സ്ഥാനാർഥികളുടെ ചിഹ്നം കണ്ട് തലയിൽ കൈവച്ച്   ഉദ്യോഗസ്ഥർ

കോഴിക്കോട്: സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം പോളിങ് ബൂത്തിനു സമീപം പ്രദർശിപ്പിക്കരുതെന്നാണ് ചട്ടം. എന്നാൽ ഇക്കുറി ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥികളുടെ ചിഹ്നം കണ്ട് തലയിൽ കൈവച്ചിരിക്കുകയാണ്  ഉദ്യോഗസ്ഥർ. 7 ഡിവിഷനിൽ സ്വതന്ത്ര സ്ഥാനാർഥികളുടെ ചിഹ്നം മേശയാണ്. തിരഞ്ഞെടുപ്പു ദിവസം ബൂത്തിന് സമീപത്തല്ല, ബൂത്തിനകത്തു തന്നെ മേശയിടേണ്ടി വരും.

പോളിങ് ബൂത്തിനകത്തേക്ക് കയറിവരുന്ന ചിഹ്നങ്ങൾ വേറെയുമുണ്ട്. അതിലൊന്നാണ് ഓട്ടോറിക്ഷ. വോട്ടെടുപ്പ് ദിവസം വയോധികരുമായി വരുന്ന ഓട്ടോകൾക്ക് ബൂത്തിന്റെ മുറ്റം വരെ ഓടിക്കയറാം. ഫാൻ, മഷിക്കുപ്പി, പേന തുടങ്ങിയ ചിഹ്നങ്ങളെ പുറത്താക്കാൻ ഉദ്യോഗസ്ഥർക്ക് പറയാൻ പറ്റുമോ?. പാർട്ടി ചിഹ്നമായ കണ്ണട വച്ചുകൊണ്ട് വരുന്നവരെ ഒരു പാർട്ടിക്കാർക്കും ഒന്നും ചെയ്യാനാവില്ല.  കോർപറേഷനിൽ ഇടതുസ്വതന്ത്രർ മിക്കവർക്കും ചിഹ്നം കുടയാണ്. വരാന്ത വരെ സ്ഥാനാർഥിക്ക് തണൽ വിരിക്കാൻ കുടയ്ക്കു പറ്റും.

ചെറുപ്പക്കാർക്കിഷ്ടം  മൊബൈൽ ഫോണാണ്. ലാപ് ടോപ് പട്ടികയിൽ ഉണ്ടെങ്കിലും ചിഹ്നമാക്കിയ സ്ഥാനാർഥികൾ കുറവാണ്.  യൂത്തിനിഷ്ടപ്പെട്ട മറ്റൊരു ചിഹ്നം ഫുട്ബോളാണ്. റജിസ്റ്റേർഡ് പാർട്ടി എന്ന നിലയിൽ ആർഎംപിയുടെ ചിഹ്നമാണിത്. ആർഎംപി മത്സരിക്കാത്ത സ്ഥലങ്ങളിൽ സ്വതന്തർക്ക് ഈ ചിഹ്നം ഉപയോഗിക്കാം. സിപിഎം വിമതർ ഏറ്റവും കൂടുതൽ തിരഞ്ഞെടുത്തിരിക്കുന്നതും ഫുട്ബോളാണ്. 

മുന്നണി സ്വതന്ത്രൻ ഗ്ലാസിന് അപേക്ഷ കൊടുത്ത മണ്ഡലത്തിൽ അപരൻ അപേക്ഷിച്ചത് ബക്കറ്റ് കിട്ടാൻ. മുന്നണി സ്ഥാനാർഥിക്ക് ഗ്ലാസിനു പകരം ആപ്പിൾ അനുവദിച്ചതോടെ അപരന്റെ തന്ത്രം പാളി. സിപിഎം സ്ഥാനാർഥിക്ക് അപരനായി മത്സരിക്കുന്നവർ തിരഞ്ഞെടുക്കുന്നത് ഡിഷ് ആന്റിനയും മോതിരവുമാണ്. കോൺഗ്രസ് സ്ഥാനാർഥിയുടെ അപരൻമാർക്കിഷ്ടം ഗ്ലാസും ഷട്ടിൽ കോക്കും. ബാലറ്റ് പേപ്പറിൽ കാണുമ്പോഴുള്ള സാമ്യമാണ് കാരണം.

പഴങ്ങളിൽ മുന്തിരിയും ആപ്പിളും പൈനാപ്പിളും മാങ്ങയും ചിഹ്നങ്ങളാണ്. പച്ചക്കറികളിൽ കാരറ്റ് മാത്രം. കായികപ്രേമികൾക്ക്  ക്രിക്കറ്റ് ബാറ്റ്, ഫുട്ബോൾ, ഹോക്കി സ്റ്റിക്കും ബോളും, ടെന്നിസ് റാക്കറ്റ്, കാരം ബോർഡ്, പട്ടം എന്നിവയുണ്ട്.  വാഹനക്കമ്പക്കാർക്കു കൈവണ്ടിയും സ്കൂട്ടറും ഓട്ടോറിക്ഷയും കാറും ട്രെയിൻ എൻജിനും മുതൽ കപ്പൽ വരെയുമുണ്ട്. സംഗീതമാണ് ഇഷ്ടമെങ്കിൽ വയലി‍ൻ, , ഹാർമോണിയം, ഓടക്കുഴൽ,  തുടങ്ങിയ ചിഹ്നങ്ങളുണ്ട്.

Leave A Reply