'മയക്കുമരുന്ന് മാഫിയ ഗൗരവമായി ചിന്തിക്കേണ്ട കാര്യം, ജയ ബച്ചന്‍ വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നു' : ജയപ്രദ

‘മയക്കുമരുന്ന് മാഫിയ ഗൗരവമായി ചിന്തിക്കേണ്ട കാര്യം, ജയ ബച്ചന്‍ വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നു’ : ജയപ്രദ

ബോളിവുഡ് സിനിമാ മേഖലയിൽ നടന്നുകൊണ്ടിരിക്കുന്ന മയക്കുമരുന്ന് വിവാദങ്ങളില്‍ സമാജ് വാദി പാര്‍ട്ടി എം.പി ജയ ബച്ചന്‍ നടത്തിയ പ്രസംഗത്തിനെതിരെ നടിയും ബിജെപി അംഗവുമായ ജയപ്രദ. ഗൗരവമായി കൈകാര്യം ചെയ്യേണ്ട വിഷയത്തെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ജയാ ബച്ചൻ ഉപയോഗിക്കുകയാണെന്ന് ജയപ്രദ പറഞ്ഞു.

‘ഗൗരവതരമായ വിഷയമാണ് രവികിഷന്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചത്. ജയാ ബച്ചന്‍ വിഷയത്തെ രാഷ്ട്രീയല്‍ക്കരിക്കുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. യുവാക്കളെ മയക്കുമരുന്നില്‍ നിന്ന് രക്ഷിക്കാനുള്ള രവികിഷന്റെ അഭിപ്രായത്തോട് ഞാന്‍ പൂര്‍ണ്ണമായി യോജിക്കുന്നു’- ജയപ്രദ പറഞ്ഞു.

ബിജെപി എംപി രവി കിഷനായിരുന്നു ബോളിവുഡിലെ ലഹരി ഉപയോഗത്തെക്കുറിച്ച് പാര്‍ലമെന്റില്‍ ചോദ്യമുന്നയിച്ചത്. തുടര്‍ന്നായിരുന്നു ജയയുടെ മറുപടി. സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് ചിലര്‍ സിനിമാ മേഖലയെ മൊത്തമായി കരിവാരി തേക്കുകയാണെന്നും പാലുകൊടുത്ത കൈയ്ക്ക് തന്നെ ചിലര്‍ കൊത്തുകയാണ് എന്നുമായിരുന്നു ജയബച്ചന്റെ പരാമര്‍ശം.

പ്രസംഗത്തിന് പിന്നാലെ ജയ ബച്ചനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ആരോപണങ്ങള്‍ക്ക് ഉഗ്രന്‍ മറുപടിയാണ് ജയബച്ചന്‍ നല്‍കിയതെന്നും സിനിമാ മേഖലയില്‍ നിന്നുള്ള ഒരാള്‍ ഇക്കാര്യം പറഞ്ഞതില്‍ ബഹുമാനമെന്നുമാണ് നടി തപ്സി പന്നു ട്വിറ്ററില്‍ കുറിച്ചത്.

Leave A Reply

error: Content is protected !!