ധോണിയുടെ ഒരു റെക്കോർഡ് തകർന്നു ; ഇനി അലീസ നമ്പർ വൺ!

ധോണിയുടെ ഒരു റെക്കോർഡ് തകർന്നു ; ഇനി അലീസ നമ്പർ വൺ!

ബ്രിസ്ബെയ്ൻ : ഇന്ത്യൻ സൂപ്പർതാരം മഹേന്ദ്രസിങ് ധോണിയുടെ പേരിലുള്ള ഒരു റെക്കോർഡ് തകർന്നു. രാജ്യാന്തര ട്വന്റി20യിൽ ഏറ്റവും കൂടുതൽ പുറത്താക്കലുകളിൽ പങ്കാളിയായ വിക്കറ്റ് കീപ്പറെന്ന നേട്ടമാണ് ധോണിയുടെ പേരിൽനിന്ന് തുടച്ചു നീക്കപ്പെട്ടത് .ഇനി ഈ റെക്കോർഡിന് അവകാശിയായ താരം ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീമിന്റെ വിക്കറ്റ് കീപ്പർ അലീസ ഹീലി!

ഓസ്ട്രേലിയ – ന്യൂസീലൻഡ് ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് മുപ്പതുകാരിയായ ഹീലി ധോണിയുടെ റെക്കോർഡ് സ്വന്തം പേരിലാക്കിയത്. മത്സരത്തിൽ രണ്ട് പുറത്താക്കലുകളിലാണ് ഹീലി പങ്കാളിയായത്. മത്സരം എട്ടു വിക്കറ്റിന് ജയിച്ച ഓസ്ട്രേലിയ പരമ്പരയും ഉറപ്പാക്കി.114 മത്സരങ്ങളിൽനിന്ന് 92 പുറത്താക്കലുകളിൽ പങ്കാളിയായതോടെയാണ് ഹീലി ധോണിയെ മറികടന്നത്. 98 മത്സരങ്ങളിൽനിന്നാണ് ധോണി 91 പുറത്താക്കലുകളിൽ പങ്കാളിയായത്. ഇതിൽ 57 ക്യാച്ചുകളും 34 സ്റ്റംപിങ്ങുകളും ഉൾപ്പെടുന്നു. വനിതാ താരം ധോണിയെ മറികടന്നെങ്കിലും പുരുഷ താരങ്ങളിൽ രണ്ടാമതുള്ളയാൾ ധോണിയേക്കാൾ ഏറെ പിന്നിലാണ്. 71 മത്സരങ്ങളിൽനിന്ന് 63 പുറത്താക്കലുകളിൽ പങ്കാളിയായ വെസ്റ്റിൻഡീസ് താരം ദിനേഷ് രാംദിനാണ് രണ്ടാമത്. 86 മത്സരങ്ങളിൽനിന്ന് 61 പുറത്താക്കലുകളിൽ പങ്കാളിയായ ബംഗ്ലദേശ് താരം മുഷ്ഫിഖുർ റഹിം മൂന്നാമതുണ്ട്.

മത്സരത്തിൽ ടോസ് നേടിയ ന്യൂസീലൻഡ് ബാറ്റിങ്ങിന് ഇറങ്ങുകയായിരുന്നു. ന്യൂസീലൻഡ് ഇന്നിങ്സിലെ ടോപ് സ്കോററായ ആമി സാറ്റർത്‌വൈറ്റിനെ ജോർജിയ വെയർഹാമിന്റെ പന്തിൽ സ്റ്റംപ് ചെയ്ത് പുറത്താക്കിയ ഹീലി ധോണിയുടെ റെക്കോർഡിനൊപ്പമെത്തി. മാത്രമല്ല, ട്വന്റി20യിൽ 50 സ്റ്റംപിങ്ങുകൾ സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം വിക്കറ്റ് കീപ്പറെന്ന നേട്ടവും സ്വന്തമാക്കി. പിന്നീട് ലൗറന്‍ ഡൗണിനെ ജോർജിയ വെയർഹാമിന്റെ പന്തിൽത്തന്നെ ക്യാച്ചെടുത്തും മടക്കിയതോടെ റെക്കോർഡ് ഹീലിയുടെ പേരിലായി. ഇതോടെ 92 പുറത്താക്കലുകളിൽ പങ്കാളിയായ ഹീലി, ധോണിയുടെ റെക്കോർഡ് സ്വന്തം പേരിലാക്കി.

മത്സരത്തിൽ ന്യൂസീലൻഡ് ഉയർത്തിയ 129 റൺസ് വിജയലക്ഷ്യം 20 പന്തും എട്ടു വിക്കറ്റും ബാക്കിനിൽക്കെ ഓസീസ് മറികടന്നു. ഹീലി 17 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 33 റൺസെടുത്തു

Leave A Reply

error: Content is protected !!