ലീഗ് അങ്കലാപ്പിൽ : യു ഡി എഫിന് മൗനം

ലീഗ് അങ്കലാപ്പിൽ : യു ഡി എഫിന് മൗനം

മുസ്‌ലിം ലീഗിന്റെ രണ്ട് എം എൽ എ മാർ അകത്തായി ഇനി വിജിലൻസിന്റെ അടുത്ത ലക്ഷ്യം കെ.എം. ഷാജി എം.എല്‍.എയെന്ന ആശങ്കയിലാണ് യു ഡി എഫ് . നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പ് ഷാജി അകത്താകുന്ന വിധത്തിലുള്ള വിജിലന്‍സ് അന്വേഷണങ്ങളാണ് പുരോഗമിക്കുന്നത്.

പ്ലസ് ടു കോഴ്‌സ് അനുവദിക്കുന്നതിനു 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസിലും വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിലുമാണ് ഷാജിക്കെതിരെ നടക്കുന്ന വിജിലന്‍സ് അന്വേഷണങ്ങള്‍. ഷാജിക്കെതിരേ കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നുണ്ടെങ്കിലും മുസ്ലിംലീഗ് ഭയക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ വിജിലന്‍സ് അന്വേഷണത്തെയാണ്.

2014-ല്‍ അഴീക്കോട് ഹൈസ്‌കൂളില്‍ പ്ലസ് ടു കോഴ്‌സ് അനുവദിക്കാന്‍ ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയതായുള്ള പരാതിയില്‍ കണ്ണൂര്‍ വിജിലന്‍സ് എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത് . ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തി വിദേശത്തുനിന്നടക്കം കെ.എം. ഷാജി പണം കൈപ്പറ്റിയതായും നിരവധി തവണ വിദേശയാത്ര നടത്തിയതായും പരാതിയുണ്ട് .

കോഴിക്കോട് മാലൂര്‍കുന്നില്‍ ഷാജി നിര്‍മിച്ച 1.62 കോടി രൂപ വിലമതിക്കുന്ന വീടാണ് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനമെന്ന അന്വേഷണത്തിലേക്ക് നയിച്ച പ്രധാന ഘടകം. ഭൂമി വാങ്ങി മറിച്ചുവില്‍ക്കുന്നതിനായി ഷാജിയും പ്രതിപക്ഷ ഉപനേതാവ് ഡോ:എം.കെ മുനീറും മുന്‍ പി.എസ്.സി അംഗം ടി.ടി ഇസ്മയിലും ചേര്‍ന്ന് 93 സെന്റ് സ്ഥലം വാങ്ങിയെന്നാണ് മറ്റൊരു ആരോപണം.

പിന്നീട് ഇസ്മയിലും മുനീറും ഇതില്‍നിന്നു പിന്മാറി. ഷാജി സ്ഥലം സ്വന്തമാക്കി ഇവിടെ വീട് നിര്‍മിച്ചു. 3200 ചതുരശ്ര അടിയില്‍ ഇരുനില വീട് നിര്‍മിക്കുന്നതിനാണ് ഷാജിക്ക് കോഴിക്കോട് കോര്‍പറേഷന്‍ അനുമതി നല്‍കിയിരുന്നതെങ്കിലും 5260 ചതുരശ്ര അടിയില്‍ മൂന്നുനില വീടാണ് നിര്‍മിച്ചത്.

കണ്ണൂര്‍ ചിറക്കല്‍ പഞ്ചായത്തില്‍ 28 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച മറ്റൊരു വീടും ഷാജിക്കുണ്ട്. അന്വേഷണം വേഗത്തിലാക്കാന്‍ ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം പാലാരിവട്ടം മേല്‍പ്പാലം അഴിമതിയുടെ സൂത്രധാരന്‍ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞെന്നു വിജിലന്‍സിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിൽ പറയുന്നു . മൂന്നുഘട്ടമായാണ് അഴിമതി ആസൂത്രണം ചെയ്ത് നടപ്പാക്കിയതത്രെ .

കരാര്‍ ഏജന്‍സിയെ തെരഞ്ഞെടുത്തതു മുതല്‍ മൊബിെലെസേഷന്‍ ഫണ്ട് അനുവദിക്കുന്നതുവരെയുള്ള മുഴുവൻ കാര്യങ്ങളും ഇബ്രാഹിംകുഞ്ഞിന് അറിയാമായിരുന്നു. 13കോടി 45 ലക്ഷം രൂപയുടെ അഴിമതി നടന്നെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

പാലം നിര്‍മാണത്തിനായി ടെന്‍ഡര്‍ നടപടി ആരംഭിച്ചതു മുതല്‍ അഴിമതിക്കു കളമൊരുങ്ങിയിരുന്നു . മൊബിെലെസേഷന്‍ ഫണ്ട് നല്‍കില്ലെന്നു വ്യക്തമാക്കിയാണ് ആദ്യഘട്ടത്തില്‍ ടെന്‍ഡര്‍ ക്ഷണിച്ചത്. പിന്നീട് നിയമവിരുദ്ധമായി നിര്‍മാണക്കമ്പനിക്കു മൊബിെലെസേഷന്‍ ഫണ്ട് നല്‍കി. ടെന്‍ഡര്‍ നടപടികളില്‍ രണ്ട് കമ്പനികള്‍ മാത്രമാണു പങ്കെടുത്തത്.

അഴിമതിക്കായി ഗൂഢാലോചനയും അധികാരദുര്‍വിനിയോഗവും നടന്നു. മൂന്നാംഘട്ടത്തില്‍ നിര്‍മാണസാമഗ്രികളുടെ ഗുണനിലവാരത്തിലും അളവിലും കുറവുവരുത്തി. നിര്‍മിച്ച പാലം പൊളിച്ചുനീക്കേണ്ടിവന്നു. പാലം നിര്‍മാണത്തിന്റെ നാള്‍വഴികളിലെല്ലാം അഴിമതി നടന്നു.

മൊബിെലെസേഷന്‍ ഫണ്ട് ലഭിക്കില്ലെന്നറിഞ്ഞ് കമ്പനികളിലൊന്ന് പിന്മാറി. പിന്നീട്, ആര്‍.ഡി.എസ്. കമ്പനിക്കു കരാര്‍ നല്‍കിയശേഷം മൊബിെലെസേഷന്‍ ഫണ്ട് അനുവദിച്ചതു ടെന്‍ഡര്‍ നടപടികള്‍ക്കും സര്‍ക്കാര്‍ ചട്ടങ്ങള്‍ക്കും വിരുദ്ധമാണ്.

ഏഴ് ശതമാനമെന്ന കുറഞ്ഞ പലിശനിരക്ക് നിശ്ചയിച്ചതിനു പിന്നിലും ഇബ്രാഹിംകുഞ്ഞിനു പങ്കുണ്ട്. നിര്‍മാണക്കരാര്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ 14.5% പലിശയ്ക്കു കരാര്‍ കമ്പനി സൗത്ത് ഇന്ത്യന്‍ ബാങ്കില്‍നിന്ന് ഓവര്‍ഡ്രാഫ്റ്റ് എടുത്തിരുന്നു.

ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ 7% പലിശയ്ക്കു മൊബിെലെസേഷന്‍ ഫണ്ട് നല്‍കിയത് അഴിമതിക്കു കളമൊരുക്കാനാണ്. കേരള റോഡ് ഫണ്ട് ബോര്‍ഡില്‍നിന്നാണു കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനു ഫണ്ട് അനുവദിച്ചത്. ഈ തുക കരാറുകാരനു ലഭിച്ചു. റോഡ് ഫണ്ട് ബോര്‍ഡിന്റെ വൈസ് ചെയര്‍മാനും റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനും ആയിരുന്നു ഇബ്രാഹിംകുഞ്ഞ്.

അധികാരദുര്‍വിനിയോഗം, ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണു മുന്‍മന്ത്രിക്കെതിരേ ചുമത്തിയിരിക്കുന്നത്. ഇത്രയൊക്കെ സംഭവങ്ങൾ നടന്നുവെങ്കിലും യു ഡി എഫ് ഘടക കക്ഷികൾ മൗനത്തിലായത് ശ്രദ്ധേയമാണ് . കോൺഗ്രസ്സിന്റെയുൾപ്പെടെയുള്ള സൈബർ പോരാളികളുടെ മൗനം ലീഗിനെ അസ്വസ്ഥമാക്കുന്നു .

Leave A Reply

error: Content is protected !!