യുവ അദ്ധ്യാപകർ നിർമ്മിച്ച അതിജീവന കളിമൺ ശില്പം

യുവ അദ്ധ്യാപകർ നിർമ്മിച്ച അതിജീവന കളിമൺ ശില്പം

മാഹി: പഠനവും അദ്ധ്യാപക ശില്പശാലകളും ഓൺലൈനായപ്പോൾ അതിൽ നിന്നും വ്യത്യസ്തമായി പാഠപുസ്തക പ്രവർത്തനത്തിന് വിദ്യാലയത്തിലിരുന്ന് കളിമണ്ണിൽ ശില്പമൊരുക്കി വ്യത്യസ്തരാവുകയാണ് അദ്ധ്യാപകരായ ആർടിസ്റ്റ് ടി.എം സജീവനും, ജയിംസ് സി ജോസഫും. ഈസ്റ്റ് പള്ളൂർ ഗവ. മിഡിൽ സ്‌കൂൾ അവറോത്തിലെ അദ്ധ്യാപകരാണ് ഇവർ രണ്ടാളും.

കഴിഞ്ഞ വർഷം നടന്ന നിഷ്ഠ അദ്ധ്യാപക പരിശീലന പരിപാടിയിൽ ഭാഷ പഠനത്തിന്റെ ഭാഗമായി കലാപഠനത്തെക്കൂടി ഉൾപ്പെടുത്തണമെന്നും, അത് പുതിയ വിദ്യാഭ്യാസ രീതിയുടെ ഭാഗമാണെന്നും അറിഞ്ഞതിനെ തുടർന്നാണ് മലയാള ഭാഷാ അദ്ധ്യാപകനായ ജയിംസ് സി ജോസഫ് ചിത്രകലാദ്ധ്യാപകൻ ആർട്ടിസ്റ്റ് ടി.എം സജീവന്റെ സഹായം തേടുകയുണ്ടായത്. എട്ടാം തരത്തിലെ മലയാള പാഠമായ രണ്ട് മത്സ്യങ്ങൾ എന്ന പാഠം ഇവർ ഇതിനായി തിരഞ്ഞെടുക്കുകയാണ് ഉണ്ടായത്. അതിജീവനത്തിന്റെ മഹത്തായ സന്ദേശം ഉൾപ്പെടുത്തിയ അംബികാസുതൻ മാങ്ങാടിന്റെ ഈ കഥ കൊവിഡ് കാലത്തിന്റെ അതിജീവനത്തെ കൂടി ഓർമ്മിപ്പിക്കുന്നതായതിനാൽ അതിനെ തന്നെ ശില്പത്തിന് വിഷയമാക്കാൻ രണ്ടു പേരും തീരുമാനിച്ചു.

മൺപാത്ര നിർമ്മാണക്കാരുടെ അടുത്ത് പോയി ആവശ്യമായ കളിമണ്ണ് സംഘടിപ്പിക്കുകയും പിന്നീട് അതിനെ കുഴച്ച് ശില്പത്തിന് പാകപ്പെടുത്തിയതോടെ ശില്പ നിർമ്മാണത്തിന്റെ ആദ്യഘട്ടം പൂർത്തിയായിരിക്കുകയാണ്. തുടർന്ന് ശില്പത്തിന്റെ ചട്ടക്കൂടും ശില്പവും മൂന്ന് ദിവസം കൊണ്ട് പൂർത്തിയാക്കാനായി. കൊവിഡ് കാലമാണെങ്കിലും മിക്ക ദിവസങ്ങളും സ്‌കൂളിൽ വരുന്നതിനാൽ സ്‌കൂളിൽ തന്നെ ഇരുന്നാണ് ശില്പ നിർമ്മാണം നടത്തുന്നത്. ഇതിനാവശ്യമായ മുഴുവൻ പിൻതുണയുമായി പ്രധാന അദ്ധ്യാപകനായ കെ.പി ഹരീന്ദ്രനും ഇവർക്കൊപ്പം ഉണ്ടായിരുന്നു. വിദ്യാർത്ഥികളെ പങ്കെടുപ്പിക്കാൻ പറ്റിയില്ല എന്നത് വലിയ നഷ്ട്ടമായിട്ടുതന്നെയാണ് അദ്ധ്യാപകർ കാണുന്നത്.

Leave A Reply
error: Content is protected !!