പോപ്പുലർ ഫിനാൻസ് ഉടമകൾക്ക് രാജ്യമാകെ 1760 ബാങ്ക് അക്കൗണ്ടുകൾ

പോപ്പുലർ ഫിനാൻസ് ഉടമകൾക്ക് രാജ്യമാകെ 1760 ബാങ്ക് അക്കൗണ്ടുകൾ

പത്തനംതിട്ട: സംസ്ഥാനത്തെ ഞെട്ടിപ്പിച്ച പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ ഉടമകളുടെ പേരിൽ ഇന്ത്യയിലെ വിവിധ ബാങ്കുകളിലുളളത് 1760 അക്കൗണ്ടുകൾ. രാജ്യത്തെ ദേശസാത്‌കൃത, ഷെഡ്യൂൾഡ് ബാങ്കുകളിലായാണ് ഇവർക്ക് ഇത്രയധികം അക്കൗണ്ടുകളുളളത്. അക്കൗണ്ടുകൾ മരവിപ്പിക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കോന്നി ഇൻസ്പെക്ടർ പി.എസ്.രാജേഷ് ബാങ്കുകൾക്ക് കത്ത് നൽകി.

കോന്നിയിൽ നിന്ന് മാത്രം മൂവായിരം നിക്ഷേപകരുടെ പരാതിയാണ് പോപ്പുലർ ഫിനാൻസ് ഉടമകൾക്കെതിരെ ലഭിച്ചിരിക്കുന്നത്. ഏഴരക്കോടിയിലധികം രൂപയുടെ നിക്ഷേപം സംബന്ധിച്ച പുതിയ പരാതിയും തട്ടിപ്പ് സംഘത്തിന് എതിരെ ലഭിച്ചിട്ടുണ്ട്. രണ്ടായിരം കോടി രൂപയുടെ തട്ടിപ്പ് നടന്നെങ്കിലും പൊലീസ് അന്വേഷണത്തിൽ ഇവരുടെ 125 കോടി രൂപയുടെ ആസ്തിയാണ് കണ്ടെത്തിയത്. വിദേശരാജ്യങ്ങളിലേക്ക് കടത്തിയതായി പറയുന്ന തുക നാട്ടിൽ എത്തിക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ നിക്ഷേപകർക്ക് പ്രതീക്ഷയ്‌ക്ക് വകയുളളൂവെന്നാണ് പൊലീസ് പറയുന്നത്.

പോപ്പുലർ ഫിനാൻസിന്റെ വകയാർ ഹെഡ് ഓഫീസിൽ നിന്ന് ഡയറക്ടർമാരിലൊരാളായ റിനു മറിയം തോമസ് രേഖകൾ കടത്താൻ ശ്രമിച്ചെങ്കിലും സംഭവം പരാജയപ്പെട്ടു. ജീവനക്കാരുടെ ഇടപെടൽ കാരണമാണ് നടക്കാതെ പോയത്. പോപ്പുലർ മേരിറാണി നിധി ലിമിറ്റഡ് എന്ന എൽ.എൽ.പി.യുടെ അക്കൗണ്ടിലേക്ക് പണം മാറ്റിയത് സംബന്ധിച്ചുള്ള രേഖകളാണ് കടത്താൻ ശ്രമിച്ചത്. ഈ വിവരങ്ങൾ വകയാർ ഹെഡ് ഓഫീസിലെ ജീവനക്കാർ പോലീസിന്റെ ചോദ്യംചെയ്യലിൽ വെളിപ്പെടുത്തിയിട്ടുണ്ട്. മുഴുവൻ നിക്ഷേപകരുടെ വിവരങ്ങളും വകയാർ ഹെഡ് ഓഫീസിലെ ജീവനക്കാർ പോലീസിന് കൈമാറി.

രാജ്യാന്തര നിക്ഷേപങ്ങളും കള്ളപ്പണ ഇടപാടുകളും സംശയിക്കപ്പെടുന്ന കേസിൽ അന്വേഷണം നടത്താൻ പൊലീസിന് വളരെയധികം പരിമിതികളുണ്ട്. കേസ് സി.ബിഐ ഏറ്റെടുക്കുന്നതോടെ അന്വേഷണം വിദേശത്തേക്ക് വ്യാപിപ്പിക്കാനാകും. പോപ്പുലർ ഉടമകളുടെ പണമിടപാടുകൾ സംബന്ധിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സമാന്തര അന്വേഷണം ആരംഭിച്ചിരുന്നു.

രാജ്യത്തും പുറത്തുമായി ഉള്ള പോപ്പുലർ ഉടമകളുടെ നിക്ഷേപവും വസ്തു ഇടപാടുകളും ചൂണ്ടിക്കാട്ടി ജില്ലാ പോലീസ് മേധാവി കെ.ജി.സൈമൺ നേരത്തേ ഡി.ജി.പി.ക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് അന്വേഷണം സി.ബി.ഐ.ക്ക് കൈമാറാൻ സർക്കാർ തീരുമാനമെടുത്തത്. സി.ബി.ഐ. അന്വേഷണം ഏറ്റെടുക്കുന്ന മുറയ്ക്ക് പൊലീസ് അന്വേഷണ വിവരങ്ങൾ സി.ബി.ഐക്ക് കൈമാറും.

Leave A Reply

error: Content is protected !!