ബാലഭാസ്‌കറിന്റെ മരണം; നുണ പരിശോധനയ്‌ക്ക് തയ്യാറാറെന്ന് കലാഭവൻ സോബി

ബാലഭാസ്‌കറിന്റെ മരണം; നുണ പരിശോധനയ്‌ക്ക് തയ്യാറാറെന്ന് കലാഭവൻ സോബി

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട സമയത്ത് ഒരു പ്രമുഖ കലാകാരനും സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്ന് കലാഭവൻ സോബി. നുണ പരിശോധനയ്‌ക്ക് താൻ തയ്യാറാണെന്നും സോബി സി.ബി.ഐയെ അറിയിച്ചു. 2018 സെപ്റ്റംബർ 25ന് താൻ ചാലക്കുടിയിൽ നിന്ന് തിരുനെൽവേലിയിലേക്ക് കാറിൽ പോകുന്നതിനിടെ പള്ളിപ്പുറം എത്തുന്നതിന് ഏകദേശം 3 കിലോമീറ്റർ മുമ്പ് പെട്രോൾ പമ്പിനടുത്തു വച്ച് ബാലഭാസ്കറിന്റെ കാർ ആക്രമിക്കപ്പെട്ടതു കണ്ടെന്നാണു സോബിയുടെ പുതിയ മൊഴി.

മംഗലപുരം കുറക്കോടുള്ള പമ്പിനകത്ത് കാറിൽ വിശ്രമിക്കുമ്പോൾ പുറത്ത് വെളുത്ത കാറിൽ കുറച്ചു പേർ മദ്യപിച്ചിരിക്കുന്നത് താൻ കണ്ടു. അതുവഴി വന്ന നീല ഇന്നോവ കാർ അവിടെ നിർത്തി. മദ്യപിച്ചിരുന്നവർ ഇരുമ്പു വടിയുമായി കാറിനടുത്തെത്തി സംസാരിക്കുകയും പിന്നിലെ ഗ്ലാസ് അടിച്ചു തകർക്കുകയും ചെയ്തു. കാറിന്റെ മുന്നിൽ ഇടതുവശത്തെ സീറ്റിൽ ഒരാൾ തല കുനിച്ചിരിക്കുന്നതും കണ്ടു. നീല കാർ വേഗത്തിൽ മുന്നോട്ടെടുത്തു. അപ്പോൾ സമയം പുലർച്ചെ മൂന്നരയായിരുന്നു. നാലിന് താൻ വീണ്ടും യാത്ര പുറപ്പെട്ടു. പള്ളിപ്പുറത്തെത്തിയപ്പോൾ നീല കാർ മരത്തിൽ ഇടിച്ചു മറിഞ്ഞ നിലയിലായിരുന്നു. വാഹനം വഴിയരികിൽ ഒതുക്കിയപ്പോൾ വടിവാളും ആയുധങ്ങളുമായി ചിലർ അടുത്തെത്തി മുന്നോട്ടുപോകാൻ ആവശ്യപ്പെട്ടു.

ഇപ്പോൾ സ്വർണക്കടത്ത് കേസിൽ പിടിയിലായ സരിത്ത് അപ്പോൾ അവിടെ ഉണ്ടായിരുന്നുവെന്നും സോബി സി.ബി.ഐയെ അറിയിച്ചു.

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് വെളിപ്പെടുത്തിയ കലാഭവൻ സോബിയുമായി സി.ബി.ഐ ഉദ്യോഗസ്ഥർ വിവിധയിടങ്ങളിൽ തെളിവെടുപ്പു നടത്തി. അപകടത്തിന് മുമ്പ് ബാലഭാസ്കറിന്റെ കാർ ആക്രമിക്കപ്പെട്ടിരുന്നെന്ന സോബിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സോബി ക്രൈംബ്രാ‍ഞ്ചിന് നൽകിയ മൊഴിയിൽ ഇങ്ങനെ പറഞ്ഞിരുന്നില്ല. അപകടം നടന്ന കാറിൽ നിന്നു ചില പെട്ടികൾ മറ്റൊരു വാഹനത്തിൽ കയറ്റിയത് കണ്ടെന്ന പഴയ മൊഴി മാറ്റുകയും ചെയ്തു. എന്നാൽ പമ്പ് ജീവനക്കാരും സംഭവസ്ഥലത്ത് ആദ്യമെത്തിയ പൊലീസുകാരും രക്ഷാപ്രവർത്തകരും ഇതു തള്ളി.

സോബി വിശ്രമിച്ചതായി പറയുന്ന പമ്പിലെ ജീവനക്കാർ രാത്രി 11ന് ശേഷം പമ്പ് പ്രവർത്തിച്ചിരുന്നില്ലെന്നും അവിടെ വെളിച്ചമില്ലെന്നും സി.ബി.ഐയെ അറിയിച്ചു. അപകടം നടന്ന് മിനിറ്റുകൾക്കകം സ്ഥലത്തെത്തിയ കെ.എസ്.ആർ.ടി.സി ഡ്രൈവർ അജി, മംഗലപുരം സ്റ്റേഷനിലെ പൊലീസുകാർ എന്നിവരിൽ നിന്നും സി.ബി.ഐ വിവരം ശേഖരിച്ചു.

Leave A Reply

error: Content is protected !!