രഞ്ജു രഞ്ജിമാര്‍ സംവിധാനത്തിലേക്ക് ; 'കുട്ടിക്കൂറ' ഉടൻ ഷൂട്ടിംഗ് ആരംഭിക്കും

രഞ്ജു രഞ്ജിമാര്‍ സംവിധാനത്തിലേക്ക് ; ‘കുട്ടിക്കൂറ’ ഉടൻ ഷൂട്ടിംഗ് ആരംഭിക്കും

ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാര്‍ സംവിധാനത്തിലേക്ക് എത്തുകയാണ്. 20 വര്‍ഷമായി സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന രഞ്ജു രഞ്ജിമാര്‍ അവരുടെ തന്നെ പതിനെട്ടാം വയസിലുണ്ടായ അനുഭവമാണ് ചിത്രീകരിക്കുന്നത്. ‘കുട്ടിക്കൂറ’ എന്നാണ് സിനിമയ്ക്ക് നൽകിയിരിക്കുന്ന പേര് . ഒരാഴ്ചക്കുള്ളില്‍ ചിത്രീകരണം കൊച്ചിയില്‍ ആരംഭിക്കും.

ചിത്രത്തിലെ വിഷയം മാതൃത്വമാണെന്ന് അവർ അറിയിച്ചു. കൂടാതെ ഇതിന്റെ തിരക്കഥ ഒരുക്കുന്നതും രഞ്ജു രഞ്ജിമാര്‍ തന്നെയാണ്. പതിനെട്ടാം വയസില്‍ ഒരു സ്ഥലത്ത് വീട്ടു ജോലിക്ക് നിന്നിരുന്നു. അവിടെയുള്ള ഇളയ കുഞ്ഞുമായി തനിക്ക് വലിയ ആത്മബന്ധമുണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം , ഇപ്പോള്‍ അവര്‍ എവിടെയാണെന്ന് അറിയില്ല എന്നാണ് രഞ്ജു ടൈംസ് ഓഫ് ഇന്ത്യയോട് പറയുകയുണ്ടായത്. ഏറെ അന്വേഷിച്ചെങ്കിലും അവരെ കണ്ടെത്താൻ സാധിച്ചില്ല. അന്നത്തെ ഓര്‍മ്മകള്‍ ചേര്‍ത്താണ് സിനിമ ഒരുക്കുന്നതെന്നും രഞ്ജു രഞ്ജിമാര്‍ കൂട്ടിച്ചേർത്തു.

ചിത്രത്തില്‍ പ്രധാന വേഷത്തില്‍ രഞ്ജു തന്നെയാണ് എത്തുന്നത്. മറ്റൊരു ട്രാന്‍സ്‌ജെന്‍ഡര്‍ കഥാപാത്രമായി ഹരിണി ചന്ദനയും എത്തും. പുതുമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. നടി മുക്തയേയും ചിത്രത്തില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും രഞ്ജു പറയുകയുണ്ടായി. ഈ മാസം 22ന് രഞ്ജുവിന്റെ വീട്ടില്‍ വച്ച് സംവിധായകന്‍ ലാല്‍ ജോസാണ് ചിത്രത്തിൻറെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിക്കുക. കോവിഡ് നിർദ്ദേശങ്ങൾ അനുസരിച്ച് ചിത്രീകരിച്ച് നവംബര്‍ 27ന് തന്റെ ജന്‍മദിനത്തില്‍ പുറത്തിറക്കാനാണ് ശ്രമമെന്നും രഞ്ജു രഞ്ജിമാര്‍ അറിയിച്ചു.

Leave A Reply

error: Content is protected !!