കലങ്ങി മറിഞ്ഞ മലമ്പുഴ ഡാം മഴ കുറഞ്ഞതോടെ തെളിഞ്ഞു തുടങ്ങി

കലങ്ങി മറിഞ്ഞ മലമ്പുഴ ഡാം മഴ കുറഞ്ഞതോടെ തെളിഞ്ഞു തുടങ്ങി

പാലക്കാട് :∙ മലമ്പുഴ ഡാം മഴ കുറഞ്ഞതോടെ തെളിഞ്ഞു തുടങ്ങി. ഒപ്പം മലമ്പുഴയിൽ നിന്നുള്ള ശുദ്ധജല വിതരണവും. കനത്ത മഴയിൽ വനമേഖലകളിൽ നിന്നു ജലം കുത്തിയൊലിച്ച് എത്തിയതോടെ മലമ്പുഴ ആകെ കലങ്ങി മറിഞ്ഞു. ശുദ്ധജല വിതരണവും ‘കലങ്ങി’. ദിവസങ്ങളായി ചെളികലർന്ന ജലമാണു നഗരത്തിലും പരിസരത്തും ലഭിക്കുന്നത്. മഴയുടെ ശക്തി കുറഞ്ഞതോടെ ഡാമിലെ കലക്കവും കുറഞ്ഞു തുടങ്ങി. മഴ നിന്നാൽ രണ്ടോ, മൂന്നോ ദിവസത്തിനകം വെള്ളം പൂർണതോതിൽ തെളിയുമെന്നാണു ജല അതോറിറ്റിയുടെ പ്രതീക്ഷ.

ഡാം കലങ്ങി മറിഞ്ഞതോടെ വെള്ളത്തിൽ ചെളിയുടെ അളവ് ഇത്തവണ 20 മുതൽ 27 യൂണിറ്റ് വരെയായി ഉയർന്നു. മുൻവർഷങ്ങളിൽ ഇത് ഇരട്ടിയായിരുന്നു. ശുദ്ധജലത്തിൽ 5 യൂണിറ്റിൽ താഴെയായിരിക്കും ചെളിയുടെ അംശം. ഇതിനായി സൂപ്പർ ക്ലോറിനേഷൻ വരെ നടത്തിയാണു ജല അതോറിറ്റി ശുദ്ധജലം വിതരണം ചെയ്യുന്നത്. മലമ്പുഴയിൽ നിലവിൽ ചെളിയുടെ അംശം 8 യൂണിറ്റാണ്. കൂടുതൽ ചെളി കലരാതിരിക്കാൻ ഡാമിൽ നിന്നു ജലമെടുക്കുന്നത് മധ്യത്തിലുള്ള വാൽവ് വഴിയാക്കി.

വൻതോതിൽ ചെളിയടിഞ്ഞു ഫിൽട്ടർ പ്ലാന്റുകളുടെ പ്രവർത്തനം തടസ്സപ്പെടുന്നത് ഒഴിവാക്കാൻ ചില സമയങ്ങളിൽ വെള്ളം പമ്പ് ചെയ്യുന്നത് നിയന്ത്രിക്കേണ്ടി വരുന്നുണ്ട്. മലമ്പുഴ ഡാമിൽ നിന്ന് പമ്പ് ചെയ്തെടുക്കുന്ന വെള്ളം ഫിൽട്ടർ പ്ലാന്റിലെത്തിച്ചു ശുദ്ധീകരിച്ച ശേഷമാണു നഗരത്തിലും പരിസരത്തും വിതരണം ചെയ്യുന്നത്. ഇതിനായി മലമ്പുഴയിൽ 12.5 ദശലക്ഷം ലീറ്റർ (എംഎൽഡി) ശേഷിയുള്ള രണ്ടും 9 എംഎൽഡിയുടെ ഒരു ഫിൽട്ടർ പ്ലാന്റും പ്രവർത്തിക്കുന്നുണ്ട്.

12.5 എംഎൽഡിയുടെ ഒരു പ്ലാന്റിൽ ദ്വിതല ശുദ്ധീകരണ സംവിധാനം ഉണ്ട്. ഇത് ശുദ്ധീകരണം എളുപ്പത്തിലാക്കുന്നു. 9 എംഎൽഡി പ്ലാന്റിലും ദ്വിതല ശുദ്ധീകരണ സംവിധാനത്തിനു ധാരണയായിട്ടുണ്ട്. മലമ്പുഴ ഡാം സ്രോതസ്സായ പുതുശ്ശേരിയിലെ 2 പ്ലാന്റുകളിലും ദ്വിതല ശുദ്ധീകരണ രീതിയാണ്. ഇതിൽ നിന്നാണ് പുതുശ്ശേരി, വടകരപ്പതി പഞ്ചായത്തുകളിലേക്ക് ജലം എത്തിക്കുന്നത്.

Leave A Reply

error: Content is protected !!