'ഫാന്‍ പേജുകളില്‍ നിന്നും എന്‍റെ ചിത്രങ്ങള്‍ നീക്കണം; അഭ്യര്‍ഥനയുമായി സൈറ വസീം

‘ഫാന്‍ പേജുകളില്‍ നിന്നും എന്‍റെ ചിത്രങ്ങള്‍ നീക്കണം; അഭ്യര്‍ഥനയുമായി സൈറ വസീം

മതജീവിതത്തിന് മുൻ‌തൂക്കം നൽകാനുള്ള തീരുമാനത്താല്‍ സിനിമാജീവിതം അവസാനിപ്പിക്കുകയാണെന്ന് 2019 ജൂണിലാണ് ബോളിവുഡ് താരം സൈറ വസീം പ്രഖ്യാപിക്കുകയുണ്ടായത്. സിനിമാരംഗത്തേക്ക് കടന്നുവന്നതിനു ശേഷം ജീവിതം മറ്റൊന്നായി മാറിയെന്നും അജ്ഞത കൊണ്ട് വിശ്വാസത്തില്‍ നിന്നും അകന്നു നില്‍ക്കേണ്ടിവന്നുവെന്നും അന്ന് പുറത്തിറക്കിയ പ്രസ്താവനയില്‍ സൈറ പറയുകയുണ്ടായി. ഇപ്പോഴിതാ ആരാധകരോട് ഒരിക്കല്‍ നടത്തിയ അഭ്യര്‍ഥന വീണ്ടും ആവര്‍ത്തിച്ച് രംഗത്തുവന്നിരിക്കുകയാണ് സൈറ വസീം. തന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഫാന്‍ പേജുകളില്‍ നിന്ന് നീക്കം ചെയ്യണമെന്നതാണ് താരത്തിന്റെ അഭ്യർത്ഥന.

“നല്‍കിയ സ്നേഹത്തിനും കാരുണ്യത്തിനും ഓരോരുത്തരോടും നന്ദി പറയുന്നു. ഒരു ചെറിയ സഹായം ഓരോരുത്തരോടും എനിക്ക് ചോദിക്കാനുണ്ട്. നിങ്ങളുടെ അക്കൗണ്ടുകളില്‍ നിന്നും മറ്റു ഫാന്‍ പേജുകളില്‍ നിന്നും എന്‍റെ ചിത്രങ്ങള്‍ നീക്കംചെയ്യാമോ എന്നതാണ് അത്. ഇന്‍റര്‍നെറ്റില്‍ നിന്നും അവയെല്ലാം നീക്കംചെയ്യുക അസാധ്യം തന്നെയാണ്. അതിനാല്‍ എനിക്ക് അപേക്ഷിക്കാനാവുന്നത്, നിങ്ങളുടെ പേജുകള്‍ അവ വീണ്ടും ഷെയര്‍ ചെയ്യുന്നത് ഒഴിവാക്കാനാവുമോ എന്നതാണ്. മുന്‍പ് നല്‍കിയിരുന്നതുപോലെ ഈ കാര്യത്തിലും നിങ്ങള്‍ എന്നെ പിന്തുണയ്ക്കുമെന്ന് കരുതുന്നു. എന്‍റെ ജീവിതത്തില്‍ ഒരു പുതിയ അധ്യായം തുടങ്ങാനുള്ള ശ്രമത്തിലാണ് ഞാന്‍. നിങ്ങളുടെ സഹകരണം എനിക്ക് വലിയ സഹായമാവും. ഈ യാത്രയില്‍ ഭാഗമായതിന് നന്ദി. അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ”, സൈറ വസീം ഇന്‍സ്റ്റഗ്രാമില്‍ കുറിക്കുകയുണ്ടായി.

ആമിര്‍ ഖാന്‍ നായകനായ ‘ദംഗലി’ലൂടെ ഏറെ ശ്രദ്ധ നേടിയ സിനിമാ അരങ്ങേറ്റമായിരുന്നു സൈറയുടേത്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരവും ലഭിക്കുകയുണ്ടായി. ആമിര്‍ ഖാന്‍ നിര്‍മ്മിച്ച ‘സീക്രട്ട് സൂപ്പര്‍സ്റ്റാര്‍’ എന്ന ചിത്രത്തിലും സൈറ വസീം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. ‘ദി സ്കൈ ഈസ് പിങ്ക്’ (2019) ആണ് സൈറയുടേതായി അവസാനം പുറത്തെത്തിയ സിനിമ.

Leave A Reply

error: Content is protected !!