അട്ടപ്പാടിയിലെ ആദ്യ എഫ്.എല്‍.ടി.സി എ.പി.ജെ അബ്ദുള്‍കലാം ഇന്റര്‍നാഷ്ണല്‍ സ്‌കൂളില്‍ ആരംഭിക്കും

അട്ടപ്പാടിയിലെ ആദ്യ എഫ്.എല്‍.ടി.സി എ.പി.ജെ അബ്ദുള്‍കലാം ഇന്റര്‍നാഷ്ണല്‍ സ്‌കൂളില്‍ ആരംഭിക്കും

പാലക്കാട്: അട്ടപ്പാടിയിലെ ആദ്യ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്റര്‍ ഒരാഴ്ചക്കകം പ്രവര്‍ത്തനമാരംഭിക്കും. അട്ടപ്പാടിയിലെ എ.പി.ജെ അബ്ദുള്‍കലാം ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് സെന്റര്‍ ആരംഭിക്കുന്നത്. ഇവിടെ 120 ബഡുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. നിലവില്‍ അട്ടപ്പാടിയില്‍ 44 പോസിറ്റീവ് കേസുകളാണ് ഉള്ളത്. 326 പേര്‍ നിരീക്ഷണത്തിലാണ്. മേഖലയില്‍ ആന്റിജന്‍ പരിശോധന പുരോഗമിക്കുന്നുണ്ട്. മുന്‍നിയന്ത്രണങ്ങളില്‍ ഉണ്ടായ ഇളവും പ്രദേശത്തേക്ക് അനധികൃതമായി ആളുകള്‍ കടക്കുന്നതും രോഗവ്യാപനം വര്‍ധിപ്പിക്കാന്‍ സാധ്യതയുള്ളതിനാല്‍ അട്ടപ്പാടിയില്‍ പൊലീസ്, എക്സൈസ് വകുപ്പുകളുടെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാക്കുമെന്നും മന്ത്രി എ.കെ.ബാലന്‍ അറിയിച്ചു.

കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്കിലെ എഫ്.എല്‍.ടി.സി പ്രവര്‍ത്തനമാരംഭിച്ചതായി മന്ത്രി എ.കെ ബാലന്‍ അറിയിച്ചു. നിലവില്‍ 250 കിടക്കകളാണ് സജ്ജമായിരിക്കുന്നത്. 1000 പേര്‍ക്ക് ചികിത്സിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. കാറ്റഗറി ബി.യില്‍ ഉള്‍പ്പെട്ട മറ്റ് രോഗങ്ങള്‍ (പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയവ) ഉള്ളവരെയാണ് ഇവിടേക്ക് മാറ്റുക.

രോഗലക്ഷണങ്ങള്‍ ഇല്ലാത്ത കോവിഡ് ബാധിതര്‍ക്ക് വീടുകളില്‍ തന്നെ റൂം ക്വാറന്റൈനില്‍ ചികിത്സയ്ക്ക് വിധേയമാകാം. നിലവിലെ മാനദണ്ഡമനുസരിച്ച് വീടുകളില്‍ ഐസോലേഷന്‍ ഒരുക്കി കണ്ടെയ്ന്‍മെന്റ് ചെയ്യാന്‍ സാധിക്കും. ഇവര്‍ക്ക് ബന്ധപ്പെട്ട പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും സഹായം ലഭ്യമാകും. കോവിഡ് രോഗലക്ഷണം പ്രകടിപ്പിച്ചാല്‍ ഇവരെ ഉടനെ ആശുപത്രിയിലേക്ക് മാറ്റുമെന്നും മന്ത്രി എ.കെ.ബാലന്‍ അറിയിച്ചു.

ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ കോവിഡ് ചികിത്സക്കായി 10 ശതമാനം ബെഡുകള്‍ മാറ്റിവെക്കണമെന്നും ഇതിനായി ഉടമകളുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു. നിലവില്‍ ഒറ്റപ്പാലം വള്ളുവനാട് ആശുപത്രിയില്‍ മാത്രമാണ് കോവിഡ് രോഗികളെ ചികിത്സിക്കുന്നത്.

Leave A Reply

error: Content is protected !!