കൊവിഡ് വാക്സിൻ പരീക്ഷണം വീണ്ടും തുടങ്ങാൻ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് അനുമതി

കൊവിഡ് വാക്സിൻ പരീക്ഷണം വീണ്ടും തുടങ്ങാൻ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് അനുമതി

ഇന്ത്യയിൽ കോവിഡ് വാക്സിന്റെ പരീക്ഷണം വീണ്ടും തുടങ്ങാൻ അനുമതി നൽകി. ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച വാക്സിന്റെ രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങളാണ് പുനഃരാരംഭിക്കുക. വാക്സിന്റെ ക്ലിനിക്കൽ ട്രയൽ തുടങ്ങാൻ സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ) ഡോ. വിജി സോമനി അനുമതി നൽകിയത്.

പരീക്ഷണം വീണ്ടും തുടങ്ങുമ്പോൾ കൂടുതൽ ജാഗ്രത വേണമെന്നാണ് ഡിസിജിഐ നിർദേശം. പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ പരീക്ഷണ പ്രോട്ടോകോൾ ഹാജരാക്കാനും നിർദേശിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 11 നാണ് സിറം ഇന്‍സ്റ്റിറ്റിയൂട്ടിനോട് രണ്ട്, മൂന്ന് ക്ലിനിക്കല്‍ പരീക്ഷണം നിര്‍ത്തിവെക്കാന്‍ ഡിസിജിഐ ആവശ്യപ്പെട്ടത്.

മൂന്നാംഘട്ട പരീക്ഷണത്തിനിടെ വാക്സിൻ കുത്തിവെച്ച വൊളണ്ടിയർമാരിൽ ഒരാൾക്ക് അജ്ഞാത രോഗം ബാധിച്ചതിനാല്‍ നിർത്തിവച്ച പരീക്ഷണം ബ്രിട്ടനിൽ കഴിഞ്ഞ ശനിയാഴ്ച വീണ്ടും തുടങ്ങിയിരുന്നു. വൊളണ്ടിയർക്ക് ബാധിച്ച രോഗം വാക്സിന്റെ പാർശ്വഫലമാണെന്ന് ആശങ്ക ഉയർന്നിരുന്നു. എന്നാല്‍ പരീക്ഷണം പുനരാരംഭിക്കാൻ ബ്രിട്ടനിലെ മെഡിസിൻസ് ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയാണ് അൾട്രാ സെനകിന് അനുമതി നല്‍കിയത്. ഇതോടെയാണ് AZD1222 എന്ന വാക്സിൻ പരീക്ഷണത്തിന് വീണ്ടും തുടക്കമായത്.

ഇന്ത്യയിലെ പുനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് അടക്കം വിവിധ രാജ്യങ്ങളിലെ സ്ഥാപനങ്ങൾ പരീക്ഷണത്തോട് സഹകരിക്കുന്നുണ്ട്. വാക്‌സിൻ വിജയമായാൽ വാങ്ങാൻ ഇന്ത്യയും കരാർ ഉണ്ടാക്കിയിട്ടുണ്ട്. പരീക്ഷണം നിലച്ചതിൽ ആശങ്കപ്പെടേണ്ടെന്നും സാധാരണ നടപടിക്രമം മാത്രമെന്നും അസ്ട്ര സെനക അറിയിച്ചിരുന്നു. പാർശ്വഫലമെന്ന് സംശയിക്കുന്ന രോഗം പഠിച്ചശേഷം പരീക്ഷണം തുടരുമെന്നായിരുന്നു കമ്പനി നേരത്തെ നൽകിയ വിശദീകരണം.

Leave A Reply

error: Content is protected !!