ഇന്ത്യയില്‍ കൊറോണ ബാധിച്ച് മരിച്ചത് 523 ഡോക്ടര്‍മാര്‍

ഇന്ത്യയില്‍ കൊറോണ ബാധിച്ച് മരിച്ചത് 523 ഡോക്ടര്‍മാര്‍

 

കോഴിക്കോട്: ഇന്ത്യയിൽ കോവിഡ് കാലത്ത് മരിച്ചത് 523 ഡോക്ടർമാർ. 2433 ഡോക്ടർമാർക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്നും ഐ.എം.എ. നടത്തിയ സർവേയിൽ പറയുന്നു. മരിച്ചവരിൽ 300 പേർ ജനറൽ വിഭാഗത്തിലുള്ളവരും 223 പേർ വിദഗ്ധ ഡോക്ടർമാരുമാണ്. 498 പേർ പുരുഷന്മാരും 25 പേർ സ്ത്രീകളുമാണ്.
കോവിഡ് ബാധിച്ച് ഏറ്റവും കൂടുതൽ ഡോക്ടർമാർ മരിച്ചത് തമിഴ്നാട്ടിലാണ്. 79 പേരാണ് ഇവിടെ മരിച്ചത്. ആന്ധ്രയിൽ 60, കർണാടക 57, ഗുജറാത്ത് 47, മഹാരാഷ്ട്ര 46, വെസ്റ്റ് ബംഗാൾ 36, ഉത്തർ പ്രദേശ് 33.

ഗ്രാമപ്രദേശങ്ങളിലും ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലും ജോലിചെയ്യുന്ന ഡോക്ടർമാരാണ് കോവിഡ് ബാധിച്ച് മരിക്കുന്നവരിൽ ഏറെയും.മരിച്ചവരിൽ ഏറെയും കോവിഡ് ഇതര രോഗികളെ ചികിത്സിക്കുന്നവരാണ്. കോവിഡ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാർ സ്വീകരിക്കുന്ന തരത്തിലുള്ള മുൻകരുതലുകൾ ഈ ഡോക്ടർമാർ എടുക്കേണ്ടതുണ്ട്. ഇവിടങ്ങളിൽ പലപ്പോഴും അത് സാധിക്കാത്തതും മരണനിരക്ക് കൂടാൻ കാരണമായെന്ന് ഐ.എം.എ. സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം വർഗീസ് പറഞ്ഞു.

കേരളം, ജമ്മു കശ്മീർ, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ മരണനിരക്ക് കുറവാണ്. ഗോവയിൽ മൂന്നും കേരളം, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ഓരോ ഡോക്ടർമാരുമാണ് കോവിഡ് കാരണം മരിച്ചത്.കോവിഡ് ബാധിച്ച് മരിച്ചവരിൽ 204 പേരും 60നും 70നും ഇടയിൽ പ്രായമുള്ളവരാണ്. 173 പേർ 50നും 60നും ഇടയിൽ പ്രായമുള്ളവരും 64 പേർ എഴുപത് വയസ്സിനുമുകളിൽ പ്രായമുള്ളവരുമാണ്.

ഐ.എം.എ.യുടെ സംരംഭമായ ഐ സേഫ് മോഡൽ നെറ്റ് വർക്കാണ് കേരളത്തെ തുണച്ചത്. രോഗപ്രതിരോധത്തിനും സ്വയംസുരക്ഷയ്ക്കും സ്വകാര്യ ആശുപത്രികളെ സജ്ജമാക്കുകയും ആരോഗ്യപ്രവർത്തകരെ പരിശീലിപ്പിക്കുന്നതുമാണ് ഈ പദ്ധതി. ഈ പദ്ധതി നടപ്പാക്കിയ സ്ഥാപനങ്ങളിലെ ആരോഗ്യപ്രവർത്തകർക്ക് രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ല.

Leave A Reply

error: Content is protected !!