കൗണ്ടി ക്രിക്കറ്റിലെ വംശവെറിയെ കുറിച്ച് പാക് താരം

കൗണ്ടി ക്രിക്കറ്റിലെ വംശവെറിയെ കുറിച്ച് പാക് താരം

 

ഇസ്ലാമാബാദ്:ക്രിക്കറ്റ് താരം അസീം റഫീഖിന്റെ ആരോപണങ്ങള്‍ക്ക് പിന്തുണയുമായി മുന്‍ പാകിസ്താന്‍ താരം റാണാ നവേദ് ഉള്‍ ഹസന്‍. ഇംഗ്ലണ്ടില്‍ കൗണ്ടി ക്രിക്കറ്റ് കളിക്കുന്നതിനിടെ വംശീയാധിക്ഷേപത്തിന് ഇരയായിട്ടുണ്ടെന്ന ആരോപണത്തിനാണ് പാക് താരവും പിന്തുണ നൽകിയത് .പാകിസ്താന്‍ വംശജനായ ഇംഗ്ലണ്ട് ക്രിക്കറ്റ് താരമായ അസീം റഫീഖ് കൗണ്ടി ക്ലബ്ബായ യോര്‍ക്ക്‌ഷെയറിന്റെ താരമാണ്. ക്ലബ്ബില്‍ അദ്ദേഹത്തിന്റെ സഹതാരമായിരുന്നു റാണാ നവേദ് ഉള്‍ ഹസന്‍.യോര്‍ക്ക്‌ഷെയറിനായി കളിക്കുന്നതിനിടെ സ്വന്തം കാണികളില്‍ നിന്ന് പോലും വംശീയമായ അധിക്ഷേപങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും ഇതിനെ തുടര്‍ന്ന് ആത്മഹത്യയുടെ വക്കിലാണെന്നും അസീം അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.

യോര്‍ക്ക്‌ഷെയര്‍ ക്ലബ്ബിനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് റഫീഖ് ഉന്നയിച്ചത്. തന്റെ മുന്‍ ക്ലബ്ബ് അടിസ്ഥാനപരമായി വംശവെറിയന്‍മാരാണെന്നും ആ വസ്തുത അംഗീകരിക്കാന്‍ തയ്യാറല്ലെന്നു മാത്രമല്ല അതില്‍ നിന്ന് മാറാന്‍ സന്നദ്ധരല്ലെന്നും അസീം പറഞ്ഞിരുന്നു. അസീമിന്റെ ആരോപണങ്ങള്‍ ശരിവെച്ചാണ് ഹസനും രംഗത്തെത്തിയിക്കുന്നത്.

”അസീം പറഞ്ഞതിനെ ഞാന്‍ പൂര്‍ണമായും പിന്തുണയ്ക്കുന്നു. ഇതേ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്. ഞാനൊരിക്കലും അതിനെക്കുറിച്ച് സംസാരിച്ചിട്ടില്ല. കാരണം വിദേശ താരങ്ങള്‍ എന്ന നിലയ്ക്ക് ഞങ്ങളെല്ലാം അവിടത്തെ താത്കാലിക താരങ്ങള്‍ മാത്രമായിരുന്നു. അതിനാല്‍ തന്നെ കളിയില്‍ മാത്രമായിരുന്നു എന്റെ ശ്രദ്ധ. കരാറിന്റെ കാര്യം അപകടത്തിലാക്കാന്‍ എനിക്ക് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല.” – ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ റാണ നവേദ് പറഞ്ഞു.

”ഏഷ്യയില്‍ നിന്നുള്ള കളിക്കാര്‍ എന്ന നിലയില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതെ വരുമ്പോള്‍ ഞങ്ങളെ പിന്തുണയ്ക്കേണ്ട ആരാധകര്‍ തന്നെ അതിന് പകരം ‘പാക്കി’ പോലുള്ള വാക്കുകള്‍ വിളിച്ച് വംശീയമായി അധിക്ഷേപിക്കുകയാണ് ചെയ്യുക.” – റാണ കൂട്ടിച്ചേര്‍ത്തു.മികച്ച പ്രകടനം നടത്തുകയാണെങ്കില്‍ നിങ്ങള്‍ക്ക് അവിടെ നിങ്ങളുടേതായ ഒരു ഇടമുണ്ടാകും. മറിച്ചായാല്‍ അവരുടെ മനോഭാവത്തില്‍ മാറ്റം വരുമെന്നും ചെറിയ ഹോട്ടല്‍ മുറിയൊക്കെ തന്ന് വ്യക്തമായ വിവേചനം അവിടെ കാണിക്കുമെന്നും റാണ വ്യക്തമാക്കി. ഏഷ്യക്കാരോടുള്ള അവരുടെ മനോഭാവം പൊതുവേ സൗഹാര്‍ദപരമായിരുന്നില്ലെന്നും റാണ ചൂണ്ടിക്കാട്ടി.

Leave A Reply

error: Content is protected !!