പാലക്കാട്: പൊലീസ് നിയമ ഭേദഗതി പിൻവലിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പ് പറയണമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. പുതിയ നിയമം സുപ്രിം കോടതി നിലപാടിനും ഭരണഘടനയ്ക്കും വിരുദ്ധമാണ്. ധനമന്ത്രിക്ക് കുറച്ച് നാളായി ബുദ്ധിഭ്രമമാണ് എന്നും ഓലപ്പാമ്പിനെ കാട്ടി കേന്ദ്ര ഏജന്‍സികളെ പേടിപ്പിക്കേണ്ടെന്നും മുരളീധരന് പറഞ്ഞു.
ഇഡി നിരന്തരം കേസ് എടുക്കുന്നുവെന്ന് കള്ളപ്രചരണം നടത്തുകയാണ് ധനമന്ത്രി ചെയ്യുന്നത്. സഹതാപ തരംഗം പിടിച്ചു പാറ്റുകയാണ് സർക്കാർ ലക്ഷ്യമെന്നും ഇത് വിലപ്പോകില്ലെന്നും കേന്ദ്ര മന്ത്രി വി മുരളീധരൻ പറഞ്ഞു. അതേസമയം ഭേദഗതി അഭിപ്രായ സ്വാതന്ത്ര്യത്തിനോ മാധ്യമ സ്വാതന്ത്ര്യത്തിനോ എതിരല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിയമഭേദഗതി മൗലികാവകാശത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. സര്‍ക്കാര്‍ നടപടി അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് തുല്യമാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.