മരുന്നുകഞ്ഞിയുടെ ഗുണങ്ങള്‍

മരുന്നുകഞ്ഞിയുടെ ഗുണങ്ങള്‍

ഇരുപതോളം ഔഷധങ്ങൾ ചേർത്ത് തയ്യാറാക്കുന്നതാണ് മരുന്നുകഞ്ഞി. ഔഷധക്കൂട്ടും അതിനനുസൃതമായ വെള്ളവും ശരീര ഊർജത്തിനുള്ള നെല്ലരിയും ചേർത്ത് തയാറാക്കുന്നതാണിത്. ദഹനത്തെ ദീപ്തമാക്കുന്നതാണ് കർക്കടക കഞ്ഞിയിൽ ചേർക്കുന്ന ഔഷധങ്ങൾ. ശരീരത്തിന്റെ ഓരോ കോശത്തെയും അതിന്റെതായ രീതിയിൽ സംരക്ഷിക്കാൻ ഉതകുന്നതുമാണ്. വേഗത്തിൽ ദഹനം നടക്കുന്ന കഞ്ഞിക്കൊപ്പം മരുന്നു ചേരുവകളും കൂടിയാകുമ്പോൾ ശരീരത്തിന് രോഗപ്രതിരോധ ലഭിക്കുന്നു.

കുറന്തോട്ടി, കരിങ്കുറിഞ്ഞി, ദേവതാരം ഇവ 50 ഗ്രാം വീതമെടുത്ത് ചതയ്ക്കുക. നാലു ലിറ്ററിൽ കഷായംവച്ച് രണ്ടു ലിറ്ററായി പിഴിഞ്ഞെടുക്കുക. പിഴിഞ്ഞെടുത്ത കഷായത്തിൽ 60 ഗ്രാം ഞവര അരി വേവിക്കുക. ആവശ്യമുള്ളവർക്ക് ഗോതമ്പും എള്ളും കൂടി ചേർക്കാം. അങ്ങനെയാണെങ്കിൽ 30 ഗ്രാം ഞവര അരിയും 15 ഗ്രാം വീതം എള്ളും ഗോതമ്പും ചേർക്കാം. അസ്ഥി തേയ്മാനം ഉള്ളവർക്ക് എള്ളും പ്രമേഹക്കാർക്ക് ഗോതമ്പും ചേർക്കുന്നത് ഉത്തമം.

കഞ്ഞി വേവുന്നതോടെ അതിൽ ആട്ടിൻപാലോ പശുവിൻപാലോ അല്ലെങ്കിൽ രണ്ടും സമമായോ ചേർക്കാം. ഇതു വീണ്ടും തിളപ്പിക്കണം. ഇതിൽ അരവു മരുന്നുകൾ ചേർക്കണം.

ജീരകം, കരിംജീരകം, മഞ്ഞൾ, ശതകുപ്പ, ഉലുവ, അയമോദകം, ആശാളി, കക്കുംകായ, കടുക്, കുരുമുളക്, നാളികേരം ചിരകി വറുത്തത്, ചെറിയ ഉള്ളി, വെളുത്തുള്ളി, ഇന്തുപ്പ് എന്നിവയാണ് അരവു മരുന്നുകൾ. ഇവ പാകത്തിന് അരച്ചു കഞ്ഞിയിലിട്ടു വീണ്ടും തിളപ്പിക്കുക. ചെറിയ ഉള്ളി നെയ്യിലോ വെളിച്ചെണ്ണയിലോ മൂപ്പിച്ച് തയാറാക്കിയ കഞ്ഞി വറവിടുക. സാധാരണ രാവിലെ പത്തിനും വൈകിട്ട് ഏഴിനുമാണ് മരുന്നുകഞ്ഞി കഴിക്കുന്നത്.

പഥ്യം : പച്ചവെള്ളം, വളരെ കട്ടിയുള്ള ആഹാരങ്ങൾ എന്നിവ കഴിക്കരുത്. വെയിൽ കൊള്ളുന്നതും കാറ്റുകൊള്ളുന്നതും ആയാസമുള്ള ജോലി ചെയ്യുന്നതും ഫലം കുറയ്ക്കും. അസിഡിറ്റി, മൂലക്കുരു ഉള്ളവരും വൈദ്യരുടെ നിർദേശപ്രകാരം മാത്രം മരുന്നുകഞ്ഞി കുടിക്കുക. പകൽ ഉറക്കം അരുത്. മരുന്നുകഞ്ഞി 21 അല്ലെങ്കിൽ 28 ദിവസം കഴിക്കണം.

Leave A Reply

error: Content is protected !!