ആനവണ്ടികൾ രൂപം മാറ്റി തട്ടുകടകളാക്കുകയാണ് കെ.എസ്.ആർ.ടി.സി

ആനവണ്ടികൾ രൂപം മാറ്റി തട്ടുകടകളാക്കുകയാണ് കെ.എസ്.ആർ.ടി.സി

ഗുരുവായൂർ: കട്ടപ്പുറത്ത് കയറ്റിയിടുന്ന കെ.എസ്.ആർ.ടി.സി. ബസുകളെ തള്ളിപ്പറയാൻ വരട്ടെ. ഇത്തരം വണ്ടികളിൽ യാത്രക്കാർക്ക് ചൂടു ചായയും ചെറു കടികളും കിട്ടുന്ന കാലമാണ് വരാൻ പോവുന്നത്. ഓടിത്തളർന്ന് കാലാവധി കഴിഞ്ഞ ആനവണ്ടികൾ രൂപം മാറ്റി തട്ടുകടകളാക്കുകയാണ് കെ.എസ്.ആർ.ടി.സി.

‘ഷോപ്പ് ഓൺ വീൽസ്’ എന്നാണ് ഈ സംരംഭത്തിന്റെ പേര്‌. ഡിപ്പോയിൽ കച്ചവടം നടത്താൻ ഏജൻസികൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും ബസുകൾ സ്റ്റാളുകളാക്കി നൽകുകയാണ് ചെയ്യുന്നത്. മുൻകൂർ നിക്ഷേപമായി രണ്ടു ലക്ഷം രൂപയും പ്രതിമാസ വാടകയായി 20,000 രൂപയും കെ.എസ്.ആർ.ടി.സി.യ്ക്ക് നൽകണം.

ആദ്യഘട്ടത്തിൽ 150 ബസുകളാണ് സ്റ്റാളുകളാക്കുക. 15 വർഷം കഴിഞ്ഞ് ഉപയോഗിക്കാനാകാതെ ബസ് പൊളിച്ചു വിൽക്കുമ്പോൾ ലഭിക്കുന്നത് പരമാവധി ഒന്നര ലക്ഷം രൂപയാണ്. ആ ബസുകൾ സ്റ്റാളുകളാക്കുമ്പോൾ സ്ഥിരവരുമാനവും ലാഭവും കിട്ടുന്നു. സംസ്ഥാനത്തെ ആദ്യത്തെ ‘ബസ് തട്ടുകട’ തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ ഈമാസം ‘സ്റ്റാർട്ട് ’ ചെയ്യും.

പിന്നാലെ ആലപ്പുഴ, ഗുരുവായൂർ ഡിപ്പോകളിലും തുടങ്ങും. ഗുരുവായൂർ ഡിപ്പോയിൽ ആരംഭിക്കുന്ന സ്റ്റാൾ പ്രധാനമായും തീർഥാടകരെ ഉദ്ദേശിച്ചായിരിക്കും. തട്ടുകടയ്ക്ക്‌ പുറമേ, മുണ്ട്, തോർത്ത്, സോപ്പ്,ബ്രഷ് എന്നിങ്ങനെ ഭക്തർക്ക് ആവശ്യമുള്ള സ്റ്റേഷനറി ഇനങ്ങളുമുണ്ടാകും. ഗുരുവായൂരിലെ സ്റ്റാൾ ഏറ്റെടുക്കാൻ കഴിഞ്ഞ ദിവസം കരാറായതായി എ.ടി.ഒ. ഉദയകുമാർ പറഞ്ഞു.

സംസ്ഥാനത്തെ ഡിപ്പോകളിൽനിന്ന് ബസ് സ്റ്റാളുകൾ മൊത്തമായി ഏറ്റെടുക്കാൻ മിൽമയും മത്സ്യഫെഡും സമീപിച്ചിട്ടുണ്ട്. ഏറ്റെടുക്കാൻ കൂടുതൽ പേർ എത്തിയാൽ ടെൻഡർ അടിസ്ഥാനത്തിൽ സ്റ്റാളുകൾ നൽകാനാണ് കെ.എസ്.ആർ.ടി.സി.യുടെ തീരുമാനം. സ്റ്റാളുകൾ നല്ല ‘കളക്ഷനോടെ ഓടിക്കാനാകു’മെന്നാണ് കരാറുകാരുടേയും പ്രതീക്ഷ. ഡിപ്പോയുടെ പ്രധാന സ്ഥലങ്ങൾക്കനുസരിച്ച് മാറ്റിയിടാമെന്നതും ബസ്‌കടയുടെ പ്രത്യേകതയാണ്.

Leave A Reply

error: Content is protected !!