മികച്ച നേട്ടവുമായി വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രം

മികച്ച നേട്ടവുമായി വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രം

രാജ്യത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യകേന്ദ്രങ്ങളുടെ പട്ടികയില്‍ ഇടം നേടി വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രം. ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ക്യുഎഎസ്) പരിശോധനയില്‍ വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രം മികച്ച മാര്‍ക്ക് നേടി. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ദേശിയതലത്തിലുമായി നടത്തിയ വിവിധ മൂല്യനിര്‍ണ്ണയങ്ങളിലൂടെയാണ് ആശുപത്രികളെ എന്‍ക്യുഎഎസ് അംഗീകാരത്തിനായി തെരഞ്ഞെടുക്കുന്നത്.എന്‍ക്യുഎഎസ് അംഗീകാരം ലഭിക്കുന്ന ജില്ലയിലെ ഏഴാമത്തെ ആരോഗ്യകേന്ദ്രമാണ്് വഴിക്കടവ് കുടുംബാരോഗ്യ കേന്ദ്രം. ചോക്കാട് കുടുംബാരോഗ്യകേന്ദ്രം, എഫ്.എച്ച്.സി. തിരുന്നാവായ, പി.എച്ച്.സി. ചാലിയാര്‍, പാണ്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രം, അമരമ്പലം കുടുംബാരോഗ്യകേന്ദ്രം, കോട്ടക്കല്‍ കുടുംബാരോഗ്യകേന്ദ്രം എന്നിവ എന്‍ക്യുഎഎസ് ലഭിച്ച മറ്റു സ്ഥാപനങ്ങളാണ്. ആവശ്യത്തിന് ലാബ് ടെക്‌നിഷ്യന്‍, ഫാര്‍മസിസ്റ്റ് ജീവനക്കാരുടെ സേവനവും, മരുന്നുകളുടെയും ലാബ് ടെസ്റ്റുകളുടെ ലഭ്യതയും ഉറപ്പുവരുത്തി ലബോറട്ടറിയുടെയും ഫാര്‍മസിയുടെയും പ്രവര്‍ത്തനം കാര്യക്ഷമാക്കി.

കണ്‍സള്‍ട്ടേഷന്‍, ഒബ്‌സര്‍വേഷന്‍ മുറികളുടെ സ്വകാര്യത ഉറപ്പുവരുത്തുകയും കുത്തിവെയ്പ്പിനും മൈനര്‍ സര്‍ജറിക്കും കൗണ്‍സിലിങ്ങിനുമുള്ള മുറികള്‍, മുലയൂട്ടുന്നതിനുള്ള മുറികള്‍, വിവിധ തരത്തിലുള്ള ആശുപത്രി മാലിന്യ സംസ്‌കരണം, ആശുപത്രി ജീവനക്കാര്‍ക്ക് വിവിധതരം പരിശീലന പരിപാടികള്‍, അണുനശീകരണ സംവിധാനങ്ങള്‍, കൗമാരാരോഗ്യ ക്ലീനിക്കുകള്‍ എന്നിവ തയ്യാറാക്കി.ഒ.പി. വിഭാഗം, ലബോറട്ടറി, ഫാര്‍മസി, പൊതുജനാരോഗ്യവിഭാഗം, എന്നിവയുടെ പ്രവര്‍ത്തനം, ദേശീയ ആരോഗ്യ പദ്ധതികളുടെ നടത്തിപ്പ്, പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനം, മാതൃശിശു ആരോഗ്യം, ജീവിതശൈലി രോഗ നിയന്ത്രണം, പ്രതിരോധ കുത്തിവെയ്പ്പ്, ജീവനക്കാരുടെ സേവനം, രോഗികളുടെയും ജീവനക്കാരുടെയും അഭിപ്രായങ്ങള്‍ അനുസരിച്ചുള്ള മികച്ച സേവനം, ഓഫീസ് നിര്‍വഹണം എന്നീ വിഭാഗങ്ങളുടെ മികച്ച പ്രവര്‍ത്തനമാണ് അംഗീകാരം ലഭിക്കാന്‍ കാരണമായത്.

ഗുണനിലവാരം നിലനിര്‍ത്തുന്നതിന് മൂന്ന് വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ലഭിക്കും.സര്‍വീസ് പ്രൊവിഷന്‍, പേഷ്യന്റ് റൈറ്റ്, ഇന്‍പുട്‌സ്, സപ്പോര്‍ട്ടീവ് സര്‍വീസസ്, ക്ലിനിക്കല്‍ സര്‍വീസസ്, ഇന്‍ഫെക്ഷന്‍ കണ്‍ട്രോള്‍, ക്വാളിറ്റി മാനേജ്‌മെന്റ്, ഔട്ട് കം, എന്നീ എട്ട് വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകള്‍ വിലയിരുത്തിയാണ് എന്‍.ക്യു.എ.എസ് അംഗീകാരം നല്‍കുന്നത്. ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമുള്ള പരിശോധനയ്ക്ക് ശേഷം എന്‍.എച്ച്.എസ്.ആര്‍.സി നിയമിക്കുന്ന ദേശീയതല പരിശോധകര്‍ നടത്തുന്ന പരിശോധനകള്‍ക്ക് ശേഷമാണ് ആശുപത്രികളുടെ ഗുണനിലവാര മാനദണ്ഡം ഉറപ്പാക്കുന്നത്. ഇവയില്‍ ഓരോ വിഭാഗത്തിലും 70 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടുന്ന സ്ഥാപനങ്ങള്‍ക്ക് ഭാരത സര്‍ക്കാര്‍ എന്‍.ക്യു.എ.എസ് അംഗീകാരം നല്‍കുന്നത്.അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനും ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാനും എന്‍.എച്ച്.എമ്മിന്റെയും പഞ്ചായത്തിന്റെയും ഫണ്ടുകള്‍ വിനിയോഗിച്ചു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന, എന്‍.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ. ഷിബുലാല്‍, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. കെ.എം അമീന്‍ ഫൈസല്‍, ക്വാളിറ്റി നോഡല്‍ ഓഫീസര്‍ ഡോ. ലാല്‍ പരമേശ്വരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ആശുപത്രി ജീവനക്കാരുടെയും പിആര്‍ഒയുടേയും ആരോഗ്യപ്രവര്‍ത്തകരുടെയും കൂട്ടായ പ്രവര്‍ത്തനമാണ് ഈ ആശുപത്രിക്ക് എന്‍ക്യുഎഎസ് അംഗീകാരം നേടിയെടുക്കാന്‍ സഹായകമായത്. എല്ലാ ആരോഗ്യസ്ഥാപനങ്ങളുടെയും ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി എല്ലാ ജില്ലകളിലും ക്വാളിറ്റി അഷ്വറന്‍സ് യൂനിറ്റ് പ്രവര്‍ത്തിച്ചുവരുന്നുണ്ട്.

Leave A Reply
error: Content is protected !!