പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ മുക്കവല – കൊത്തിയപാറ – പട്ടാണിപ്പാറ റോഡ് തകർന്നതോടെ യാത്രക്കാർ ദുരിതത്തിലായിരിക്കുകയാണ്. പാതയുടെ പാറത്തോട്ടംപടി ഭാഗത്തെ ഒരു കിലോമീറ്റർ ഭാഗം പാടെ തകർന്നു പോയതിനാൽ കടുത്ത ദുരിതമാണ് യാത്രക്കാർക്ക് ഉണ്ടായിരിക്കുന്നത്. തകർന്നു കിടക്കുന്ന പാത ഗതാഗത യോഗ്യമാക്കാൻ ഉടൻ നടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ഉന്നയിക്കുന്ന ആവശ്യം .ലക്ഷങ്ങൾ വകയിരുത്തി ടെണ്ടർ നൽകിയെങ്കിലും പണി ഇടക്കു വെച്ച് നിർത്തി കരാറുകാർ മുങ്ങിയതിനാൽ ഇതിലൂടെയുള്ള ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്.
കൂടാതെ രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടു പോകാൻ പോലും കഴിയാത്ത അവസ്ഥയാണ്.ടാറിംഗ് നടത്തി റോഡ് ഗതാഗതയോഗ്യമാക്കുന്നതിന് മഴ തടസമാണെന്നാണു കരാറുകാർ അറിയിക്കുന്നത് .പേരാമ്പ്ര അസി.എക്സി.എഞ്ചിനീയറുടെ പരിധിയിൽ പെടുന്ന റോഡാണിത്. നൂറുകണക്കിനു കുടുംബങ്ങൾ അധിവസിക്കുന്ന പ്രദേശത്തെ റോഡ് തകർന്നുകിടക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ പിന്നിടുന്നു. ഇനിയും ഗതാഗത യോഗ്യമാക്കാൻ നടപടി സ്വീകരിക്കാത്തത് കടുത്ത പ്രതിഷേധത്തിനു ഇടയാക്കിയിരിക്കുകയാണ്.