രമേശ് ചെന്നിത്തലയ്ക്കെതിരെ ഇ.പി.ജയരാജൻ്റെ ഭാര്യ നിയമ നടപടിക്കൊരുങ്ങുന്നു

രമേശ് ചെന്നിത്തലയ്ക്കെതിരെ ഇ.പി.ജയരാജൻ്റെ ഭാര്യ നിയമ നടപടിക്കൊരുങ്ങുന്നു

കണ്ണൂ‍ർ: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ വ്യവസായ മന്ത്രി ഇ.പി.ജയരാജൻ്റെ ഭാര്യ നിയമനടപടിക്കൊരുങ്ങുന്നു. വാര്‍ത്താസമ്മേളനത്തില്‍ വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചെന്ന് ചൂണ്ടികാട്ടി പി കെ ഇന്ദിര വക്കീല്‍ നോട്ടീസ് അയച്ചു. സമൂഹമധ്യത്തില്‍ മനപ്പൂര്‍വം അപമാനിക്കാനും അവഹേളിക്കാനും ലക്ഷ്യമിട്ടാണ് കെട്ടിച്ചമച്ചതും പച്ചക്കള്ളവുമായ ആരോപണങ്ങള്‍ പ്രതിപക്ഷ നേതാവ് ഉന്നയിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞ മുഴുവന്‍ കാര്യങ്ങളും പിന്‍വലിക്കണമെന്നും മാപ്പു പറയണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നോട്ടീസ് കിട്ടി രണ്ട് ദിവസത്തിനകം വാര്‍ത്താസമ്മേളനം നടത്തി ആരോപണങ്ങള്‍ തിരുത്തണം. അല്ലാത്തപക്ഷം 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ക്രിമിനല്‍, സിവില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും അഭിഭാഷകനായ പി യു ഷൈലജന്‍ മുഖേന അയച്ച നോട്ടീസില്‍ പറയുന്നത്. തന്റെ മകനുമായി ബന്ധപ്പെടുത്തി സെപ്തംബര്‍ 13 ന് ആണ് ഒരു മാധ്യമത്തില്‍ വാര്‍ത്ത വരുന്നത്. ബാങ്കില്‍ പോയി ഇടപാടുകള്‍ നടത്തിയത് സെപ്തംബര്‍ പത്തിനാണ്. എന്നാല്‍, മകനെ കുറിച്ചുള്ള വാര്‍ത്ത വന്നതിനു പിന്നാലെ ബാങ്കില്‍ പോയി ലോക്കര്‍ തുറന്ന് മാറ്റേണ്ടതെല്ലാം മാറ്റി എന്ന കള്ളമാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ഈ മാസം 25, 27 തിയതികളില്‍ പേരക്കുട്ടികളുടെ പിറന്നാളാണ്. അവര്‍ക്ക് പിറന്നാള്‍ സമ്മാനം നല്‍കാനുള്ള ആഭരണങ്ങള്‍ കണ്ണൂരിലെ ബാങ്കിലായിരുന്നു. ഞാന്‍ നേരത്തെ ജോലി ചെയ്തിരുന്ന ബാങ്കാണിത്. കുട്ടികളുടെ ആഭരണം എടുക്കാനാണ് ലോക്കര്‍ തുറന്നത്.

ബാങ്കില്‍ പോകുന്ന അവസരത്തില്‍ കൊവിഡ് ലക്ഷണങ്ങള്‍ ഒന്നും ഇല്ലായിരുന്നു. പരിശോനക്കായി സ്രവം എടുത്ത ശേഷം താന്‍ ക്വാറന്റൈനില്‍ പോകേണ്ടതായിരുന്നു എന്ന ചെന്നിത്തലയുടെ വാദം ശരിയല്ല. അങ്ങനെ കൊവിഡ് പ്രേട്ടോകോളില്‍ പറയുന്നില്ലെന്നും പി കെ ഇന്ദിര നോട്ടീസില്‍ പറഞ്ഞു.

സ്ത്രീയെന്ന പരിഗണന പോലും നല്‍കാത്ത തരത്തില്‍ ഹീനമായ പരിഹാസവും പരാമര്‍ശങ്ങളുമാണ് പ്രതിപക്ഷ നേതാവില്‍ നിന്നുണ്ടായത്. വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ കളവാണെന്ന് ചെന്നിത്തലയ്ക്ക് തന്നെ അറിയാം. എന്നാല്‍, മനപ്പൂര്‍വ്വം അപമാനിക്കാനും മാനഹാനിയുണ്ടാക്കുന്നതിനും വേണ്ടിയാണ് ഈ അസത്യങ്ങള്‍ പറഞ്ഞു പിടിപ്പിച്ചത്. കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവില്‍ നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത കാര്യങ്ങളാണ് സംഭവിച്ചത്. മകനെതിരായ ആരോപണങ്ങള്‍ക്കെതിരെ മകന്‍ നിയമ നടപടി സ്വീകരിക്കമെന്നും പ്രതിപക്ഷ നേതാവിന് അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നത്.

Leave A Reply

error: Content is protected !!