ബയോടെക്നോളജി രംഗത്തു വന്‍ നിക്ഷേപ സാധ്യത സൃഷ്ടിക്കും: മുഖ്യമന്ത്രി

ബയോടെക്നോളജി രംഗത്തു വന്‍ നിക്ഷേപ സാധ്യത സൃഷ്ടിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം:  ബയോടെക്നോളജി രംഗത്തു വന്‍തോതില്‍ നിക്ഷേപം ആകര്‍ഷിക്കുന്ന വ്യാവസായിക ആവാസവ്യവസ്ഥ കേരളത്തില്‍ സൃഷ്ടിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ജൈവസാങ്കേതിക വിദ്യയില്‍ വലിയ വളര്‍ച്ച കൈവരിക്കാന്‍ തക്ക സവിശേഷ സാഹചര്യം സംസ്ഥാനത്തുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കില്‍ നിര്‍മിക്കുന്ന മെഡിക്കല്‍ ഡിവൈസസ് പാര്‍ക്കിന്റെ (മെഡ്സ് പാര്‍ക്ക്) ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ബയോടെക്നോളജിയില്‍ ഗവേഷണത്തിനൊപ്പം സംരംഭകത്വം ഉറപ്പാക്കുകയെന്നതാണു സര്‍ക്കാര്‍ നയമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതു മുന്‍നിര്‍ത്തിയാണു പൊതു വ്യവസായ അന്തരീക്ഷത്തെ ജൈവമേഖലയുമായി കണ്ണിചേര്‍ക്കുന്ന പ്രക്രിയയ്ക്കു തുടക്കമിട്ടത്. ഈ മേഖലയില്‍ സ്റ്റാര്‍ട്ട്അപ്പുകള്‍ക്കു പ്രത്യേക പ്രോത്സാഹം നല്‍കും. വൈദ്യശാസ്ത്ര ഉപകരണ ഉത്പാദനത്തില്‍ രാജ്യത്തിന്റെ മുന്‍തൂക്കം പ്രയോജനപ്പെടുത്താനും ഈ വ്യവസായത്തിന്റെ കേന്ദ്രമാക്കി കേരളത്തെ മാറ്റാനും മെഡ്സ് പാര്‍ക്കിനു കഴിയും. പദ്ധതി യാഥര്‍ഥ്യമാകുന്നതോടെ 1,200 പേര്‍ക്കു നേരിട്ടും 5,000 പേര്‍ക്കു പരോക്ഷമായും തൊഴില്‍ ലഭിക്കുമെന്നാണു കണക്കാക്കുന്നത്. കേരളത്തിന്റെ വ്യാവസായിക വളര്‍ച്ചയില്‍ നാഴികക്കല്ലായി മാറുന്ന പദ്ധതിയുമായി സഹകരിക്കാന്‍ കൂടുതല്‍ കമ്പനികളും സ്റ്റാര്‍ട്ടപ്പുകളും തയാറാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ലൈഫ് സയന്‍സ് പാര്‍ക്ക് വികസനത്തിനായി വലിയ ഇടപെടല്‍ നടത്തിയതായി വിഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രണ്ടു ഘട്ടങ്ങളിലായി 155 ഏക്കറോളം ഭൂമി ഇതുവരെ ഏറ്റെടുത്തു. ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുന്ന പദ്ധതികള്‍ക്കു സ്ഥലം അനുവദിച്ചുകൊണ്ടിരിക്കുന്നു. ഇതിലെ പ്രധാന പദ്ധതിയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി. ഇതിനോടനുബന്ധിച്ചു നിര്‍മിക്കുന്ന മെഡ്സ് പാര്‍ക്ക് കൂടി യാഥാര്‍ഥ്യമാകുന്നതോടെ ലൈഫ് സയന്‍സ് പാര്‍ക്കിന്റെ വികസനം ദ്രുതഗതിയിലാകും. ശരീരത്തിനകത്തും പുറത്തും ഘടിപ്പിക്കാവുന്ന ഹൈ റിസ്‌ക് ഉപകരണങ്ങളുടെ വികസനത്തിനാകും മെഡ്സ് പാര്‍ക്ക് ഊന്നല്‍ നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മെഡിക്കല്‍ ഡിവൈസസ് പാര്‍ക്കിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ മെഡിക്കല്‍ ഉപകരണ നിര്‍മ്മാണ രംഗത്ത് കേരളം സ്വയംപര്യാപ്തതയിലെത്തുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. ലൈഫ് സയന്‍സ് പാര്‍ക്കില്‍ ഒമ്പത് ഏക്കറില്‍ 230 കോടി ചെലവിലാണ് മെഡ്സ് പാര്‍ക്ക് നിര്‍മിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ വിഹിതം 150 കോടി രൂപയാണ്. 80 കോടി കേന്ദ്ര വിഹിതമാണ്. മെഡിക്കല്‍ ഗവേഷണം, പുതിയ മെഡിക്കല്‍ ഉപകരണങ്ങള്‍ വികസിപ്പിക്കല്‍, വൈദ്യശാസ്ത്ര ഉപകരണങ്ങളുടെ മൂല്യനിര്‍ണയം തുടങ്ങി വൈദ്യശാസ്ത്ര ഉപകരണ വിപണി ആവശ്യപ്പെടുന്ന എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുക എന്നതാണു മെഡ്സ് പാര്‍ക്ക് ലക്ഷ്യമിടുന്നത്.

Leave A Reply

error: Content is protected !!