സ്വപ്‌ന രഹസ്യങ്ങളുടെ കലവറ :ഉന്നതരെ കുടുക്കാൻ വാട്‌സാപ്പ് ചാറ്റുകൾ ഗൂഗിൾ ഡ്രൈവിൽ സൂക്ഷിച്ചു

സ്വപ്‌ന രഹസ്യങ്ങളുടെ കലവറ :ഉന്നതരെ കുടുക്കാൻ വാട്‌സാപ്പ് ചാറ്റുകൾ ഗൂഗിൾ ഡ്രൈവിൽ സൂക്ഷിച്ചു

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് രഹസ്യങ്ങളുടെ കാലവറയാണെന്നാണ് അന്വഷണ ഉദ്യോഗസ്ഥരുടെ അഭിപ്രായം . സ്വപ്ന ഉന്നതരുമായി നടത്തിയ വാട്‌സാപ്പ് ചാറ്റുകൾ എൻ.ഐ.എ. വീണ്ടെടുത്തു . ഉന്നതരുമായി നടത്തിയ ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ടുകൾ സ്വപ്ന ഗൂഗിൾ ഡ്രൈവിൽ പ്രത്യേകം സൂക്ഷിച്ചിരുന്നതാണ് എൻ.ഐ.എയ്‌ക്ക് ലഭിച്ചത് .

സ്വകാര്യ ചാറ്റുകളുടെ സ്‌ക്രീൻ ഷോട്ട് എടുത്ത് ഗൂഗിൾ ഡ്രൈവിൽ സ്വപ്‌ന പ്രത്യേകം സൂക്ഷിക്കുകയായിരുന്നു. പരിധിവിട്ടുള്ള ചാറ്റ് പിന്നീട് ബ്ലാക്ക് മെയിലിംഗിന് ഉപയോഗിക്കാനായിരിക്കും സൂക്ഷിച്ചിരുന്നതെന്നാണ് എൻ.ഐ.എ വിലയിരുത്തൽ.

ഇക്കാര്യങ്ങൾ എൻ.ഐ.എ.യുടെ കേസ് ഡയറിയിലുണ്ടെന്നാണ് അറിയുന്നത്. ചാറ്റുകൾ വീണ്ടെടുത്തതിന് പുറമെ സ്വപ്‌നയും സരിത്തും സന്ദീപ് നായരും ഒട്ടേറെ തവണ ഒരു മന്ത്രിയുടെ വീട്ടിലെത്തിയിരുന്നതായി എൻ.ഐ.എ.യ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

ഉന്നതരുടെ ഭാര്യമാരുമായി സ്വപ്ന ഷോപ്പിംഗിന് പോയിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു . കുടുംബാംഗങ്ങളുമായുള്ള ബന്ധം സ്വപ്‌ന കരുതിക്കൂട്ടി ഉണ്ടാക്കിയതാണെന്നാണ്‌ കരുതുന്നത്. ഒരു ഉന്നതന്റെ മകൻ സ്വപ്നയുടെ ബിസിനസിൽ പങ്കാളിയാണെന്നും എൻ.ഐ.എ. കണ്ടെത്തി .

സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ഉന്നതരുമായുള്ള ബന്ധം കണ്ടെത്താൻ എൻ.ഐ.എ സെക്രട്ടേറിയറ്റിലെ 40 കാമറകളിലെ ഒരുവർഷത്തെ ദൃശ്യങ്ങൾ പരിശോധിക്കും. മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടുന്ന പ്രധാന മന്ദിരത്തിലെയും കന്റോൺമെന്റ് ഗേറ്റ് ഭാഗത്തെയും കാമറാദൃശ്യങ്ങളാണ് പരിശോധിക്കുക.

ദൃശ്യങ്ങൾ പകർത്തി നൽകണമെന്ന് പൊതുഭരണവകുപ്പിനോട് എൻ.ഐ.എ നിർദ്ദേശിച്ചു. രണ്ട് അനക്സുകളിലും ഗേറ്റുകളിലുമുൾപ്പെടെ 83 കാമറകളിലെ 2019 ജൂലായ് ഒന്നു മുതൽ 2020 ജൂലായ് 12 വരെയുള്ള ദൃശ്യങ്ങളാണ് എൻ.ഐ.എ ആദ്യം ആവശ്യപ്പെട്ടത്.

ഇതത്രയും പകർത്താൻ 400 ടി.ബി ശേഷിയുള്ള ഹാർഡ് ഡിസ്ക് ആവശ്യമാണെന്നും ഇത് വിദേശത്തുനിന്ന് വരുത്താൻ ചെലവേറുമെന്നും പൊതുഭരണവകുപ്പ് അറിയിച്ചു. കാമറാ സംവിധാനത്തിന്റെ വിന്യാസം പരിശോധിച്ച ശേഷമാണ് 40 കാമറകളിലെ ദൃശ്യങ്ങൾ മതിയെന്ന് എൻ.ഐ.എ അറിയിച്ചത്.

ദൃശ്യങ്ങൾ പകർത്താനുള്ള ഹാർഡ് ഡിസ്കിന് 70ലക്ഷം രൂപ ചെലവുണ്ടാവും. ഇത് വാങ്ങാൻ ഉടൻ ടെൻഡർ വിളിക്കും. സെക്രട്ടേറിയറ്റ് അനക്സിലെ ദൃശ്യങ്ങളൊന്നും എൻ.ഐ.എ ആവശ്യപ്പെട്ടിട്ടില്ല. ഇ.ഡി ചോദ്യംചെയ്ത മന്ത്രി കെ.ടി. ജലീലിന്റെ ഓഫീസ് ഒന്നാം അനക്സിലാണ്.

അതേസമയം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ വനിതാ സെല്ലിനുള്ളിൽ നിന്നു സ്വപ്ന സുരേഷ് ഫോണ്‍ ചെയ്തില്ലെന്ന് നഴ്സുമാരുടെ മൊഴി നൽകി . ഇന്‍റലിജന്‍സ് അന്വേഷണത്തിലും ഫോണ്‍ വിളിച്ചതായി സൂചനയില്ല .

മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് ജയില്‍വകുപ്പിന് കൈമാറി . ആശുപത്രിയിൽ വച്ച് സ്വപ്ന ഉന്നതരെ ഫോണിൽ ബന്ധപ്പെട്ടെന്നു സൂചനയുണ്ടായിരുന്നു. വനിതാ സെല്ലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരെയും ആശുപത്രി സൂപ്രണ്ട് വിളിച്ചുവരുത്തി വിവരം തേടുകയും ചെയ്തു.

ഒന്നുമറിയില്ലെന്നാണു ജീവനക്കാരുടെ മൊഴി. എന്നാൽ, അവരിൽ ഒരാളുടെ ഫോണിൽ നിന്നു സ്വപ്ന തിരുവനന്തപുരത്തേക്കു വിളിച്ചതായാണ് എൻഐഎയ്ക്കു ലഭിച്ച സൂചന

സ്വപ്ന മെഡ‍ിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞ 6 ദിവസങ്ങളിൽ വനിതാ സെല്ലിൽ ജോലി നോക്കിയ എല്ലാ ജീവനക്കാരുടെയും ഫോൺവിളി വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. സ്പെഷൽ ബ്രാഞ്ചും അന്വേഷിക്കുന്നുണ്ട്.

Leave A Reply

error: Content is protected !!