ആധാര്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് റേഷന്‍ വിഹിതം മുടങ്ങും

ആധാര്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് റേഷന്‍ വിഹിതം മുടങ്ങും

മലപ്പുറം: റേഷന്‍ കാര്‍ഡുകള്‍ക്കുള്ള പ്രതിമാസ വിഹിതം പൂര്‍ണ്ണമായും ആധാര്‍ അടിസ്ഥാനമാക്കിയതിനാല്‍ പൊന്നാനി താലൂക്കില്‍ റേഷന്‍ കാര്‍ഡില്‍ മുഴുവന്‍ അംഗങ്ങളുടെയും ആധാര്‍ ബന്ധിപ്പിക്കാത്തവര്‍ക്ക് റേഷന്‍വിഹിതം മുടങ്ങുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. നിലവില്‍ മുഴുവന്‍ അംഗങ്ങളുടെയും ആധാര്‍ ബന്ധിപ്പിക്കാത്തവര്‍ ഈ മാസം (നവംബര്‍) 21 ന് നകം റേഷന്‍കടകള്‍, അക്ഷയകേന്ദ്രങ്ങള്‍, താലൂക്ക് സപ്ലൈ ഓഫീസുകള്‍ എന്നിവിടങ്ങളില്‍ റേഷന്‍കാര്‍ഡുമായെത്തി മുഴുവന്‍ അംഗങ്ങളുടെയും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടതാണ്. റേഷന്‍ കാര്‍ഡില്‍ എല്ലാ അംഗങ്ങളുടെയും പേര് ചേര്‍ത്തിട്ടുണ്ടെന്ന് റേഷന്‍കടകളിലും അക്ഷയസെന്ററിലും താലൂക്ക് സപ്ലൈ ഓഫീസിലുമെത്തി റേഷന്‍കാര്‍ഡുടമകള്‍ക്ക് പരിശോധിച്ച് ഉറപ്പുവരുത്താം.

പൊന്നാനി താലൂക്കില്‍ അനര്‍ഹമായി എഏവൈ,പിഎച്ച്എച്ച് റേഷന്‍കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ളവര്‍ അടിയന്തിരമായി താലൂക്ക് സപ്ലൈ ഓഫീസില്‍ ഹാജരായി അവ പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്നും അല്ലെങ്കില്‍ കര്‍ശന നടപടികള്‍ നേരിടേണ്ടി വരുമെന്നും താലൂക്ക് സ്‌പ്ലൈ ഓഫീസര്‍ അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ആദായനികുതി ഒടുക്കുന്നവര്‍, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വ്വീസ് പെന്‍ഷണര്‍, 1000 സ്‌ക്വയര്‍ഫീറ്റിനു മുകളില്‍ വീടുള്ളവര്‍, നാലുചക്രവാഹനം സ്വന്തമായുള്ളവര്‍, ഒരു ഏക്കറില്‍ കൂടുതല്‍ ഭൂമിയുള്ളവര്‍ എന്നിങ്ങനെയുള്ളവര്‍ അനര്‍ഹമായി കൈവശം വെച്ചിട്ടുള്ള മഞ്ഞ/പിങ്ക് നിറത്തിലുള്ള റേഷന്‍ കാര്‍ഡുകള്‍ ഹാജരാക്കി പൊതുവിഭാഗത്തിലേക്ക് മാറ്റി വാങ്ങണം. ഒന്നിലധികം റേഷന്‍കാര്‍ഡുകളില്‍ പേരുള്ളവര്‍, മരണപ്പെട്ടിട്ടും റേഷന്‍കാര്‍ഡില്‍ നിന്നും പേര് നീക്കം ചെയ്യാത്തവ എന്നിവരുടെ പേരുകളും അടിയന്തിരമായി റേഷന്‍കാര്‍ഡില്‍ നിന്നും ഒഴിവാക്കേണ്ടതാണ്. റേഷന്‍ കാര്‍ഡില്‍ കാര്‍ഡുടമകള്‍ നിലവില്‍ ഉപയോഗിക്കുന്ന ഫോണ്‍ നമ്പര്‍ അക്ഷയസെന്ററുമായി ബന്ധപ്പെട്ട് നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം.

Leave A Reply
error: Content is protected !!