ബിനീഷിനെ കുടുക്കാൻ എൻഫോഴ്‌സ്‌മെന്റ്:അനധികൃത സ്വത്തു സമ്പാദനം പിടിവീഴും

ബിനീഷിനെ കുടുക്കാൻ എൻഫോഴ്‌സ്‌മെന്റ്:അനധികൃത സ്വത്തു സമ്പാദനം പിടിവീഴും

ബിനീഷ് കോടിയേരിയെ പൂട്ടാൻ എൻഫോഴ്‌സ്‌മെന്റ് തയ്യാറെടുക്കുന്നു . അടുത്ത ദിവസങ്ങളിൽ വീണ്ടും ബിനീഷിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കും . ഭൂമിയിടപാടില്‍ ബ്രോക്കറായി പ്രവര്‍ത്തിച്ച്‌ പണമുണ്ടാക്കിയാണു ബിസിനസുകളില്‍ നിക്ഷേപിച്ചതെന്ന ബിനീഷ്‌ കോടിയേരിയുടെ വാദം അന്വേഷണ ഏജന്‍സികള്‍ മുഖവിലയ്‌ക്കെടുത്തിട്ടില്ല .

ബിനീഷിനു കണക്കറ്റ പണം ലഭ്യമായിരുന്നെന്ന്‌ എന്‍ഫോഴ്‌സ്‌മെന്റിന്റെ 11 മണിക്കൂര്‍ ചോദ്യംചെയ്യലില്‍ വ്യക്‌തമായിരുന്നു.

വസ്‌തുക്കച്ചവടത്തില്‍നിന്നാണു പണമെന്ന വിശദീകരണത്തിലെ വസ്‌തുത പരിശോധിക്കാനായി ബിനീഷ്‌ നടത്തിയ മുഴുവന്‍ വസ്‌തു ഇടപാടുകളും അന്വേഷിക്കാനാണു തീരുമാനം. ബംഗളുരുവിലെ മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട്‌ നാര്‍ക്കോട്ടിക്‌ കണ്‍ട്രോള്‍ ബ്യൂറോയും ബിനീഷിനെ ചോദ്യംചെയ്‌തേക്കും.

വസ്‌തു ഇടപാടുകളും മലയാള സിനിമയുമായുള്ള ബന്ധവുമാണ്‌ അന്വേഷണത്തിന്റെ കേന്ദ്രബിന്ദു. ബിനീഷ്‌ മറ്റു സംസ്‌ഥാനങ്ങളില്‍ നടത്തിയ വസ്‌തുക്കച്ചവടങ്ങളും അന്വേഷിക്കും. തമിഴ്‌നാട്ടിലും കര്‍ണാടകയിലുമാണു റിയല്‍ എസ്‌റ്റേറ്റ്‌ ഇടപാടുകള്‍ കൂടുതലും നടന്നതെന്നാണ്‌ പ്രാഥമിക നിഗമനം.

കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ബിനീഷിന്റെ ആദായനികുതി രേഖകള്‍ ഇ.ഡി. പരിശോധിക്കും. ബിനീഷുമായി അടുത്തു ബന്ധമുള്ളവരെ ചോദ്യംചെയ്യും. ഇവരുടെ പേരുകള്‍ ചോദ്യംചെയ്യലില്‍ ബിനീഷ്‌ വെളിപ്പെടുത്തിയിരുന്നു.

മിക്കതും ബിനാമി ഇടപാടുകളാകാനുള്ള സാധ്യതയാണു പരിശോധിക്കുന്നത്‌. ഇ.ഡിക്കു നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ എന്‍.സി.ബി. തേടിയിട്ടുണ്ട്‌. ബംഗളുരു മയക്കുമരുന്നുകേസിലെ പ്രതി കൊച്ചി വെണ്ണല സ്വദേശി അനൂപ്‌ മുഹമ്മദുമായി ബന്ധമുണ്ടെന്ന്‌ ബിനീഷ്‌ വെളിപ്പെടുത്തിയിരുന്നു.

ബിസിനസിനായി അനൂപിനു പണം നല്‍കിയിരുന്നുവെന്നാണ്‌ വെളിപ്പെടുത്തല്‍. അനൂപിന്‌ മലയാള സിനിമയുമായുള്ള ബന്ധവും ഇരുപതിലധികം സിനിമാ പ്രവര്‍ത്തകരുമായി നേരിട്ടുള്ള അടുപ്പവും വ്യക്‌തമായിട്ടുണ്ട്‌. ഇവരുടെ പേരുകള്‍ അന്വഷണ ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല.

ബിനീഷ്‌ സഹകരിച്ച സിനിമകളുടെ വിവരങ്ങളും അന്വേഷണ ഏജന്‍സികള്‍ തേടുന്നുണ്ട്‌. മലയാളത്തിലെ പല സിനിമകള്‍ക്കും ബിനീഷ്‌ നിര്‍മാതാക്കളെ തരപ്പെടുത്തി നല്‍കിയതായും സൂചനയുണ്ട്‌. നിഴല്‍ നിര്‍മാതാക്കളെന്നാണ്‌ ഇവരെ വിളിക്കുന്നത്‌.

യഥാര്‍ഥത്തില്‍ പണം മുടക്കുന്ന ഇവര്‍ ഒരിക്കലും വെളിച്ചത്തുവരാറില്ല. ഇവര്‍ ആരൊക്കെയെന്ന്‌ ഇടനിലക്കാര്‍ക്കു മാത്രം അറിയാവുന്ന രഹസ്യമാണ്‌. ലഹരിമാഫിയ ബന്ധമുള്ളവരും സ്വര്‍ക്കടത്തുകാരും കള്ളപ്പണം വെളുപ്പിക്കാന്‍ സിനിമയെ മറയാക്കിയെന്നാണു വിവരങ്ങള്‍.

Leave A Reply

error: Content is protected !!