രാജ്യാന്തര ചലച്ചിത്രമേള നവംബറിൽ തന്നെ നടത്തുമെന്ന് ഗോവ മുഖ്യമന്ത്രി

രാജ്യാന്തര ചലച്ചിത്രമേള നവംബറിൽ തന്നെ നടത്തുമെന്ന് ഗോവ മുഖ്യമന്ത്രി

ഈ വർഷത്തെ രാജ്യാന്തര ചലച്ചിത്രമേളയിൽ മാറ്റമുണ്ടാകില്ല, നിശ്ചയിച്ച പ്രാകാരം തന്നെ നടക്കുമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. മുൻവർഷങ്ങളിലേത് പോലെ നവംബർ അവസാനവാരം മേള നടത്തുമെന്ന് മുഖ്യമന്ത്രി മാധ്യമപ്രവർത്തകരോടു പറഞ്ഞു.

ഈ വര്‍ഷത്തെ ഐഎഫ്എഫ്ഐയുടെ പോസ്റ്റര്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം പുറത്തിറക്കിയിരുന്നുവെങ്കിലും ഇത്തവണത്തെ മേളയെക്കുറിച്ച് മറ്റു വിശദീകരണങ്ങളൊന്നും നല്‍കിയിരുന്നില്ല. എന്നാല്‍ ഇന്ത്യന്‍ പനോരമ, അന്തര്‍ദേശീയ വിഭാഗങ്ങളിലേക്ക് സിനിമകള്‍ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് വാര്‍ത്താവിതരണ മന്ത്രാലയം ചൊവ്വാഴ്ച പുറപ്പെടുവിച്ചിട്ടുണ്ട്. ചലച്ചിത്രമേളയുടെ നടത്തിപ്പിനെക്കുറിച്ച് കേന്ദ്ര മന്ത്രാലയവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് മേളയുടെ സഹ നടത്തിപ്പുകാരായ എന്‍റര്‍ടെയ്ന്‍‍മെന്‍റ് സൊസൈറ്റി ഓഫ് ഗോവ അധികൃതര്‍ അറിയിച്ചിരുന്നു.

അതേസമയം, രാജ്യത്ത് കൊവിഡ് പ്രതിസന്ധി നിലനിൽക്കുന്ന സാഹചര്യത്തിൽ അതൃപ്തി അറിയിച്ച് പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്. ഐഎഫ്എഫ്‌ഐ നടത്തുക മാത്രമല്ല സംസ്ഥാനത്തിന്റെ ഉത്തരവാദിത്തം. അതുകൊണ്ട് തന്നെ തീരുമാനത്തിൽ നിന്നും പിൻവാങ്ങണമെന്നും പ്രതിപക്ഷം വാദമുയർത്തി. നിലവിലെ സാമ്പത്തിക സ്ഥിതി മോശമാണ്. 20 മുതൽ 25 കോടി രൂപവരെയാണ് വർഷം തോറും മേളയ്ക്കായി ചെലവഴിക്കുന്നത്. പുറമേ നിന്നുള്ള സാമ്പത്തിക സഹായമില്ലാതെ മേള നടത്താൻ കഴിയില്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. മാത്രമല്ല, മേളകളും ആഘോഷങ്ങളും നടത്താൻ പറ്റിയ സമയമല്ലിതെന്നും പ്രതിപക്ഷനേതാവ് ദിഗംബർ കമ്മത് ട്വിറ്ററിലൂടെ നിലപാട് അറിയിച്ചു.

കൊവിഡ് പശ്ചാത്തലത്തില്‍ കാന്‍സ് ഉള്‍പ്പെടെ ലോകത്തിലെ പല പ്രധാന ചലച്ചിത്രമേളകളും ഈ വര്‍ഷം ഒഴിവാക്കപ്പെട്ടിരുന്നു. മറ്റുപല ചലച്ചിത്രോത്സവങ്ങളും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴിയും സംഘടിപ്പിക്കപ്പെട്ടിരുന്നു.

Leave A Reply

error: Content is protected !!