കാട്ടിക്കുളം: തിരുനെല്ലി തൃശ്ശിലേരിയിൽ കടുവയുടെ ആക്രമണത്തിൽ ആട് ചത്തു. തൃശ്ശിലേരി അടിമാരി ഗോപിയുടെ ആടിനെയാണ് ഇന്നലെ പുലർച്ചെ കടുവ പിടികൂടിയത്. കാട്ടിക്കുളം എടയൂർക്കുന്ന് നിവാസിയുടെ ഒരു വളർത്തു നായയെയും പുളിമൂട് ഒരു പശുവിനെയും തൃശ്ശിലേരിയിൽ ഒരു ആടിനെയും കഴിഞ്ഞ ദിവസം കടുവ കൊല്ലുകയുണ്ടായി.
കഴിഞ്ഞ ദിവസം വനപാലകർ സ്ഥലത്തെത്തി ക്യാമറ സ്ഥാപിക്കുകയുണ്ടായിരുന്നു. അടുമാരിയിൽ നിന്ന് ആടിനെ പിടിച്ച കടുവ ഇപ്പോഴും സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ ഉണ്ടെന്ന് നാട്ടുകാർ പറയുന്നത്.
പ്രദേശത്ത് ഭീതി പരത്തുന്ന കടുവയെ കൂട് വച്ച് പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ വനം വകുപ്പ് ഉദ്യേഗസ്ഥരുടെ മുന്നിൽ പ്രതിഷേധിക്കുകയുണ്ടായി. ബേഗൂർ റെയിഞ്ച് ഓഫീസർ രതീശന്റെ നേതൃത്വത്തിലുള്ള വനപാലകർ പ്രദേശത്ത് തിരച്ചിൽ നടത്തുന്നുണ്ട്. ബത്തേരിയിൽ നിന്ന് റാപ്പിഡ് റെസ്പ്പോൺസ് ടീം എത്തി ആധുനിക രീതിയിലുള്ള പരിശോധന നടത്തുമെന്ന് വനപാലകർ അറിയിച്ചു.