ഒൻപത് ദിവസം നീണ്ടുനിന്ന കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് സമാപനം കുറിച്ചു. കർണാടകയിൽ കോവിഡ് വ്യാപന പശ്ചാത്തലമായതിനാൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് കർശന നിയന്ത്രണങ്ങളോടെയായിരുന്നു ഇത്തവണത്തെ ചടങ്ങുകൾ. അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ വാഗ്ദേവതയുടെ സന്നിധിയിൽ ഇത്തവണയും കേരളത്തിൽ നിന്നും മറ്റും നിരവധി ആൾക്കാരാണ് എത്തിയത്. ഞായറാഴ്ച്ച പുലർച്ചെ നട തുറന്നതോടെ വിദ്യാരംഭം ചടങ്ങുകൾ ആരംഭിച്ചു.
കുട്ടിക്കൊപ്പം രക്ഷിതാക്കളിൽ ഒരാളെ മാത്രമേ ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിൽ പ്രവേശിപ്പിച്ചുള്ളൂ. മുഖ്യ തന്ത്രി രാമചന്ദ്ര അഡിഗയുടെ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ നടത്തിയത്. നവരാത്രി മഹോത്സവത്തിലെ പ്രധാന ചടങ്ങായ രഥാ രോഹണം നേരിൽ കാണാൻ വൻ ഭക്തജനത്തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനാൽ അരങ്ങേറ്റ പരിപാടികൾ ഉൾപ്പെടെ ഈ വർഷത്തെ ആഘോഷത്തിൽ നിന്ന് ഒഴിവാക്കി. രാത്രിയിൽ വിജയോത്സവത്തോടെ കൊല്ലൂരിലെ നവരാത്രി – വിജയദശമി ആഘോഷങ്ങൾക്ക് പരിസമാപ്തിയായി.