പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക്‌ കാര്‍ സമ്മാനം നല്‍കി ജാര്‍ഖണ്ഡ് സര്‍ക്കാര്‍

പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക്‌ കാര്‍ സമ്മാനം നല്‍കി ജാര്‍ഖണ്ഡ് സര്‍ക്കാര്‍

റാഞ്ചി: ജാർഖണ്ഡിൽ പത്താം ക്ലാസ്സിലും പ്ലസ് ടുവിലും ഉന്നത വിജയം നേടിയ രണ്ട് വിദ്യാർഥികൾക്ക് കാർ സമ്മാനമായി നൽകി വിദ്യാഭ്യാസമന്ത്രി ജഗർനാഥ് മഹ്തോ. സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികള്‍ മികവ് പുലര്‍ത്തുന്നതിന് വേണ്ടിയാണ് വിലയേറിയ സമ്മാനം നല്‍കാനുള്ള മന്ത്രിയുടെ തീരുമാനം. ഓൾട്ടോ കാറാണ് വിദ്യാർഥികൾക്ക് സമ്മാനമായി നൽകിയത്.

പത്താംക്ലാസിലെ പരീക്ഷ ഫലം പുറത്തുവന്നതിന് പിന്നാലെ ഉയര്‍ന്ന് മാര്‍ക്ക് വാങ്ങുന്നവര്‍ക്ക് കാറുകള്‍ സമ്മാനമായി നല്‍കുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നു. ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ ആര്‍ക്കാണ് കൂടുതല്‍ മാര്‍ക്ക് എന്നകാര്യം പുറത്തുവന്നിരുന്നില്ല. പന്ത്രണ്ടാം ക്ലാസില്‍ അമിത് കുമാറാണ് കുടുതല്‍ മാര്‍ക്ക് വാങ്ങിയത്. 500ല്‍ 457 മാര്‍ക്കാണ് അമിത് നേടിയത്. പത്താം ക്ലാസില്‍ മനീഷ് കുമാറാണ് ഉയര്‍ന്ന മാര്‍ക്ക് നേടിയത്. 500ല്‍ 490 മാര്‍ക്കാണ് ഈ വിദ്യാര്‍ഥി നേടിയത്.

ബുധനാഴ്ച രാവിലെ മന്ത്രിയും സ്പീക്കറും കൂടി കാറുകളുടെ താക്കോല്‍ വിതരണം നിര്‍വഹിച്ചു. താന്‍ നല്‍കിയ വാഗ്ദാനം നിറവേറ്റിയെന്നും വരും വര്‍ഷങ്ങളില്‍ കൂടുതല്‍ മാര്‍ക്ക് വാങ്ങാന്‍ വിദ്യാര്‍ഥികളെ പ്രചോദിപ്പിക്കുകയുമാണ് ഇതിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

അടുത്തവർഷം മുതൽ ഉന്നതവിജയം നേടുന്ന വിദ്യാർഥികളുടെ പഠനം ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു. തന്റെ മണ്ഡലത്തിലെ പഠനത്തിൽ മിടുക്കരായ വിദ്യാർഥികൾക്ക് എല്ലാ വർഷവും ലാപ്ടോപ്പ് നൽകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Leave A Reply

error: Content is protected !!