ലോകത്തെ ഏറ്റവും നീളമേറിയ ഹൈവേ ടണല്‍ യാഥാർത്ഥ്യത്തിലേക്ക് ; അടൽ ടണലിന്റെ ഉദ്ഘാടനം ഉടനെന്ന് കേന്ദ്രം

ലോകത്തെ ഏറ്റവും നീളമേറിയ ഹൈവേ ടണല്‍ യാഥാർത്ഥ്യത്തിലേക്ക് ; അടൽ ടണലിന്റെ ഉദ്ഘാടനം ഉടനെന്ന് കേന്ദ്രം

ഷിംല: ലോകത്തെ ഏറ്റവും നീളമേറിയ ഹൈവേ ടണല്‍ രാജ്യത്ത് യാഥാര്‍ത്ഥ്യമായി. ഹിമാചല്‍ പ്രദേശില്‍ മണാലിയെയും ലേയെയും ബന്ധിപ്പിച്ചു കൊണ്ടുള്ള അടല്‍ റോഹ്തങ് ടണലിന്റെ നിര്‍മ്മാണമാണ് പൂര്‍ത്തിയായത്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ നാമധേയത്തിലുള്ള അടൽ ടണലിന്റെ ഉദ്ഘാടനം സെപ്റ്റംബർ അവസാനത്തോടെ നടത്തുമെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയാകും ഉദ്ഘാടനം നിർവ്വഹിക്കുക.

പത്തുവര്‍ഷം കൊണ്ടാണ് സമുദ്രനിരപ്പില്‍ നിന്നും 10,000 അടി ഉയരത്തിലുള്ള ടണലിന്റെ നിര്‍മ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. ആദ്യം ആറു വര്‍ഷം കൊണ്ട് പണി പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും നിര്‍മ്മാണത്തില്‍ കാലതാമസം നേരിടുകയായിരുന്നു. ടണലില്‍ 60 മീറ്റര്‍ ഇടവിട്ട് സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളില്‍ രക്ഷപ്പെടുന്നതിന് 500 മീറ്റര്‍ വ്യത്യാസത്തില്‍ എമര്‍ജന്‍സി വാതിലും സജ്ജമാക്കിയിട്ടുണ്ട്.

ഏതെങ്കിലും കാരണവശാല്‍ തീപിടിത്തം ഉണ്ടായാല്‍ അണയ്ക്കാന്‍ പ്രത്യേക സംവിധാനങ്ങളും ടണിൽ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 10.5 മീറ്റര്‍ വീതിയാണ് ടണലിനുള്ളത്. ടണലിന്റെ രണ്ടുവശങ്ങളിലുമായി ഒരു മീറ്റര്‍ വീതിയില്‍ നടപ്പാതയും സജ്ജമാക്കിയിട്ടുണ്ട്.

9.02 കിലോമീറ്ററാണ് ഇതിന്റെ നീളം. മണിക്കൂറില്‍ 80 കിലോമീറ്റർ വേഗപരിധിയുള്ള തുരങ്കം സൈനിക നീക്കം സുഗമമാക്കുന്നതിന് ഉപകരിക്കും. ജമ്മു കശ്മീരിലെ തന്ത്രപ്രധാന മേഖലകളിലേക്ക് സൈനികരെയും ആയുധങ്ങളും അതിവേഗം എത്തിക്കാൻ തുരങ്കത്തിന്റെ നിർമ്മാണത്തിലൂടെ ഇന്ത്യക്ക് സാധിക്കും. 2000 ജൂണ്‍ മൂന്നിന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയിയാണ് പദ്ധതി പ്രഖ്യാപിച്ചത്.

പ്രതിദിനം 3000 വാഹനങ്ങൾക്ക് കടന്ന് പോകാവുന്ന തരത്തിലാണ് തുരങ്കത്തിന്റെ നിർമ്മാണം. ഗതാഗത രംഗത്തും സൈനിക നീക്കങ്ങൾക്കും വിനോദ സഞ്ചാരത്തിനും ഒരേ പോലെ ഉപയുക്തമാകുന്ന തരത്തിൽ നിർമ്മിച്ചിരിക്കുന്ന തുരങ്കം മണാലിയും ലേയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ്.

Leave A Reply

error: Content is protected !!