ബാലുശ്ശേരിയിൽ റോഡു പ്രവർത്തി ഉദ്ഘാടനവും നവീകരിച്ച റോഡുകളുടെ സമർപ്പണവും മന്ത്രി ജി.സുധാകരൻ നിർവ്വഹിച്ചു

ബാലുശ്ശേരിയിൽ റോഡു പ്രവർത്തി ഉദ്ഘാടനവും നവീകരിച്ച റോഡുകളുടെ സമർപ്പണവും മന്ത്രി ജി.സുധാകരൻ നിർവ്വഹിച്ചു

കോഴിക്കോട്:  ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ റോഡ് പ്രവർത്തി ഉദ്ഘാടനവും നവീകരിച്ച റോഡുകളുടെ സമർപ്പണവും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ നിർവഹിച്ചു. സെപ്റ്റംബർ ഒന്നു മുതൽ 30 വരെയുള്ള കാലയളവിൽ 3,500 കോടി രൂപ ചെലവിൽ ഇരുന്നൂറിലേറെ പദ്ധതികളാണ് വിവിധ നിയോജക മണ്ഡലങ്ങളിലായി നാടിന് സമർപ്പിച്ചു കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.  നവീകരിച്ച കുറുമ്പൊയിൽ -വയലട-തലയാട് റോഡ് കി. മീ 0/000 മുതൽ 2/700 വരെ, എകരൂൽ – കാപ്പിയിൽ – പൂവമ്പായി റോഡ് കി. മീ 0/000 മുതൽ 3/800 വരെ എന്നീ റോഡുകളുടെ ഉദ്ഘാടനവും കൂട്ടാലിട-നടുവണ്ണൂർ റോഡ് 0/000 മുതൽ 4/650 വരെയുള്ള  നവീകരണ പ്രവൃത്തി ഉദ്ഘാടനവുമാണ് മന്ത്രി നിർവ്വഹിച്ചത്. പുരുഷൻ കടലുണ്ടി എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

നിയോജക മണ്ഡലത്തിലെ  ബാലുശ്ശേരി-  പനങ്ങാട് ഗ്രാമപഞ്ചായത്തുകളിലൂടെയാണ് പ്രവർത്തി പൂർത്തീകരിച്ച ബാലുശ്ശേരി- കുറുമ്പൊയിൽ-വയലട-തലയാട് റോഡ് കടന്നുപോകുന്നത്. ടൂറിസ്റ്റ് കേന്ദ്രങ്ങളായ വയലടയിലൂടെ കടന്നു പോവുകയും കക്കയത്തേക്കുള്ള റോഡുമായി ബന്ധിപ്പിക്കുകയും ചെയ്യുന്ന ഈ റോഡ് പ്രദേശത്തെ ടൂറിസം വികസനത്തിൽ പ്രധാനപ്പെട്ടതാണ്.   മൂന്ന് കോടി രൂപ ചെലവഴിച്ച് ഒൻപത് മാസം കൊണ്ടാണ് 2.700 കിലോമീറ്റർ റോഡിന്റെ പ്രവൃത്തി പൂർത്തീകരിച്ചത്. 2,250 മീറ്റർ നീളത്തിൽ കോൺക്രീറ്റ് കാന, റോഡ് സുരക്ഷാ സംവിധാനങ്ങളായ മാർക്കിങ്ങുകൾ,  സീബ്രാലൈനുകൾ,  സൂചന ബോർഡുകൾ എന്നിവയും നൽകിയിട്ടുണ്ട്.

 

ഉണ്ണികുളം, പനങ്ങാട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ഏകരൂൽ- കാപ്പിയിൽ-പൂവമ്പായി റോഡ് മണ്ഡലത്തിൽ ഏറെ പ്രാധാന്യമുള്ള റോഡുകളിൽ ഒന്നാണ്. കിനാലൂർ എസ്റ്റേറ്റ്,  പി.ടി ഉഷ സ്കൂൾ,  കാർഷിക പ്രദേശങ്ങൾ എന്നിവയുമായി ഈറോഡ് ബന്ധപ്പെട്ടിരിക്കുന്നു. അഞ്ചു കോടി രൂപ ചെലവിൽ ഒമ്പതുമാസം കൊണ്ടാണ് 3.80 കി. മീ റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. 5.50 മീറ്റർ വീതിയിൽ ബിഎം ആൻഡ് ബിസി ചെയ്ത റോഡ്,  ഏഴ് കലുങ്കുകളും ആറ് ക്രോസ് ഡ്രെയിനും 1,240 മീറ്റർ നീളത്തിൽ റോഡിന്റെ വശങ്ങളിൽ കോൺക്രീറ്റ് ഐറിഷ് കാനയും നിർമ്മിച്ചിട്ടുണ്ട്.

 

കോട്ടൂർ, നടുവണ്ണൂർ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡാണ് നടുവണ്ണൂർ – കൂട്ടാലിട റോഡ്. ഗ്രാമീണ കാർഷിക പ്രദേശത്തോട് കടന്നു പോകുന്ന റോഡ് സ്ഥലത്തെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ്. നബാർഡ് ഫണ്ടായ ആറു കോടി രൂപ ചെലവിൽ ഏഴ് മാസം കൊണ്ട് പ്രവർത്തി പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. 3.8 മീറ്റർ വീതി ഉണ്ടായിരുന്ന റോഡ് 5.50 മീറ്റർ വീതി കൂട്ടി ബി.എം- ബി.സി നിലവാരത്തിൽ ടാറിങ് ചെയ്യും. 3,000 മീറ്റർ നീളത്തിൽ കോൺക്രീറ്റ് കാനയും 250 മീറ്റർ നീളത്തിൽ കോൺക്രീറ്റ് ഐറിഷ് കാനയും നിർമ്മിക്കുന്നുണ്ട്. കോട്ടൂർ സ്കൂളിന് സമീപം 250 മീറ്റർ നീളത്തിൽ കൈവരികൾ,  കാൽനടയാത്രക്കാർക്കായി സീബ്രാലൈനുകൾ എന്നിവയും എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

 

ബാലുശ്ശേരി ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രൂപലേഖ കൊമ്പിലാട്, നോർത്ത് സർക്കിൾ സൂപ്രണ്ടിങ് എഞ്ചിനീയർ ഇ.ജി വിശ്വപ്രകാശ്, നിരത്തുകൾ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.വിനയരാജ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ  ഒ.സുനിത,  ജന പ്രതിനിധികൾ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. റോഡുകൾ കടന്നു പോകുന്ന പഞ്ചായത്തുകളിൽ നടത്തിയ ഫലകം അനാച്ഛാദന പരിപാടിയിൽ പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.എം കമലാക്ഷി, ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി ബിനോയ്,  കോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീജ കാറങ്ങോട്ട്,  നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് യശോദ തെങ്ങിട തുടങ്ങിയവർ പങ്കെടുത്തു.

Leave A Reply

error: Content is protected !!