ബെഞ്ച് ക്ലാര്‍ക്കിനെ ആക്രമിച്ച കേസ്; വഞ്ചിയൂര്‍ കോടതിയിലെ നാല്‍പ്പതോളം അഭിഭാഷകര്‍ക്ക് എതിരെ ജാമ്യമില്ലാ കേസ്

ബെഞ്ച് ക്ലാര്‍ക്കിനെ ആക്രമിച്ച കേസ്; വഞ്ചിയൂര്‍ കോടതിയിലെ നാല്‍പ്പതോളം അഭിഭാഷകര്‍ക്ക് എതിരെ ജാമ്യമില്ലാ കേസ്

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയിലെ കയ്യാങ്കളിയില്‍ അഭിഭാഷകര്‍ക്കെതിരെ കേസെടുത്തു. ബെഞ്ച് ക്ലാര്‍ക്ക് നിര്‍മ്മലാനന്ദനെ ആക്രമിച്ചതിനാണ് നാൽപ്പതോളം അഭിഭാഷകർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്. പൊതുമുതൽ നശിപ്പിക്കൽ, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, സർക്കാർ ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യൽ തുടങ്ങിയ വകുപ്പുകളാണ് അഭിഭാഷകർക്കെതിരെ ചുമത്തിയിരിക്കുന്നത്. അടുത്തിടെ വനിതാ മജിസ്ട്രേറ്റിനെ അഭിഭാഷക‌ർ ആക്രമിച്ച കേസിലെ സാക്ഷിയാണ് നിർമ്മലാനന്ദൻ.

കേസ് വിവരങ്ങൾ ചോദിച്ചതിന് മറുപടി നൽകാത്തതിനെ തുടർന്നുളള തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. പതിനൊന്നാം നമ്പര്‍ സിജെഎം കോടതിയിലെ ബഞ്ച് ക്ലാർക്ക് നിർമ്മലാനന്ദനാണ് ആക്രമിക്കപ്പെട്ടത്. ജാമ്യ ഹർജിയുടെ തീയതി എടുക്കാൻ എത്തിയ ജൂനിയർ അഭിഭാഷകനോട്  താൻ തിരക്കിലാണെന്നും വിവരങ്ങൾ രജിസ്റ്ററിൽ നിന്നും എടുക്കണമെന്നും നിർദ്ദേശിച്ചതാണ് പ്രശ്നങ്ങളുടെ തുടക്കം.  ഇതേത്തുടർന്ന് യുവ അഭിഭാഷകൻ സുഹൃത്തുക്കളായ അഭിഭാഷകരെ വിളിച്ചു വരുത്തി ക്ലാർക്കിനെ ആക്രമിച്ചെന്നാണ് പരാതി.

അഭിഭാഷകർക്കെതിരെ കോടതി ജീവനക്കാർ  സിജെഎമ്മിന് പരാതി നൽകുകയായിരുന്നു. ഈ പരാതി, 24 മണിക്കൂറിനകം കുറ്റവാളികൾക്കെതിരെ നടപടി എടുക്കണമെന്ന നിർദ്ദേശത്തോടെ സിജെഎം വഞ്ചിയൂർ സിഐക്ക് കൈമാറി. ഇതിനിടെ  ബഞ്ച് ക്ലാർക്ക് ആക്രമിച്ചെന്ന് ആരോപിച്ച് അഭിഭാഷകരും ജില്ലാ ജഡ്‍ജിക്ക് പരാതി നൽകി. ഇടതു കൈയ്ക്ക് പരിക്കേറ്റ ക്ലാർക്ക് തിരുവന്തപുരം ഫോർട്ട് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പ്രതിഷേധിച്ച് ജില്ലയിലെ ക്രിമിനൽ കോടതികളിലെ ജീവനക്കാർ ഇന്ന് കറുത്ത് ബാഡ്ജ് ധരിച്ച് ജോലി ചെയ്യാൻ തീരുമാനിച്ചു.

 

Leave A Reply

error: Content is protected !!