കട്ടപ്പന: പ്രഭാത സവാരിക്കിടെ അംഗൻവാടി ജീവനക്കാരിയേയും മകനെയും പേപ്പട്ടി ആക്രമിച്ചു. കോവിൽമല കണ്ണംകുളത്ത് രാജമ്മ(60), മകൻ കെ.എസ്. ദിനു(36) എന്നിവർക്ക് ആക്രമണത്തെ തുടർന്ന് ഗുരുതരമായി പരിക്കേൽക്കുകയുണ്ടായി. രോഗിയായ രാജമ്മ ഡോക്ടറുടെ നിർദേശപ്രകാരം വ്യായാമത്തിന്റെ ഭാഗമായാണ് മകൻ ദിനുവിനൊപ്പം ശനിയാഴ്ച രാവിലെ ആറരയോടെ സവാരിക്കിറങ്ങിയത്. നടന്നുനീങ്ങുന്നതിനിടെ എതിരെവന്ന പേപ്പട്ടി ആക്രമിക്കുകയായിരുന്നു ഉണ്ടായത്. നായയുടെ കടിയേറ്റ് രാജമ്മയുടെ കൈയിൽ ആഴത്തിൽ മുറിവേൽക്കുകയുണ്ടായി. ആക്രമണത്തിൽ നിന്നു രക്ഷപ്പെടുന്നതിനിടെ വീണ് കൈയുടെ അസ്ഥിക്ക് പൊട്ടലേറ്റു .
അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ദിനുവിന്റെ കാലിലും കടിയേൽക്കുകയുണ്ടായി . ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാജമ്മയുടെ കൈയിൽ ആഴത്തിൽ മുറിവേറ്റതിനാൽ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ഇതേ നായയുടെ കടിയേറ്റ്, പ്രദേശവാസികളായ ബിനു, ഷാന്റി എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. അക്രമകാരിയായ പേപ്പട്ടിയെ പിന്നീട് നാട്ടുകാർ തല്ലിക്കൊല്ലുകയും ചെയ്തു.