പടിഞ്ഞാറത്തറ: 35 വർഷങ്ങൾ പിന്നിട്ടിട്ടും ഒരു നടപ്പാത പോലും അനുവദിക്കാത്ത പഞ്ചായത്തിന്റെയും ജനപ്രതിനിധികളുടെയും സമീപനത്തിൽ പ്രതിഷേധിച്ച് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ് ചെറുശ്ശേരിപള്ളി കുന്നേരിക്കുന്ന് നിവാസികൾ റോഡരികിൽ ബോർഡ് സ്ഥാപിക്കുകയുണ്ടായി. മെയിൻ റോഡിൽ നിന്ന് ചെറുവേരി പള്ളിയിലേക്ക് പോകുന്ന വരമ്പു വഴി ഒരു നടപ്പാത പോലും നിർമ്മിക്കാൻ സമ്മതിക്കുന്നില്ലെന്നാണ് പ്രദേശവാസികൾ പരാതി പറയുന്നത്.
കുപ്പാടിത്തറ വില്ലേജ് ഓഫീസിലും പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലും പരാതി അറിയിച്ച്ചെങ്കിലും അധികൃതർ അനുകൂല നടപടിയെടുക്കുകയുണ്ടായില്ല . സ്ഥല ഉടമകളായ രണ്ട് വ്യക്തികൾ ആണ് നടപ്പാത നിർമാണത്തിന് തടസ്സമായി തുടരുന്നത്. ഇരുപതിലധികം വീടുകൾ ഈ പ്രദേശത്തുണ്ട്. മാസങ്ങൾക്കു മുമ്പ് അസുഖം ബാധിച്ച് കുഴഞ്ഞുവീണ മതപണ്ഡിതനായ ഒരു വൃദ്ധനെ കസേരയിൽ ഇരുത്തി ചുമന്ന് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും ആൾ മരിച്ചുപോയ അവസ്ഥയുണ്ടായി.പതിറ്റാണ്ടുകളായുള്ള ആവശ്യം അംഗീകരിക്കാതെ വന്നപ്പോഴാണ് പ്രദേശവാസികൾ ഇങ്ങനെ പ്രതിഷേധവുമായി രംഗത്തുവന്നത്.