ഭർത്താവ് ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി; കുടുംബവഴക്കിനെ തുടർന്ന് കൊലപാതകം

ഭർത്താവ് ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി; കുടുംബവഴക്കിനെ തുടർന്ന് കൊലപാതകം

തൃശൂർ: മാള പിണ്ടാണിയിൽ ഭാര്യയെ ഭർത്താവ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. പിണ്ടാണി സ്വദേശി റഹ്മത്ത് ആണ് മരിച്ചത്. ഭർത്താവ് ഷിൻസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് പ്രാഥമിക നിഗമനം. എറണാകുളം വടക്കേക്കര സ്വദേശിയായ ഷിൻസാദ് ഭാര്യയോടൊപ്പം പിണ്ടാണിയിലെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. പ്രവാസിയായിരുന്ന ഇയാൾ നാട്ടിലെത്തിയ ശേഷം മത്സ്യക്കച്ചവടം നടത്തുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയിലും ഇയാൾ പിണ്ടാണിയിലുണ്ടായിരുന്നു. രാവിലെ ഷിൻസാദ് രണ്ടു മക്കളേയും കൂട്ടി സ്വന്തം നാടായ വടക്കേക്കരയിലെത്തി. ഭാര്യയെ കുറിച്ച് വീട്ടുകാർ ചോദിച്ചെങ്കിലും ഷിൻസാദ് കൃത്യമായ മറുപടി നല്‍കിയില്ല. തുടര്‍ന്ന് സംശയം തോന്നിയ പിതാവ് പിണ്ടാണിയിലെ സുഹൃത്തുക്കളെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വീടിന്റെ വാതിൽ പുറത്ത് നിന്നും അടച്ച നിലയിലായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് പൂട്ടു തകർത്ത് അകത്ത് പരിശോധിച്ചപ്പോഴാണ് റഹ്മത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

മാള പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊലപാതകത്തിന് പിന്നില്‍ ഭര്‍ത്താവെന്ന് സ്ഥിരീകരിച്ചു. ഇയാളെ വടക്കേക്കരയിലെ വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിലുള്ള കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം. ഇവര്‍ക്ക് ഒമ്പതും മൂന്നും വയസുള്ള രണ്ട് കുട്ടികളുണ്ട്.

Leave A Reply

error: Content is protected !!