മലപ്പുറം ജില്ലയില്‍ 91 പേര്‍ക്ക് കൂടി കോവിഡ്; സമ്പര്‍ക്കത്തിലൂടെ 78 പേര്‍ക്ക് വൈറസ് ബാധ

മലപ്പുറം ജില്ലയില്‍ 91 പേര്‍ക്ക് കൂടി കോവിഡ്; സമ്പര്‍ക്കത്തിലൂടെ 78 പേര്‍ക്ക് വൈറസ് ബാധ

മലപ്പുറം:  ജില്ലയില്‍ വ്യാഴാഴ്ച 91 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. 78 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഏഴ് പേര്‍ക്ക് ഉറവിടമറിയാതെയാണ് കോവിഡ് 19 ബാധിച്ചത്. വ്യാഴാഴ്ച  രോഗം സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന രണ്ട് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. അതേ സമയം 210 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം വ്യാഴാഴ്ച രോഗമുക്തരായി. ഇതുവരെ 7,469 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.

ഇക്കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രോഗബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് ഇന്നുണ്ടായിരിക്കുന്നത്. ഇത് ആശ്വസകരമാണെന്നും വൈറസ് വ്യാപനം തടയാന്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കൃത്യമായ ആസൂത്രണത്തോടെയാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും മുന്നോട്ട് പോകുന്നതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടത്തുന്ന രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണതയിലെത്തിക്കാന്‍ ജനപങ്കാളിത്തവും ആരോഗ്യ ജാഗ്രതയും അനിവാര്യമാണ്. ഇക്കാര്യത്തില്‍ വിട്ടുവീഴ്ച പാടില്ലെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു.

46,966 പേര്‍ നിരീക്ഷണത്തില്‍

46,966 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതര ജില്ലക്കാരുള്‍പ്പെടെ 2,263 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 2,172 പേരാണ് മലപ്പുറം ജില്ലക്കാരായുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 341 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 1,270 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്. ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ വിഭാഗങ്ങളിലുള്‍പ്പടെ ജില്ലയില്‍ ഇതുവരെ പരിശോധനക്കയച്ച 97,319 സാമ്പിളുകളില്‍ 1,251 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.  ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

Leave A Reply

error: Content is protected !!